ക്രൈസ്തവ ന്യൂനപക്ഷങ്ങളെ അകറ്റി നിറുത്തിയവർക്കുള്ള മറുപടിയായിരിക്കും തെരെഞ്ഞെടുപ്പ് ഫലം/ സീറോ മലബാർ സഭ അൽമായ ഫോറം

എറണാകുളം:രാജ്യത്തെ ഒരു ന്യൂനപക്ഷ സമുദായമെന്ന നിലയില്‍ ന്യൂനപക്ഷങ്ങള്‍ക്കായി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതികളില്‍ ജനസംഖ്യാനുപാതികമായ പങ്ക്‌ ക്രൈസ്തവസമൂഹങ്ങൾക്ക് ലഭ്യമാകാത്തതും,വാഗ്ദാനങ്ങൾ തെരെഞ്ഞെടുപ്പ് കാലത്തു മാത്രം ഒതുങ്ങി പോകുന്നതും ക്രൈസ്തവ ന്യൂനപക്ഷങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.അത്തരം കപട വാഗ്ദാനങ്ങൾക്കുള്ള തിരിച്ചടിയായിരിക്കും ലോക്‌സഭാ തെരെഞ്ഞെടുപ്പ് ഫലം.

മലയോര പ്രദേശങ്ങളിലെ വന്യജീവി അക്രമണങ്ങള്‍ തടയുന്നതിലെ കേരള സര്‍ക്കാരിന്റെ അനാസ്ഥയും ക്രിസ്ത്യാനികളുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോര്‍ട്ടിൽ നടപടിയെടുക്കാത്തതും ക്രൈസ്തവ സഭകളെ അലോസരപ്പെടുത്തുന്ന വിഷയങ്ങളാണ്.

റബ്ബറിന്റെ വില ഉയർത്തുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിച്ച അനാസ്ഥയും തെരെഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും.

മണിപ്പൂര്‍ കലാപവും വടക്കെ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ വർഗീയ  ശക്തികള്‍ നടത്തുന്ന ഓരോ അതിക്രമങ്ങളും ബിജെപിയില്‍ നിന്ന് ക്രിസ്ത്യാനികളെ അകറ്റിനിര്‍ത്തുന്ന ഘടകങ്ങളാണ്.തെലങ്കാന മദർ തെരേസാ സ്കൂളിൽ കഴിഞ്ഞ ദിവസങ്ങളിൽ  വർഗീയവാദികൾ അഴിഞ്ഞാടിയതും,സ്കൂൾ മാനേജരായ വൈദികനെ ക്രൂരമായി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ആർക്കാണ് എളുപ്പം മറക്കാൻ സാധിക്കുക?

കേരളത്തിലെ 20 മണ്ഡലങ്ങളിലെ 13 എണ്ണത്തിലും ക്രിസ്ത്യാനികൾ അടക്കം ന്യൂനപക്ഷ വോട്ടർമാരുടെ എണ്ണം 35 ശതമാനത്തിലധികമാണ്. ആറ് മണ്ഡലങ്ങളില്‍ ക്രൈസ്തവ വോട്ടര്‍മാര്‍ 20 ശതമാനത്തിലധികമുണ്ട്. 

ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ യഥാക്രമം 41 ശതമാനവും 39.6 ശതമാനവുമാണെന്നോർക്കണം.അതായത് കേരളത്തിൽ ന്യൂനപക്ഷങ്ങളെ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടു പോകാൻ രാഷ്ട്രീയപാർട്ടികൾക്ക് സാധിക്കില്ല.

തൊഴില്‍രഹിതരുടെ എണ്ണം ക്രൈസ്തവ സമൂഹത്തില്‍ കുതിച്ചുയരുന്നു എന്നത് ആശങ്കാജനകമാണ്.രാജ്യത്ത് എറ്റവും കൂടുതല്‍ തൊഴില്‍രഹിതരുള്ള വിഭാഗം ക്രൈസ്തവരാണ്.നാട്ടില്‍ തൊഴില്‍ചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു പ്രവാസികളാകാന്‍ വിധിക്കപ്പെടുന്നവരില്‍ നല്ലൊരു പങ്കും ക്രൈസ്തവ സമുദായത്തില്‍നിന്നാണ്.

ക്രൈസ്തവരില്‍ വളരെ വലിയ ഒരു വിഭാഗം കര്‍ഷകരും മത്സ്യത്തൊഴിലാളികളുമാണ്. കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ച, പ്രകൃതിക്ഷോഭം മൂലം കൃഷി നശിക്കുന്ന അവസ്ഥ എന്നിവമൂലം കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.ഇത്തരം കാര്യങ്ങളെ പരിഗണിക്കാതെ ക്രൈസ്തവ വോട്ടുകൾ തേടുന്നതിൽ എന്ത് ആത്മാർത്ഥതയാണ് ഉള്ളത്?

ക്രൈസ്തവ വിശ്വാസത്തെ നിരന്തരം അവഹേളിക്കുന്ന മാധ്യമ സാമൂഹ്യമാധ്യമ പ്രചാരണങ്ങളിലും പോലും ന്യൂനപക്ഷ ക്ഷേമവകുപ്പോ ന്യൂനപക്ഷ കമ്മീഷനോ ഇടപെട്ട് കണ്ടിട്ടില്ല. പിന്നെ ഇവര്‍ എന്തു സംരക്ഷണമാണ് ക്രൈസ്തവരുടെ തനിമയ്ക്കും വ്യക്തിത്വത്തിനും നല്‍കുന്നത്? മലയോര കർഷകരോ ക്രൈസ്തവ ന്യൂനപക്ഷ ജനവിഭാഗങ്ങളോ നേരിടുന്ന ഏതെങ്കിലും അടിസ്ഥാന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ  പ്രതികരിച്ചിട്ടുണ്ടോ? 

ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ നേരിയ ആശങ്കയെങ്കിലും പ്രകടിപ്പിച്ചോ? ക്രൈസ്തവരെ ബാധിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടി,കേവലം ക്രൈസ്തവ വോട്ടുകൾ നേടാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ശ്രമങ്ങൾക്കുള്ള തിരിച്ചടിയായിരിക്കും ലോക്‌സഭാ തെരെഞ്ഞെടുപ്പ് ഫലം.

ടോണി ചിറ്റിലപ്പിള്ളി,അൽമായ ഫോറം സെക്രട്ടറി

സീറോ മലബാർ സഭ,എറണാകുളം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !