വണ്ണപ്പുറം: വായ്പക്കുടിശ്ശിക സംബന്ധിച്ചു ബാങ്കിന്റെ നോട്ടിസ് ലഭിച്ചതിനു പിന്നാലെ മുൻ അധ്യാപകനെ അയല്‍വാസിയുടെ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കാളിയാർ മുള്ളൻകുത്തി കുഴിയാമ്പില്‍ ബെന്നി(54)യാണ് ആത്മഹത്യ ചെയ്തത്. ബാങ്കില്‍ നിന്നു ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടർന്നാണ് ബെന്നി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.2013ല്‍ തൊടുപുഴ കാർഷികവികസന ബാങ്കില്‍ നിന്ന് 2 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതില്‍ കുറച്ചു തവണകള്‍ അടച്ചു. നാഗാലാൻഡില്‍ അധ്യാപകനായിരുന്ന ബെന്നി 4 വർഷം മുൻപാണു തിരിച്ചുവന്നത്. തിരികെ നാഗാലാൻഡിലേക്കു പോകാൻ തയാറെടുക്കുന്നതിനിടെ ഇദ്ദേഹത്തിനു ഹൃദയസംബന്ധമായ രോഗം പിടിപെട്ടു. ഭാര്യയും രോഗബാധിതയായി. ഇതോടെ വായ്പയുടെ തിരിച്ചടവു മുടങ്ങി. പലിശയും പിഴപ്പലിശയും ചേർന്ന് ഇരട്ടിയോളമായി. തുടർന്നു ബാങ്ക് ജപ്തിക്കു മുന്നോടിയായി പത്രപ്പരസ്യം നല്‍കുമെന്നു കാട്ടി നോട്ടിസ് നല്‍കി.
ബെന്നിയുടെ 2 പെണ്‍മക്കളില്‍ ഒരാള്‍ നഴ്സിങ്ങിനും മറ്റൊരാള്‍ പ്ലസ്ടുവിനും പഠിക്കുകയാണ്. ഇവരുടെ പഠനച്ചെലവു കണ്ടെത്താനും വായ്പക്കുടിശ്ശിക അടയ്ക്കാനും കഴിയാത്തതു ബെന്നിയെ തളർത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് അടുത്തുള്ള പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ ബെന്നിയെ കണ്ടത്. ഇയാള്‍ മരിക്കുന്നതിനു തലേന്നു വീട്ടില്‍ കലഹം ഉണ്ടായതിനെത്തുടർന്നു കാളിയാർ പൊലീസ് എത്തി ഭാര്യയെയും മകളെയും ഇവിടെ നിന്നു മാറ്റിയിരുന്നു. വായ്പക്കുടിശികയുള്ള എല്ലാവർക്കും നോട്ടിസ് അയച്ചതല്ലാതെ ജപ്തി നടപടികളിലേക്കു കടന്നിട്ടില്ലെന്നു കാർഷിക വികസന ബാങ്ക് അധികൃതർ പറഞ്ഞു.വായ്പയെടുത്ത ശേഷം വർഷങ്ങളായിട്ടും ഒരു തവണ പോലും തിരിച്ചടവു നടത്താത്ത ഒരാളുടെ പേരില്‍ മാത്രമാണ് ഇപ്പോള്‍ ജപ്തിനടപടി എടുത്തിട്ടുള്ളതെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.