തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച രാഹുൽഗാന്ധിയെ കടന്നാക്രമിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ.
എന്തിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയനെ അറസ്റ്റുചെയ്യേണ്ടതെന്ന് ചോദിച്ച അദ്ദേഹം, രാഹുലിന് പക്വത ഇല്ലെങ്കിൽ കോൺഗ്രസിലെ അറിവുള്ള, അനുഭവസ്ഥരായ നേതാക്കൾ ഉപദേശിച്ചുകൊടുക്കണമെന്നും പറഞ്ഞു.സ്വർണ കരണ്ടിയിൽ പാലുകുടിച്ച് വളർന്ന ആളോ വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കിയ പാൽപ്പൊടി പാൽ കുടിച്ച് വളർന്നയാളോ അല്ല പിണറായി.
ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി വളർന്നുവന്നതാണ്. രാഹുൽഗാന്ധിയെ പോലെയല്ല പിണറായി വിജയൻ. ആർഎസ്എസ് തലയ്ക്ക് വിലയിട്ട നേതാവാണ് പിണറായിയെന്നും ഇ.പി പറഞ്ഞു.
എ.സി ബസ്സിൽ യാത്ര നടത്തിയാൽ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാവില്ല. ബിജെപിയെയും ആർഎസ്എസിനെയും തൃപ്തിപ്പെടുത്തി വയനാട്ടിൽ സുഖമായി ജയിച്ചുകയറാനാണ് രാഹുലിന്റെ ഇത്തരം പ്രസ്താവനകൾ.
നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത്. രാഹുൽ ഇക്കാര്യം സ്വയം ചോദിക്കണം. രാഹുലിന്റെ പ്രസ്താവന അപഹാസ്യമാണെന്നും ഒരു ദേശീയ നേതാവ് ഇതാണെങ്കിൽ എങ്ങനെ കോൺഗ്രസ് രക്ഷപ്പെടുമെന്നാണ് കേരള ജനത ചോദിച്ചുകൊണ്ടിരിക്കുന്നതെന്നും ഇ.പി വിമർശിച്ചു.
കല്യാശ്ശേരിയിൽ പോളിങ് ഉദ്യോഗസ്ഥകർ വീട്ടിലെത്തി വോട്ടുചെയ്യിപ്പിക്കുന്നതിനിടെ സിപിഎം പ്രാദേശിക നേതാവ് ഇടപെട്ട സംഭവത്തെകുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ജയരാജന്റെ മറുപടി.
''85 വയസ് കഴിഞ്ഞ് കണ്ണ് കാണുന്നില്ലെങ്കിൽ പരസഹായം തേടി അവർക്ക് വോട്ടുചെയ്യാനുള്ള അവകാശം ഉണ്ട്. എന്നാൽ കല്യാശ്ശേരിയിൽ എന്താണ് സംഭവിച്ചതെന്നോ പരസഹായം തേടിയതാണോ അവരുടെ ബന്ധുക്കളാണോ ഇതൊന്നും എനിക്ക് അറിയില്ല'', ഇ.പി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.