28 വർഷങ്ങള്‍ക്ക് മുമ്പ് ഒരു മാർച്ച്‌ 16 നായിരുന്നു. രാഷ്ട്രീയ കേരളത്തിൽ ലീഡറിൻ്റെ പതനത്തിന് തുടക്കം കുറിച്ച ദിവസം,,

തൃശൂർ: കേരള രാഷ്ട്രീയ പട്ടികയില്‍ പ്രഗത്ഭരായ ഒരുപിടി രാഷ്ട്രീയ നേതാക്കള്‍ ജൻമംകൊണ്ടിട്ടുണ്ടെങ്കിലും 'ലീഡർ' എന്ന വിശേഷണത്തിന് അർഹനായ ഒരേയൊരു നേതാവേ ഉണ്ടായിരുന്നുള്ളു. കണ്ണോത്ത് കരുണാകരൻ എന്ന കെ.കരുണാകരൻ. കോണ്‍ഗ്രസ് പ്രവർത്തകരും നേതാക്കളും മാത്രമല്ല രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ലീഡറായി വിളിച്ച, അംഗീകരിച്ച പ്രതിഭാശാലി.

കേരളത്തിന്റെ ഭരണ ചരിത്രത്തില്‍ ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ ആദ്യ വ്യക്തി. നാലു തവണ കേരള മുഖ്യമന്ത്രിയായ ഒരേയൊരാള്‍. ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിൻ്റെ ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെട്ട മലയാളി. 

കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിൻ്റെ യഥാർത്ഥ ശില്‌പി. 1967ല്‍ കേരള നിയമസഭയില്‍ വെറും 9 സീറ്റുകളില്‍ ഒതുങ്ങിയ കോണ്‍ഗ്രസിനെ തകർച്ചയില്‍ നിന്നും കരകയറ്റി വീണ്ടും അധികാരത്തില്‍ എത്തിച്ച ജനനേതാവ്.

ചടുലമായ രാഷ്ട്രീയനീക്കങ്ങളിലൂടെ എതിരാളികളെയും സ്വന്തം പാർട്ടിക്കാരെയും ഒരുപോലെ വിസ്മയിപ്പിച്ച രാഷ്ട്രീയചാണക്യൻ. എഴുതിയോ പറഞ്ഞോ ഫലിപ്പിക്കാൻ കഴിയാത്ത കേരള രാഷ്ട്രീയത്തിലെ കരുണാകരൻ യുഗത്തിൻ്റെ അന്ത്യത്തിന് തുടക്കം കുറിക്കുന്നത് 28 വർഷങ്ങള്‍ക്ക് മുമ്പ് ഒരു മാർച്ച്‌ 16 നായിരുന്നു.

ഒട്ടനവധി വിവാദങ്ങളുടെ ലീഡറായിക്കൂടിയാണ് കരുണാകരൻ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നിരുന്നത്. ഏതൊാരു രാഷ്ട്രീയ നേതാവും വീണുപോയേക്കാവുന്ന എണ്ണിയാല്‍ തീരാത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ കേരള ചരിത്രത്തിലെ ഒരെയൊരു രാഷ്ട്രീയ നേതാവും കെ കരുണാകരനാണ്. 

കരുണാകരൻ തീർന്നു എന്ന് എതിരാളികളും സ്വന്തം ആരാധകരും കരുതിയ ഓരോ പ്രതിസന്ധികളില്‍ നിന്നും ലീഡര്‍ അവിശ്വസനീയമായ രീതിയില്‍ ഉയര്‍ത്തെഴുന്നേറ്റു.


ഓരോ പ്രതിസന്ധികളിലും അവയെ തരണം ചെയ്ത് കരുണാകരൻ കൂടുതല്‍ കരുത്തനായി. രാഷ്ട്രീയ കേരളം കണ്ടത്. അടിയന്തിരാവസ്ഥക്കാലത്തെ രാജന്‍ കേസിലും വെള്ളാനിക്കര കൊലക്കേസിലും പാമോയില്‍ കേസിലുമൊന്നും തളര്‍ന്നുപോയ അല്പമെങ്കിലും പതറിപ്പോയ കരുണാകരനെ കേരള രാഷ്ട്രീയം കണ്ടിട്ടില്ല. 

