ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍.
പാകിസ്ഥാനില്‍ നിന്നുള്ളവരെ ഇവിടെ കുടിയിരുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. രാജ്യത്തെ തൊഴില്‍രഹിതരെയും ഭവനരഹിതരെയും കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. രാജ്യവികസനത്തിനായി ചെലവഴിക്കേണ്ട തുകയാണ് കേന്ദ്രസര്‍ക്കാര്‍ പാകിസ്ഥാനികളുടെ സ്ഥിരതാമസത്തിനായി ചെലവഴിക്കുന്നതെന്നും കെജരിവാള്‍ പറഞ്ഞു. പത്ത് വര്‍ഷം രാജ്യം ഭരിച്ച പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പൗരത്വഭേദഗതി നിയമം പാസാക്കിയത്. ഇത് വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ടുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ധാരാളം ന്യൂനപക്ഷങ്ങളെ നമ്മുടെ രാജ്യത്തേക്ക് കൊണ്ടുവന്ന് അവര്‍ക്ക് ഇവിടെ ജോലി നല്കി സ്ഥിരതാമസം നല്‍കുകയാണ് ഇതിലൂടെ ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്.
രാജ്യത്തെ യുവാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നല്‍കുന്നില്ല. ഭൂരിഭാഗം പേര്‍ക്കും വീടില്ല. എന്നാല്‍ പാകിസ്ഥാനികളെ ഇവിടെയെത്തിച്ച് അവര്‍ക്ക് വീട് നല്കാന് ബിജെപി ആഗ്രഹിക്കുന്നുവെന്ന് കെജരിവാള്‍ പറഞ്ഞു.
ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കുത്തൊഴുക്ക് രാജ്യത്തിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. ഏകദേശം മൂന്ന് കോടി ന്യൂനപക്ഷങ്ങളാണ് ഈ രാജ്യങ്ങളിലായി ഉള്ളത്. പൗരത്വഭേദഗതി നിയമത്തോടെ രാജ്യത്തേക്ക് വന്‍തോതില്‍ ജനമെത്തും.ഒന്നരക്കോടി ആളുകള്‍ ഇവിടെയെത്തിയാല്‍ അവരെ എവിടെ താമസിപ്പിക്കും? ആര് തൊഴില്‍ നല്‍കുമെന്നും കെജരിവാള്‍ ചോദിച്ചു. ആരെയെങ്കിലും തിരികെ കൊണ്ടുവരാന്‍ ബിജെപി ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ത്യ വിട്ടുപോയ 11 ലക്ഷം വ്യവസായികളെയാണ് എത്തിക്കേണ്ടത്.
ബിജെപിയുടെ തെറ്റായനയം കാരണമാണ് അവര്‍ നാടുവിട്ടത്. അവരെ തിരിച്ചെത്തിച്ചാല്‍ അവര്‍ രാജ്യത്ത് നിക്ഷേപം നടത്തും. നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും. നിയമം പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ എല്ലാവരും ബിജെപിക്കെതിരെ വോട്ട് ചെയ്യണമെന്നും കെജരിവാള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.