ന്യൂഡൽഹി:സംവരണ പരിധി 50 ശതമാനത്തിനു മുകളിലേക്കു വർധിപ്പിക്കും,
2025 മുതൽ കേന്ദ്ര സർക്കാർ നിയമനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തും എന്നതടക്കമുള്ള വാഗ്ദാനങ്ങളോടെ പ്രകടനപത്രിക കോൺഗ്രസ് പുറത്തിറക്കി.വിദ്യാർഥികളുടെ ബാങ്ക് വായ്പ എഴുതിത്തള്ളും, യുവാക്കൾക്ക് ഒരു ലക്ഷം രൂപ വാർഷിക വരുമാനത്തോടെ ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പ് അനുവദിക്കും, നിർധന കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ ഉറപ്പാക്കും,
സാമ്പത്തിക ദുർബല വിഭാഗക്കാർക്കുള്ള (ഇഡബ്ല്യുഎസ്) സംവരണത്തിനു ജാതി, മത വിവേചനം ഒഴിവാക്കും എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുൽ ഗാന്ധി നടത്തിയ 25 പ്രഖ്യാപനങ്ങളും ‘ന്യായ്പത്ര’ എന്ന പേരിൽ പുറത്തിറക്കിയ പ്രകടനപത്രികയിലുണ്ട്.
ജാതി സെൻസസ് നടത്തിയശേഷമാണ് സംവരണം ഉയർത്തുക. ജനപ്രതിനിധികളുടെ കൂറുമാറ്റം നിയന്ത്രിക്കാൻ ഭേദഗതി കൊണ്ടുവരും. കൂറുമാറുന്നവർ സ്വാഭാവികമായി അയോഗ്യരാകുമെന്നാണു ഭേദഗതി നിർദേശം.
ലോക്സഭയും രാജ്യസഭയും നിയന്ത്രിക്കുന്നവർ നിഷ്പക്ഷരാണെന്ന് ഉറപ്പാക്കും, നിയമങ്ങളെ പ്രതികാര നടപടിക്ക് ഉപയോഗിക്കുന്നതു തടയും, നിയമവിരുദ്ധ റെയ്ഡ്, ബുൾഡോസറുകൾ ഉപയോഗിച്ചുള്ള പ്രതികാര നടപടി അവസാനിപ്പിക്കും.
സ്വവർഗ ദമ്പതികളുടെ വിവാഹവും സഹവാസവും നിയമവിധേയമാക്കാൻ നിയമം കൊണ്ടുവരും, ഭിന്നശേഷി, ലൈംഗികാഭിമുഖ്യം എന്നിവയുടെ പേരിൽ വിവേചനം അനുവദിക്കില്ല.
ജമ്മു കശ്മീരിനു സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നു പ്രഖ്യാപനമുണ്ടെങ്കിലും പ്രത്യേക പദവിയെക്കുറിച്ചും പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ചും പൗരത്വ നിയമത്തെക്കുറിച്ചും പരാമർശമില്ല.
ഒപിഎസ് ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തോട് കേന്ദ്ര സർക്കാർ സമിതിയെ വച്ചിരിക്കുകയാണെന്നും അവരുടെ റിപ്പോർട്ട് വരാതെ അതേക്കുറിച്ചു പറയാനാകില്ലെന്നും പി.ചിദംബരം പ്രതികരിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രകടനപത്രിക രൂപീകരണ സമിതി അധ്യക്ഷൻ പി.ചിദംബരം,
സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.