കോണ്‍ഗ്രസിലും ഒപ്പം കേരള രാഷ്ട്രീയത്തിലും സർവ്വപ്രതാപിയായ കാലത്താണ് അത് സംഭവിക്കുന്നത്. ഇത്തവണയും ലീഡർ ആ സന്ദിഗ്ദ്ധഘത്തെ അതിജീവിച്ച്‌ തിരിച്ചു വരും എന്ന് ആരാധകർ വിശ്വസിച്ചു.

1991 കാലത്താണ് കെ. കരുണാകരൻ നയിക്കുന്ന ഐ ഗ്രൂപ്പ് ഒരു വശത്തും എ.കെ. ആന്റണി നയിക്കുന്ന എ ഗ്രൂപ്പ് മറുവശത്തുമായ ഗ്രൂപ്പ് യുദ്ധം അതിൻ്റെ ഏറ്റവും ഉന്നതിയിലെത്തുന്നത്. ഒരു വിഭാഗത്തിൻ്റെ പേര് എ ഗ്രൂപ്പ് അഥവാ ആൻ്റണി ഗ്രൂപ്പ് എന്നായിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയായിരുന്നു 

ആ വിഭാഗത്തിൻ്റെ ബുദ്ധികേന്ദ്രം. 1991ല്‍ കെ കരുണാകരൻ മന്ത്രിസഭയില്‍ ഉമ്മൻ ചാണ്ടി ധനകാര്യ മന്ത്രിയായിരുന്ന കാലത്താണ് ലീഡറെ ഏറെക്കാലം പ്രതിക്കൂട്ടില്‍ നിർത്തിയ സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ നഷ്ടം വരുത്തിയ വിവാദമായ പാമോയില്‍ ഇറക്കുമതി കരാർ ഒപ്പുവച്ചത് എന്നത് കൂടി  ഓർമ്മപ്പെടുത്തുന്നു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധം അങ്ങനെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന സമയം. എം.എ. കുട്ടപ്പന് ലീഡർ കെ കരുണാകരൻ രാജ്യസഭ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ കരുണാകരനോട് യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് 1994 ജൂണ്‍ 16ന് ധനകാര്യമന്ത്രി സ്ഥാനം ഉമ്മൻ ചാണ്ടി രാജിവച്ചു. 

പിന്നീട് എ ഗ്രൂപ്പിന് വേണ്ടി കെ.കരുണാകരൻ എന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായകനോട് അദ്ദേഹം യുദ്ധം പ്രഖ്യാപിച്ചു. ആ സമയത്താണ് ആ ദിവസം കടന്നു വരുന്നത്.

1994 ഒക്ടോബർ 8 ന് പകല്‍ 11- മാലിദ്വീപ് സ്വദേശി മറിയം റഷീദ എന്ന യുവതി ഇന്ത്യയില്‍ താമസിക്കാനുള്ള വിസാ കാലാവധി നീട്ടിക്കിട്ടാനായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തുന്നു. ഇതോടെയാണ് കേരള രാഷ്ട്രീയത്തിലെ കറുത്ത ഏടായ ഐഎസ്‌ആർഒ ചാരക്കേസിന് തുടക്കമാകുന്നത്. ഈ കേസാണ് പിന്നീട് ലീഡറിൻ്റെ തകർച്ചയ്ക്ക് തുടക്കമിടുന്നതും.

ഐഎസ്‌ആർഒയില്‍ ക്രയോജനിക് പദ്ധതിയുടെ ഡപ്യൂട്ടി പ്രൊജക്‌ട് ഡയറക്ടറായിരുന്ന ഡി. ശശികുമാരനെ മറിയം റഷീദ ഫോണ്‍ ചെയ്തതിന്റെ പേരില്‍ ഒരു കെട്ടുകഥയാരംഭിക്കുകയായിരുന്നു. ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസിലെ ഇൻസ്പെക്ടർ മറിയം റഷീദയെ കുടുക്കി ചാരക്കേസ് എന്ന വിവാദത്തിന് തുടക്കമിട്ടു. 

പിന്നാലെ ക്രയോജനിക് സിസ്റ്റംസ് പ്രൊജക്‌ട് ഡയറക്ടർ എസ്. നമ്പി നാരായണനും പ്രതിചേർക്കപ്പെട്ടു അറസ്റ്റിലായി. പിന്നീട് ഈ കെട്ടുകഥയുമായി കുട്ടിക്കെട്ടിയവരുടെ പേര് വിവരങ്ങള്‍ നീണ്ടു. ദക്ഷിണമേഖല ഐ.ജി. രമണ്‍ ശ്രീവാസ്തവയുടെ പേരും ചാരക്കേസില്‍ ചേർക്കപ്പെട്ടു. 

