അടിമാലി: നടുവേലില്‍ കിഴക്കേതില്‍ ഫാത്തിമയെ (70) കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ യുവാവും പെണ്‍സുഹൃത്തും അറസ്റ്റില്‍. ഫാത്തിമയുടെ സ്വര്‍ണാഭരണങ്ങള്‍ എടുക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം.
കൊല്ലം കിളിക്കൊല്ലൂര്‍ എം.ജി.നഗര്‍ സേവ്യര്‍ ക്വാര്‍ട്ടേഴ്സില്‍ അലക്സ് (35), സുഹൃത്തും സഹപാഠിയുമായ കൊല്ലം ഡീസന്റ്മുക്കില്‍ കല്ലുവിളക്കുന്നേല്‍ കവിത സുബേഷ് (34) എന്നിവരാണ് അറസ്റ്റിലായത്. പോക്സോ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയവരാണ് പ്രതികള്‍.ശനിയാഴ്ച വൈകീട്ടായിരുന്നു കൊലപാതകം. ഫാത്തിമയുടെ ഭര്‍ത്താവ് കാസിം മരിച്ചതാണ്. ഫാത്തിമയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടിട്ട്, ആ വീടിനുസമീപത്ത് ഇവര്‍ വാടകയ്ക്ക് താമസസ്ഥലം അന്വേഷിച്ചു.
ശനിയാഴ്ച ഉച്ചയോടെ ഫാത്തിമയുടെ വീടിനുസമീപം എത്തിയ പ്രതികള്‍ മകന് സുബൈര്‍ വീട്ടില്‍നിന്നു പോകുന്നതുവരെ സമീപത്തെ വീടുകളില്‍ സംസാരിച്ചിരുന്നു. മകന് പോയപ്പോള്‍ വെള്ളം ആവശ്യപ്പെട്ട് ഫാത്തിമയുടെ വീട്ടിലെത്തി.
വെള്ളം എടുക്കുവാന്‍ മുറിയിലേക്ക് പോയപ്പോള്‍ കവിതയും അലക്സും ചേര്‍ന്ന് ഫാത്തിമയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു.
മാലയും രണ്ട് വളയും ലോക്കറ്റും മൊബൈല്‍ ഫോണും കവര്‍ന്നു. ആഭരണങ്ങള്‍ ടൗണിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ അറുപതിനായിരം രൂപയ്ക്ക് പണയംവെച്ചു.ടാക്സിയില്‍ കോതമംഗലത്തേക്ക് കടന്നു. അവിടെനിന്നു എറണാകുളത്തെത്തി റൂമെടുത്ത് താമസിച്ചു.
ഇതിനിടെ, തങ്ങളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടതായി പ്രതികള്‍ അറിഞ്ഞു. പിന്നീട് തൃശ്ശൂരിലെ ബാര്‍ബര്‍ഷോപ്പില്‍ കയറി മുടിവെട്ടി രൂപവ്യത്യാസം വരുത്തി. തുടര്‍ന്ന് ബസില്‍ തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴല്‍മന്ദത്തുവെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന്റെ നിര്‍ദേശപ്രകാരം ഇടുക്കി ഡിവൈ.എസ്.പി. സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ അടിമാലി എസ്.എച്ച്.ഒ. ജോസ് മാത്യു, മുരിക്കാശേരി എസ്.എച്ച്.ഒ. അനില്‍കുമാര്‍, എസ്.ഐ.മാരായ സി.എസ്. അഭിറാം, ഉദയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടിച്ചത്.
ഇടുക്കി മുരിക്കാശ്ശേരി സ്വദേശിനിയായ പാലക്കാട് എ.എസ്.പി. അശ്വതി ജിജിയും പ്രതികളെ പിടികൂടുന്നതിന് സംഘത്തെ സഹായിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.