ഡൽഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നിഷേധിച്ച ഡല്‍ഹി റോസ് അവന്യു കോടതി എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) കസ്റ്റഡിയില്‍ വിട്ടു.
പ്രത്യേക സിബിഐ കോടതി ജഡ്ജി കാവേരി ബജ്വയുടേതാണ് ഉത്തരവ്. മാർച്ച് 28 വരെയാണ് ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടത്. മൂന്നേകാല്‍ മണിക്കൂർ നീണ്ടുനീന്ന വാദത്തിനൊടുവിലാണ് വിധി. പത്തു ദിവസത്തെ കസ്റ്റഡിയായിരുന്നു ഇ ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മാർച്ച് 28ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കെജ്രിവാളിനെ വീണ്ടും ഹാജരാക്കാനാണ് കോടതി ഉത്തരവ്.കെജ്രിവാളിനുവേണ്ടി മുതിർന്ന അഭിഭാഷകരായ മനു അഭിഷേക് സിങ് വി, വിക്രം ചൗധരി, രമേശ് ഗുപ്ത എന്നിവരും ഇ ഡിയെ പ്രതിനിധീകരിച്ച് അഡിഷണല്‍ സോളിസിറ്റർ ജനറല്‍ എസ് വി രാജുവുമായിരുന്നു ഹാജരായത്.
അതേസമയം, അരവിന്ദ് കെജ്രിവാളിനെതിരായ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇ ഡിയുടെ പക്കലില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് മനു സിങ്വി വാദിച്ചു. മാപ്പുസാക്ഷികളുടെ മൊഴി വിശ്വാസത്തിലെടുക്കാനാവില്ല. കെജ്രിവാളിനെ അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ടായിരുന്നില്ല. കസ്റ്റഡിയില്‍ വിടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ കെജ്രിവാളാണ് മദ്യനയ അഴിമതി കേസിലെ പ്രധാന സൂത്രധാരനെന്നായിരുന്നു മറുഭാഗത്തിന്റെ ആരോപണം. ചോദ്യം ചെയ്യല്‍ സമയത്ത് അദ്ദേഹം വേണ്ട രീതിയില്‍ സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നും എസ് വി രാജു കോടതിയില്‍ വ്യക്തമാക്കി.
അറസ്റ്റ് ഒരു ആവശ്യകത അല്ലാതിരിക്കെയാണ് ഇ ഡിയുടെ നടപടിയെന്നായിരുന്നു അഭിഷേക് സിങ് വിയുടെ പ്രധാന വാദം. അറസ്റ്റ് ചെയ്യാനുള്ള അധികാരമുണ്ട് എന്നതിനർത്ഥം അത് ചെയ്തേ തീരൂ എന്നല്ല.
ഇ ഡി ആരോപിക്കുന്നതുപോലെ പണത്തിന്റെ സ്രോതസ് കണ്ടെത്തണമെന്നത് മാത്രം വച്ച് അറസ്റ്റിന് സാധിക്കില്ല. വേണമെങ്കില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടാം. അന്വേഷണ വകുപ്പിന്റെ പക്കല്‍ കേസ് തെളിയിക്കാനുള്ള അടിസ്ഥാന വിവരങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെടുമ്പോള്‍ പിന്നെ എന്തിനാണ് കസ്റ്റഡിയെന്നും സിങ്വി ചോദിച്ചു.
കനത്ത സുരക്ഷയിലാണ് കെജ്രിവാളിനെ കോടതിയിലെത്തിച്ചത്. വാദം നടക്കുന്നതിനിടെ കെജ്രിവാളിന് രക്തസമ്മർദം കുറയുകയും വിശ്രമമുറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
രാജ്യതലസ്ഥാനം കനത്ത സുരക്ഷയിലാണ്. അറസ്റ്റിനെതിരെ പ്രതിഷേധിച്ച ഡല്‍ഹി ധനകാര്യ മന്ത്രി അതിഷി സിങ്ങിനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. അറസ്റ്റില്‍നിന്ന് ഇടക്കാല സംരക്ഷണം അനുവദിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച വിസമ്മതിച്ചതിരുന്നു. പിന്നാലെയാണ് ഇന്നലെ രാത്രി 9 മണിയോടെ ഇ ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂർ നീണ്ട പരിശോധനകള്‍ക്കും ചോദ്യം ചെയ്യലിനുമൊടുവിലായിരുന്നു നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.