തിരുവനന്തപുരം: പത്തനംതിട്ടയിൽനിന്ന് കാണാതായ ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് ജെയിംസ് ജോസഫ്.
സംശയമുള്ള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നൽകിയിട്ടും ആ ദിശയിൽ അന്വേഷണം നടത്താൻ സി.ബി.ഐ. തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ ആരോപണം.
സി.ബി.ഐ. സംഘം ശരിയായി കാര്യങ്ങൾ അന്വേഷിക്കുമെങ്കിൽ ജസ്‌നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന സുഹൃത്തിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറാണെന്നും ഹർജിയിൽ പറയുന്നു.സി.ബി.ഐ. പിന്നിലുണ്ടെന്ന് ബോധ്യമായാൽ അജ്ഞാത സുഹൃത്ത് തെളിവുകൾ നശിപ്പിക്കും. രഹസ്യസ്വഭാവത്തോടെ സി.ബി.ഐ. അന്വേഷിക്കാൻ തയ്യാറായാൽ അയാളുടെ ഫോട്ടോ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ നൽകാൻ തയ്യാറാണെന്നും ഹർജിയിൽ പറയുന്നു.
ജസ്‌ന രഹസ്യമായി വ്യാഴാഴ്ചകളിൽ പ്രാർഥനയ്ക്ക് പോയിരുന്ന സ്ഥലം കണ്ടെത്തിയതായും ജെയിംസ് ജോസഫ് അവകാശപ്പെട്ടു. ജസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. സി.ബി.ഐ. ആകെ സംശയിച്ചത് ജസ്‌നയുടെ സഹപാഠിയെയാണ്. കാണാതായതിന്റെ തലേദിവസം ജസ്‌നയ്ക്ക് ഉണ്ടായ അമിത രക്തസ്രാവത്തിന്റെ കാരണം കണ്ടെത്താനും സി.ബി.ഐ. ശ്രമിച്ചില്ല.
ആർത്തവം മൂലമാണോ ഗർഭകാലത്ത് ഉണ്ടാകാനിടയുള്ള അമിത രക്തസ്രാവമാണോ ഇതെന്ന് കണ്ടെത്താൻ ശ്രമിച്ചില്ല. ജസ്‌നയുടെ മുറിയിൽനിന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ശേഖരിച്ച രക്തംപുരണ്ട വസ്ത്രത്തെക്കുറിച്ചും സി. ബി.ഐ. അന്വേഷണം നടത്തിയില്ല.
ജെയിംസ് ജോസഫ് ഈ ആരോപണങ്ങൾ കോടതിയിൽ ഉന്നയിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാൻ സി.ബി.ഐ. പ്രോസിക്യൂട്ടർക്കായിരുന്നില്ല. വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനിൽനിന്ന് കോടതി നേരിട്ട് ചോദിച്ച് മനസ്സിലാക്കണമെന്നും പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.