കോഴിക്കോട്∙ നഗരത്തിൽ ഓട്ടോറിക്ഷ ഡ്രൈവറെ യുവാവ് വെട്ടിക്കൊലപ്പെടുത്തിയത് അമ്മയോട് അപമര്യാദയായി പെരുമാറിയതിന്റെ പകയിലെന്നു പൊലീസ്.
വെള്ളയിൽ സ്വദേശി ശ്രീകാന്ത് (കാന്തൻ – 44) കൊല്ലപ്പെട്ട കേസിൽ ധനേഷ് (33) ആണ് പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലർച്ചെ അഞ്ചേമുക്കാലോടെയാണ് പണിക്കർറോഡ് -ഗാന്ധിറോഡ് റോഡിൽ കണ്ണൻകടവിൽ ശ്രീകാന്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.തലേന്ന് പുലർച്ചെ പന്ത്രണ്ടരയോടെ കേരളാസോപ്സിന്റെ പിന്നിലെ ഗെയിറ്റിന് സമീപം പാർക്ക് ചെയ്ത ശ്രീകാന്തിന്റെ കാർ പെട്രോളൊഴിച്ച് കത്തിച്ചിരുന്നു. അതിന് വെള്ളയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പിറ്റേന്ന് അതേ സ്ഥലത്തുതന്നെ ശ്രീകാന്ത് കൊല്ലപ്പെടുന്നത്.
റോഡിന്റെ എതിർവശത്താണ് മൃതദേഹം കണ്ടത്. സിറ്റി പൊലീസ് കമ്മിഷണർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ഇരു സംഭവങ്ങൾക്ക് പിന്നിലും ഒരേ പ്രതികളായിരിക്കുമെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
നിരവധി സിസിടിവി ക്യാമറ ദൃശ്യങ്ങളുടെയും മറ്റു ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയിലേക്കെത്തിയത്. കൊല്ലപ്പെട്ട ശ്രീകാന്ത്, പ്രഭുരാജ് വധക്കേസുൾപ്പെടെ ഒന്നിലധികം കേസുകളിൽ പ്രതിയായിരുന്നു.
അത്തരം കേസുകളുമായി ബന്ധപ്പെട്ട ആരെങ്കിലുമായിരിക്കുമോ കൃത്യത്തിന് പിന്നിലെന്ന് സംശയിച്ചെങ്കിലും അന്വേഷണത്തിൽ അല്ലെന്ന് ബോധ്യമായി. പിന്നീട് ശ്രീകാന്തുമായി ശത്രുതയുള്ളവരെ കുറിച്ച് അന്വേഷിച്ചു വരവെ, സിസിടിവി ദൃശ്യങ്ങളിൽ ഒരു സ്കൂട്ടറിന്റെ സാന്നിധ്യം മനസ്സിലാവുകയും പ്രതിയെ കുറിച്ച് സൂചന ലഭിക്കുകയും ചെയ്തു.
കൂടുതൽ അന്വേഷണത്തിൽ ധനേഷിന്റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതും മറ്റുമുള്ള വിവരം ലഭിച്ചു. 27ന് പുലർച്ചെ കാർ കത്തിച്ചിട്ടും പക തീരാത്ത ധനേഷ് രാത്രി ഹാർബറിൽ മദ്യപിച്ചുകൊണ്ടിരുന്ന ശ്രീകാന്തിനെയും ഓട്ടോയിൽ ഒപ്പമുണ്ടായിരുന്ന ജിതിനെയും കണ്ടു.
പിന്നീട് മൂന്നു മണിയോടെ വീട്ടിൽപോയ ധനേഷ്, ശ്രീകാന്തിനെ വകവരുത്താൻ തയാറായി തിരികെ ഹാർബറിലേക്ക് വന്നെങ്കിലും ശ്രീകാന്തിന്റെ സുഹൃത്തുക്കൾ ഉള്ളതിനാൽ അവസരത്തിനായി കാത്തുനിന്നു. അഞ്ചരയോടെ ഓട്ടോയിൽ ശ്രീകാന്ത് പുറത്തേക്ക് പോകുന്നതുകണ്ട് പിന്നാലെ പോയി ഓട്ടോ നിർത്തി വിശ്രമിക്കുമ്പോൾ വെട്ടിക്കൊല്ലുകയായിരുന്നു.
മൽപ്പിടുത്തത്തിനിടെ റോഡിന്റെ എതിർവശത്ത് ഫുട്‌പാത്തിൽ വീണ ശ്രീകാന്തിന്റെ മരണം ഉറപ്പുവരുത്തിയതിന് ശേഷം വാഹനം സമീപത്തുള്ള ഇടവഴിയിലൂടെ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.
പ്രതിയുടെ ബന്ധുവാണ് കൊല്ലപ്പെട്ട ശ്രീകാന്ത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം നടത്തിയ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.