ലക്നൗ: ഉത്തർപ്രദേശിലെ ബുദൗണിലെ വീട്ടിൽ ക്രൂരമായി കൊല്ലപ്പെട്ട കുട്ടികളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. മുതുകിലും നെഞ്ചിലും കാലിലും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഒന്നിലധികം തവണ കുത്തേറ്റാണ് കുട്ടികളായ ആയുഷും അഹാനും കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബാബ കോളനിയിലെ വിനോദിൻ്റെ മൂന്ന് മക്കളിൽ ആയുഷ് (13), അഹാൻ (7) എന്നിവരാണ് കൊല്ലപ്പെട്ടത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച്, കുട്ടികളുടെ കാലുകളിൽ മുറിവുകളുണ്ട്. ഈ മുറിവുകൾ കുട്ടികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കുത്തിയതാകാമെന്നാണ് നിഗമനം. മുപ്പതോളം കുത്തുകളാണ് കുട്ടികളുടെ ശരീരത്തിലുള്ളത്. ക്രൂരമായ ആക്രമണത്തിനാണ് കുട്ടികൾ ഇരയായതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ബാബ കോളനിയിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന സാജിദ് എന്നയാളാണ് കേസിലെ പ്രതി. കുട്ടികളുടെ അച്ഛനായ വിനോദിന്റെ സുഹൃത്തായിരുന്നു സാജിദ്. ചൊവ്വാഴ്‌ച വൈകിട്ട് വിനോദിന്റെ വീട്ടിലെത്തിയ സാജിദ് വീട്ടുകാരോട് ചായ ചോദിച്ചു. വീട്ടുകാർ പുറത്തിറങ്ങിയതോടെ ഇയാൾ ടെറസിലെത്തി വിനോദിന്റെ മക്കളെ കൊലപ്പെടുത്തുകയായിരുന്നു.
രണ്ട് കുട്ടികളേയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തെ തുടർന്ന് നഗരത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചെങ്കിലും പിന്നീട് സ്ഥിതി നിയന്ത്രണവിധേയമായെന്ന് പൊലീസ് അറിയിച്ചു. അതിനിടെ, രക്ഷപ്പെടുന്നതിനിടെ പൊലീസിനെ ആക്രമിച്ച കൊലപാതകിയെ ഏറ്റുമുട്ടലിൽ വെടിവച്ചു കൊന്നതായി പൊലീസ് പറഞ്ഞു. കുട്ടികളുടെ പിതാവുമായുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രദേശത്ത് സമാധാനം നിലനിർത്തണമെന്ന് ബുദൗൺ ജില്ലാ മജിസ്‌ട്രേറ്റ് മനോജ് കുമാർ ആഹ്വാനം ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.