തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ബിജെപിയുമായി ചർച്ചനടത്തിയെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ.
ഇ.പി. ജയരാജനേയും തന്നേയും മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ വന്നുകണ്ടെന്നും ഇടതിന്റെ സഹായമുണ്ടെങ്കിൽ ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാമെന്ന് അദ്ദേഹം ഇ.പിയോട് പറഞ്ഞതായും നന്ദകുമാർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.ഞങ്ങൾക്ക് കേരളത്തിൽ രക്ഷയില്ലെന്ന് ജാവദേക്കർ പറഞ്ഞപ്പോൾ രക്ഷയില്ലെന്ന് ഇ.പി മറുപടി നൽകി. എന്നാൽ, ബിജെപിയെ സഹായിച്ചാൽ പകരമായി എസ്എൻസി ലാവലിൻ കേസ് ഞങ്ങൾ ഇല്ലാതാക്കുമെന്നും സ്വർണക്കള്ളക്കടത്ത് കേസ് അവസാനിപ്പിക്കുമെന്നും ജാവദേക്കർ ജയരാജന് ഉറപ്പുകൊടുത്തു.
അഡ്ജസ്റ്റ്മെന്റിന് വിധേയമാകാമോയെന്നും അമിത് ഷാ വന്ന് ഇക്കാര്യങ്ങളിൽ ഉറപ്പുതരുമെന്നും ജാവദേക്കർ ഇ.പിയോട് പറഞ്ഞതായും നന്ദകുമാർ ആരോപിച്ചു.
'വൈദേകം' റിസോർട്ടിനേക്കുറിച്ചുള്ള പരാമർശമുണ്ടായപ്പോൾ, ആ വിഷയത്തിൽ തനിക്ക് ഒന്നും പേടിക്കാനില്ലെന്നും അക്കാര്യം പറഞ്ഞ് വിലപേശൽ വേണ്ടെന്നും ഇ.പി പറഞ്ഞു. ഇതോടെ സുരേഷ് ഗോപിയെ എങ്ങനെയെങ്കിലും ജയിപ്പിച്ചെടുക്കണമെന്ന് ജയരാജനോട് ജാവദേക്കർ ആവശ്യപ്പെട്ടു.
എന്നാൽ, അത് കേരളത്തിൽ നടക്കില്ലെന്ന് ഇ.പി വ്യക്തമാക്കി. സിപിഎം അല്ല, ഘടകകക്ഷിയായ സിപിഐ ആണ് അവിടെ മത്സരിക്കുന്നതെന്നും അഡ്ജസ്റ്റ്മെന്റ് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയെ മാറ്റാമോയെന്ന് ഇ.പി ചോദിക്കുകയും പറ്റില്ലെന്നു ജാവദേക്കർ പറയുകയും ചെയ്തു.
ഇതോടെ ചർച്ച പരാജയപ്പെട്ടു. പിന്നീട് നാലുതവണ ജാവദേക്കറുമായി താൻ ചർച്ചനടത്തിയെന്നും പിണറായി വിജയന്റെ സംരക്ഷകനായാണ് ഇ.പി വന്നതെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.