തലസ്ഥാന വാസികള്‍ക്ക് എന്നും അഭിമാനം നൽകിയ വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച വലിയതുറ കടപ്പാലം ഇപ്പോൾ രണ്ടായി പിളർന്നു പൊട്ടി. പാലത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഇന്ന് പാലം കടല്‍ക്ഷോഭത്താല്‍ രണ്ടായി മാറിയിരിക്കുകയാണ്. ഇന്ന് രാവിലെയാണ് പാലം തകര്‍ന്ന് വീണത്.
കടലിലേക്ക് നില്ക്കുന്ന ഭാഗം കൂടുതല്‍ നീളമുള്ളതാണ്. ഈ ഭാഗം എപ്പോള്‍ വേണമെങ്കിലും കടലില്‍ മുങ്ങാം. കാരണം, കരയുമായി ബന്ധിപ്പിക്കപ്പെട്ട ഭാഗം മുറിഞ്ഞു കഴിഞ്ഞു. മാത്രമല്ല, പാലത്തിന്റെ ബീമുകള്‍ കടല്‍വെള്ളം കൊണ്ട് ഇളകിത്തുടങ്ങിയിട്ടുണ്ട്. ഉരുക്കില്‍ പണികഴിപ്പിച്ചതാണ് വലിയതുറ കടല്‍ പാലം. 660 അടി നീളവും എട്ടടിയോളം വീതിയും 45 ബീമുകളുമാണ് പാലത്തിനുള്ളത്. ശക്തമായ കടലാക്രമണത്തിന്റെ ഫലമായി വലിയ തുറ കടല്‍ പാലം വര്‍ഷങ്ങള്‍ക്കു മുമ്പ് താഴ്ന്നു പോയിട്ടുമുണ്ടായിരുന്നു.
കടലിലേക്ക് ഇറങ്ങി നില്ക്കുന്ന ഭാഗത്താണ് ഇപ്പോൾ പൊട്ടൽ വീണത്. പാലത്തിന്റെ പ്രധാന ഭാഗം കരയിലും, ഭൂരിഭാഗവും കടലിലുമായാണ് നില്‍ക്കുന്നത്. സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതു കൊണ്ട് അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍, പാലത്തിന്റെ പൊട്ടിയ ബാക്കിഭാഗം കടലില്‍ വീണിട്ടുണ്ട്. ഇത് മത്സ്യബന്ധത്തിന് പോകുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും.
സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചിരുന്ന പഴയ പാലത്തിന് തിരുവനന്തപുരത്തിന്റെ ചരിത്രവുമായി അഭേദ്യ ബന്ധമുണ്ട്. തിരുവനന്തപുരത്തു നിന്ന് 10 കിലോമീറ്റര്‍ ദൂരെയാണിത്. ഒരു കാലത്ത് പടിഞ്ഞാറന്‍ തീരത്തുള്ള ഏക തുറമുഖം ഇതായിരുന്നു. ഇപ്പോള്‍ ഇത് ഒരു മത്സ്യബന്ധന തുറമുഖമായാണ് കണക്കാക്കപ്പെടുന്നത്. വലിയതുറ ഗ്രേറ്റ് ഹാര്‍ബര്‍ എന്ന നിലയില്‍ വലിയതുറ വളരെക്കാലം മുന്‍പേ പ്രസിദ്ധമായിരുന്നു. വലിയതുറ കടല്‍പ്പാലം 1825ലാണ് (കൊല്ലവര്‍ഷം 1000) പണി കഴിപ്പിച്ചത്. കപ്പലുകള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മുതലേ ഇവിടെ അടുത്തിരുന്നതായി രേഖകളുണ്ട്. അക്കാലത്ത് യാത്രാസൗകര്യം കുറവായിരുന്നതിനാല്‍ വിഴിഞ്ഞം തുറമുഖത്തേക്കാള്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് വലിയതുറയെ ആശ്രയിച്ചിരുന്നിരിക്കാനാണ് സാധ്യത. വലിയതുറ പാലം പണികഴിപ്പിക്കുന്നതിന് മുമ്പും ആ ഭാഗത്ത് കപ്പല്‍ അടുത്തിട്ടുണ്ടാവണം. ഭൂമിയുടെ കിടപ്പനുസരിച്ച് ചില പ്രത്യേക സ്ഥലങ്ങളില്‍ കപ്പല്‍ അടുക്കാറുണ്ടായിരുന്നു.
ശംഖുമുഖം പാലം പണിയിച്ചത് 1000-ാമാണ്ടിലാണെന്ന് രേഖയുണ്ട്. വലിയതുറ പാലം എന്നല്ലാ ശംഖുമുഖം പാലം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 999ല്‍ തുടങ്ങിയ ഈ പണികള്‍ മൂന്നു വര്‍ഷം കൊണ്ടു പൂര്‍ത്തിയായി. പണ്ട് കയറ്റിറക്കുമതി നടന്നിരുന്ന തുറമുഖമായിരുന്നു ഇത്. 1947 നവംബര്‍ 23ന് എസ്.എസ് പണ്ഡിറ്റ് എന്ന ചരക്കുകപ്പല്‍ കപ്പല്‍ പാലത്തിലിടിച്ച് പാലം തകരുകയും നിരവധിപേര്‍ മരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ചരക്കു കടത്തല്‍ നിലച്ചു. പിന്നീട് 1956ലാണ് ഇന്നുള്ള കടല്‍പ്പാലം നിര്‍മ്മിച്ചത്.
വലിയതുറ പാലം അപകടാവസ്ഥയിലായതു കൊണ്ട് തുറമുഖവകുപ്പ് സന്ദര്‍ശനം നിരോധിച്ചുകൊണ്ട് പലത്തിന് സമീപത്ത് പരസ്യപലക സ്ഥാപിച്ചിട്ടുണ്ട്. എന്നാലും നിരവധി സന്ദര്‍ശകരും മീന്‍പിടുത്തക്കാരും പാലം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. പാലം സംരക്ഷിക്കാന്‍ വലിയതുറ ഇടവകയുടെയും മറ്റു സംഘടനകളുടെ നേതൃത്വത്തില്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തി. മാറിവന്ന സര്‍ക്കാരുകള്‍ മുഖവിലെക്കെടുത്തില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.