തിരുവനന്തപുരം: ക്ഷേമപെൻഷനിലെ കേന്ദ്രവിഹിതം സംസ്ഥാന സർക്കാർ മുൻകൂറായി അനുവദിച്ചിട്ടും ഗുണഭോക്താക്കള്‍ക്കു ലഭിക്കാത്തതിനു കാരണം കേന്ദ്രസംവിധാനത്തിലെ സാങ്കേതിക പ്രശ്നമാണെന്നു സംസ്ഥാന ധനവകുപ്പിന്‍റെ വിശദീകരണം.
കഴിഞ്ഞ വർഷം ഏപ്രില്‍ ഒന്നുമുതല്‍ ക്ഷേമ പെൻഷനിലെ കേന്ദ്രവിഹിതം കേന്ദ്രസർക്കാരിന്‍റെ പിഎഫ്‌എംഎസ് എന്ന നെറ്റ്‌വർക്ക് വഴിയാക്കണമെന്ന നിർദേശം വന്നു. ഇതനുസരിച്ച് കേന്ദ്രവിഹിതം എല്ലാ മാസവും ഈ സംവിധാനംവഴി ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തിക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്.എന്നാല്‍, കേന്ദ്രസർക്കാർ വിഹിതം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. സംസ്ഥാന സർക്കാർ ഇത് മുൻകൂറായി നല്‍കുകയാണ്. ഇപ്പോള്‍ വിതരണം പൂർത്തിയാക്കിയ ഒരു ഗഡു പെൻഷനും ഇതേ രീതിയില്‍ കേന്ദ്രവിഹിതം സംസ്ഥാന ഫണ്ടില്‍നിന്നു ലഭ്യമാക്കിയിട്ടുണ്ട്.
എന്നാല്‍, പിഎഫ്‌എംഎസ് വഴി ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച തുകയില്‍ ഒരു ഭാഗം ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തിയില്ല. 6.8 ലക്ഷം പേർക്കാണു ക്ഷേമ പെൻഷനില്‍ കേന്ദ്രവിഹിതമുള്ളത്. ഇതില്‍ 1,94,000 പേർക്കാണു വിഹിതം എത്താതിരുന്നത്.
ഇതിലെ സാങ്കേതികപ്രശ്നം ധനവകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് കേന്ദ്രസർക്കാരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. പിഎഫ്‌എംഎസിലെ പ്രശ്നമാണ് തുക അക്കൗണ്ടില്‍ എത്താൻ തടസമായതെന്നാണു ലഭിച്ച വിവരം. അടുത്ത ദിവസം തന്നെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് നിലവിലുള്ള അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷനുകളില്‍ വാർധക്യകാല പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ എന്നീ മൂന്നിനങ്ങള്‍ക്ക് 200 രൂപ, 300 രൂപ, 500 രൂപ എന്നിങ്ങനെ നിരക്കുകളിലാണ് 6.3 ലക്ഷം പേർക്ക് കേന്ദ്രസഹായം ലഭിക്കുന്നത്. ഇതു കൃത്യമായി കിട്ടാത്ത സാഹചര്യത്തിലാണ് സംസ്ഥാനം തന്നെ തുക നല്‍കുന്നത്.
തുടർന്ന് റീഇംപേഴ്സ്മെന്‍റിനായി കേന്ദ്രത്തെ സമീപിക്കുന്നതാണു രീതി. ഇത്തരത്തില്‍ 2021 ജനുവരി മുതല്‍ സംസ്ഥാനം നല്‍കിയ കേന്ദ്രവിഹിതം കുടിശികയായിരുന്നു. ഇതു ലഭ്യമാക്കണമെന്ന് സംസ്ഥാനം നിരവധി തവണ ആവശ്യപ്പെട്ടതിന്‍റെ ഫലമായി കഴിഞ്ഞ ജൂണ്‍ വരെയുള്ള കേന്ദ്രവിഹിതമായ 602.14 കോടി രൂപ കഴിഞ്ഞ വർഷം ഒക്ടോബറില്‍ മാത്രമാണ് സംസ്ഥാനത്തിനു ലഭിച്ചത്.
ഇതിനു ശേഷമുള്ള മാസങ്ങളിലെ തുക ലഭിച്ചിട്ടുമില്ല. എന്നിട്ടും മുടക്കമില്ലാതെ കേന്ദ്രവിഹിതം ഉള്‍പ്പെടെ സംസ്ഥാന സർക്കാർ ലഭ്യമാക്കുകയാണെന്ന് ധനവകുപ്പ് വിശദീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.