തിരുവനന്തപുരം: വർക്കലയില്‍ ദളിത് യുവാവിനെ പോലീസ് ലാത്തികൊണ്ട് ക്രൂരമായി മർദിച്ചതായി പരാതി. യുവാവിന്റെ തലയ്ക്കും കണ്ണിനുമാണ് പരിക്കേറ്റിട്ടുള്ളത്.
വർക്കല പുന്നമൂട് സ്വദേശി രഞ്ജിത്ത് (30)നാണ് മർദനമേറ്റത്. ഭാര്യയുടെയും കുട്ടികളുടെയും മുന്നില്‍ വെച്ചായിരുന്നു മർദനമെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ എട്ടാം തീയതി വെള്ളിയാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം.പുന്നമൂട് ഇടപ്പറമ്പല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് രാത്രി എട്ടുമണിക്ക് കുടുംബത്തോടൊപ്പം എത്തിയതായിരുന്നു രഞ്ജിത്ത്. ഇതേസമയം, ക്ഷേത്ര പരിസരത്ത് കിടുക്കുകളി നടക്കുന്ന സ്ഥലത്ത് സംഘർഷം നടക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടർന്ന് വർക്കല അഡീഷണല്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
കളി കാണാൻ എത്തിയ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘർഷം ഉണ്ടായി എന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. അതുകൊണ്ടുതന്നെ കളി നടന്നിരുന്ന സ്ഥലത്ത് കൂട്ടംകൂടി നിന്നിരുന്നവരെയൊക്കെ പോലീസ് ലാത്തി വീശി ഓടിച്ചു. ഇതിനിടെയാണ് ഉത്സവപ്പറമ്പില്‍ നില്‍ക്കുകയായിരുന്ന രഞ്ജിത്തിനും പരിക്കേറ്റത്.
വെറുതെ ലാത്തി വീശുകയല്ല മറിച്ച് അഡീഷണല്‍ എസ്.ഐ. രഞ്ജിത്തിന്റെ തലയ്ക്കും നെറ്റിയിലും ലാത്തികൊണ്ട് മർദിക്കുകയായിരുന്നു എന്ന് രഞ്ജിത്ത് പറയുന്നു. നെറ്റിപൊട്ടി ചോരവാർന്ന് നിലത്തുവീണ രഞ്ജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകാൻ പോലും പോലീസ് കൂട്ടാക്കിയില്ല എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
രഞ്ജിത്തിന്റെ ഭാര്യ സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് വർക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. തുടർന്ന് ഭാര്യക്കും സുഹൃത്തിനുമൊപ്പം രഞ്ജിത്ത് പോലീസ് സ്റ്റേഷനില്‍ എത്തി ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി. തന്നെ മർദിച്ച പോലീസുകാരനെ കണ്ടാലറിയാമെന്നും രഞ്ജിത്ത് ഡി.വൈ.എസ്.പിയോട് പറഞ്ഞു.
തുടർന്ന് അഡീഷണല്‍ എസ്‌ഐയെ വിളിച്ചുവരുത്തി. രഞ്ജിത് ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞതിനെ തുടർന്ന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.എന്നാല്‍ ഇനിയും തുടർനടപടികള്‍ ഉണ്ടായിട്ടില്ല. വർക്കല പോലീസില്‍നിന്നും നീതി ലഭിക്കാത്തതിനെതുടർന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നല്‍കുവാൻ ഒരുങ്ങുകയാണ് രഞ്ജിത്തും കുടുംബവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.