കൽപറ്റ; വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡന്റ് കെ. അരുണും യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാനും കീഴടങ്ങി.
കൽപറ്റ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് കീഴടങ്ങിയത്.കേസിൽ ഇനി എട്ടു പേരെയാണ് പിടികൂടാനുള്ളത്.എസ്എഫ്ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കൽമേട് സ്വദേശി എസ്. അഭിഷേക് (23), തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ് (20), എസ്.ഡി. ആകാശ് (22), ആർ.ഡി. ശ്രീഹരി, തൊടുപുഴ സ്വദേശി ഡോൺസ് ഡായ് (23), വയനാട് ബത്തേരി സ്വദേശി ബിൽഗേറ്റ്സ് ജോഷ്വ (23) എന്നിവരാണു നേരത്തെ പിടിയിലായത്.
ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സിദ്ധാർഥന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. വയനാട് എസ്പിയാണ് സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. കൽപറ്റ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
ഒരു ഡിവൈഎസ്പി കൂടി പ്രത്യേകസംഘത്തിൽ ഉൾപ്പെടും.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതി അഖിലിനെ പാലക്കാട് നിന്നു പൊലീസ് പിടികൂടിയിരുന്നു. കൂടാതെ വിദ്യാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റലിൽനിന്ന് 8 പേരെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയും ഇവരിൽ 6 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതികളായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരടക്കം 11 പേർ ഒളിവിലായിരുന്നു. അതേസമയം കേസിന്റെ അന്വേഷണ പുരോഗതി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഡിജിപി അറിയിച്ചു.പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്നും ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും ഗവർണറെ ഡിജിപി അറിയിച്ചു. സിദ്ധാർഥന്റെ കുടുംബം നൽകിയ പരാതി ഗവർണർ ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിനെ തുടർന്നാണു ഡിജിപി ഗവർണറെ വിശദാംശങ്ങള്‍ അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.