തിരുവനന്തപുരം: പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ബീയർ കുപ്പി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച പ്രതികളെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു..
ഉദ്യോഗസ്ഥരില്‍ ഒരാളെ സംഘത്തിലൊരാള്‍ കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടർന്ന് അതേ കുപ്പിയുടെ ചില്ല് കൈകളില്‍ കുത്തി സ്വയം മുറിവേല്‍പ്പിക്കാനും ശ്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി.തിരുവനന്തപുരം എക്സൈസ് സർക്കിള്‍ ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസറും കരമന സ്വദേശിയുമായ അല്‍ത്താഫ് മുഹമ്മദിനെ ആണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. അല്‍ത്താഫിന്റെ ഇടതുകൈയിലാണ് കുത്തേറ്റത്. ആഴത്തിലേറ്റ മുറിവിന് ആറ് തുന്നലിടേണ്ടിവന്നു. സംഭവത്തെത്തുടർന്ന് എക്സൈസ് സംഘം തിരുവല്ലം പോലീസില്‍ വിവരം നല്‍കിയതിനെത്തുടർന്ന് എസ്.ഐ.യും സംഘവുമെത്തി രണ്ടുപേരെയും അറസ്റ്റുചെയ്തു.
തിരുവല്ലം പുഞ്ചക്കരി മുട്ടളക്കുഴി ടി.സി. 65/1163- ല്‍ വെട്ടുവിളമേലെ പുത്തൻവീട്ടില്‍ അനീഷ് കുമാർ(30), ഇയാളുടെ കൂട്ടാളിയായ മുട്ടളക്കുഴി ലക്ഷം വീട് പുത്തൻവീട്ടില്‍ ശംഭു (33) എന്നിവരെയാണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. പുഞ്ചക്കരി മുട്ടളക്കുഴി ഭാഗത്ത് വ്യാപകമായ കഞ്ചാവുവില്‍പ്പന നടക്കുന്നു എന്ന് നാട്ടുകാരിലാരോ എക്സൈസ് സംഘത്തിന് വിവരം നല്‍കിയിരുന്നു. തുടർന്ന് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദ്, സിവില്‍ എക്സൈസ് ഓഫീസർമാരായ അല്‍ത്താഫ്, ബിനു, മണികണ്ഠൻ, ജിനുരാജ് എന്നിവരെത്തിയത്.ഇവരില്‍ അല്‍ത്താഫും ബിനുവും മഫ്തിയിലാണ് കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടാനെത്തിയത്.വീടിന് സമീപത്തുണ്ടായിരുന്ന പ്രതികളെ പിടികൂടിയതോടെ ഉദ്യോഗസ്ഥരെ തട്ടിയിട്ട് ഓടാൻ ശ്രമിച്ചു. പിൻതുടർന്ന ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെ പിടികൂടുന്നതിനിടെ പ്രതികളിലൊരാള്‍ സമീപത്തുണ്ടായിരുന്ന കുപ്പിയെടുത്ത് പൊട്ടിച്ച് അല്‍ത്താഫിനെ കുത്തുകയായിരുന്നു എന്ന് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദ് പറഞ്ഞു.
ഇവരില്‍ നിന്ന് 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് എത്തിച്ച് ചെറുപൊതികളാക്കി വില്‍ക്കുന്ന സംഘമാണ് ഇവരെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെത്തുടർന്ന് തിരുവല്ലം പോലീസില്‍ അറിയിച്ചു.എസ്.എച്ച്.ഒ. ആർ.ഫയാസ്, എസ്.ഐ.മാരായ ജി.ഗോപകുമാർ, ഷിബുകുമാർ, രാധാകൃഷ്ണൻ എന്നിവരെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു എന്ന് തിരുവല്ലം എസ്.ഐ. ജി.ഗോപകുമാർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.