അങ്ങനെ അത് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന ഭൂകമ്പമായി വളർന്നു. കെ.കരുണാകരനെതിരെ എതിരാളികള്‍ മാത്രമല്ല ഐഎസ്‌ആർഒ ചാരക്കേസില്‍ അണിനിരന്നത്. സ്വന്തം പാർട്ടിക്കാരനായിരുന്ന തൻ്റെ മന്ത്രിസഭയിയില്‍ സഹപ്രവർത്തകനായിരുന്ന ഉമ്മൻചാണ്ടി കെ കരുണാകരനെതിരെ പട മുന്നില്‍ നിന്നും നയിച്ചു.

രമണ്‍ ശ്രീവാസ്തവയുടെ പേര് പത്രക്കോളങ്ങളില്‍ നിറഞ്ഞു. ഈ സമയത്താണ് രാഷ്ട്രീയ എതിരാളികളുടെയും സ്വന്തം പാർട്ടിയിലെ എതിർ ഗ്രൂപ്പുകാരുടെയും ആക്രമണത്തിന് ശക്തി പകരുന്ന ഹൈക്കോടതി ബെഞ്ചിൻ്റെ പരാമർശങ്ങള്‍ ഉണ്ടാവുന്നത്. ജസ്റ്റിസ് കെ. ശ്രീധരൻ, ജസ്റ്റിസ് ബി.എൻ. പട്നായിക് എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ബെഞ്ച് രൂക്ഷമായ വിമർശനത്തിലൂടെ രമണ്‍ ശ്രീവാസ്തവക്കെതിരെ വിധി പ്രസ്താവിച്ചു. 

ശ്രീവാസ്തവയെ സംരക്ഷിക്കുന്നത് കരുണാകരനും പങ്കുള്ളതുകൊണ്ടാണെന്ന് എ ഗ്രൂപ്പ് ആരോപിച്ചു. കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ഉമ്മൻ ചാണ്ടി പലതവണ മുമ്പ് ആവർത്തിച്ചിരുന്നു. കോടതി വിധി വന്നതോടെ കരുണാകരന് എതിരെയുള്ള ആക്രമണം എ ഗ്രൂപ്പ് ശക്തമാക്കി."നിലവിലെ സാഹചര്യത്തില്‍ ശ്രീവാസ്തവയ്ക്കെതിരെ നടപടിയെടുത്താലും ജനങ്ങള്‍ കോണ്‍ഗ്രസിനെ വെറുതെ വിടില്ല. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് കരുണാകരൻ മാറുക മാത്രമാണ് കോണ്‍ഗ്രസിന്റെ രക്ഷയ്ക്ക് നല്ലത്" - ഉമ്മൻ ചാണ്ടി പ്രസ്താവനയിറക്കി. "രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷിതത്വവുമാണ് ഏറ്റവും പ്രധാനം. ഒരു മുഖ്യമന്ത്രിക്കസേരയല്ല.'' - കെപിസിസി എക്സിക്യുട്ടീവില്‍ ആദർശധീരൻ വി.എം. സുധീരൻ ലീഡർക്കെതിരെ ആഞ്ഞടിച്ചു. 

1995 ഫെബ്രുവരി 14ന് ശ്രീവാസ്തവയെ രക്ഷിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി കരുണാകരനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നു.പാർട്ടി വിലക്ക് ലംഘിച്ച്‌ സുധീരൻ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. പിന്നീട് കാര്യങ്ങള്‍ ലീഡറുടെ കൈവിട്ട് പോകുകയായിരുന്നു. 1995 മാര്‍ച്ച്‌ 16ന് തന്‍റെ മുന്നില്‍ തടിച്ചു കൂടിയ ജനക്കൂട്ടത്തോട് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരന്‍ തൻ്റെ രാജി പ്രഖ്യാപിച്ചു. 

മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയില്‍ പടിയിറങ്ങേണ്ടി വന്ന കരുണാകരൻ തൻ്റെ രാജി പ്രഖ്യാപിച്ചത് മാധ്യമങ്ങളോടായിരുന്നില്ല. "എനിക്ക് പത്രക്കാരോടല്ല പറയാനുള്ളത്. എന്നെ ഞാനാക്കിയ, കോണ്‍ഗ്രസിനെ കാത്തുരക്ഷിക്കുന്ന ഞങ്ങളുടെയെല്ലാം ആശ്രയമായ ജനങ്ങളോട് ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

9.30 മണിക്ക് ഞാന്‍ രാജി വെയ്ക്കാന്‍ പോവുകയാണ്. പക്ഷേ ഇത് ചെയ്ത ആളുകള്‍ക്ക് ഇതിനി ആവര്‍ത്തിക്കാന്‍ ജനങ്ങള്‍ അവസരം നല്‍കില്ല. മാപ്പ് നല്‍കില്ല." - ഇതായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. 1994 മാർച്ച്‌ 22 ന് എ.കെ. ആന്റണി മുഖ്യമന്ത്രിയായി.

പിന്നീട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ചാരക്കേസിന്റെ വിധി എന്തായിരുന്നെന്ന് കാലം തെളിയിച്ചിട്ടുണ്ട്. 22 വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ പരമോന്നത നീതിപീഠത്തില്‍ നിന്ന് ഐഎസ്‌ആർഒ ചാരകേസില്‍ ബലിയാടാക്കപ്പെട്ട നമ്പി നാരായണന് നീതിയും നഷ്ടപരിഹാരവും ലഭിച്ചു. 

എന്നാല്‍ കെ. കരുണാകരനോ? 1995ല്‍ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രിപദം വിട്ടൊഴിയേണ്ടിവന്ന കരുണാകരന്‍ പിന്നീട് നിയമസഭ കണ്ടിട്ടില്ല എന്നതാണ് ചരിത്രം.

ഈ തിരിച്ചടിയില്‍ നിന്നും രാജ്യസഭാംഗവും ക്യാബിനറ്റ് മന്ത്രിയുമായി ലീഡർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരും എന്ന് ആരാധകർ വിശ്വസിച്ചു. രാജ്യസഭാംഗമായിരിക്കെ തന്നെ ലോക്‌സഭയിലേയ്ക്ക് മത്സരിക്കാനുള്ള ശ്രമം പാളി. 

ചാരക്കേസിന് ശേഷം ലീഡറിനേറ്റ തിരിച്ചടിയായി സ്വന്തം തട്ടകമായ തൃശൂരില്‍ സിപിഐയിലെ വി.വി.രാഘവനോടേറ്റ അവിശ്വസനീയമായ തോല്‍വി. പിന്നില്‍ നിന്നും കുത്തിയവര്‍ക്ക് മറുപടി നല്‍കി രണ്ടു തിരുവനന്തപുരത്ത് നിന്നും ലോക്‌സഭയിലേക്ക്., തൊട്ടടുത്ത വര്‍ഷം തൃശൂര്‍ ജില്ലയിലെ മുകുന്ദപുരത്ത് നിന്നും (ഇന്നത്തെ ചാലക്കുടി) അര ലക്ഷത്തിലേറെ വോട്ടിൻ്റെ ഭൂരിപക്ഷത്തില്‍ കരുണാകരന്‍ വിജയം ആവര്‍ത്തിച്ചു. ലീഡർ തിരിച്ചു വരും എന്ന പ്രതീക്ഷ ആരാധകരിലേറി.

പിന്നീട് സംസ്ഥാന രാഷ്ട്രീയത്തില്‍ പിടിമുറുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി കോണ്‍ഗ്രസ് പാർട്ടി തന്നെ കരുണാകരന് വിടേണ്ടി വന്നു. 2006 മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ് മകൻ കെ.മുരളീധരനൊപ്പം ഡമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് (ഡിഐസി) രൂപീകരിച്ചു. 

മകള്‍ പത്മജ അന്ന് അച്ഛനെയും സഹോദരനെയും തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസില്‍ തുടർന്നു. ആ സമയത്ത് തദ്ദേശീയ ഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കി. ഈ കൂട്ടുകെട്ട് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുകയും ചെയ്തു. പിന്നീട്‌ തൻ്റെ പാർട്ടി എന്‍സിപിയിലും ചേക്കേറേണ്ടി വന്നു ലീഡർക്ക്. 

2006 സെപ്തംബറോടെ ഡിഐസി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയില്‍ ലയിച്ചു. ലയനത്തിന് തൻ്റെ പൂര്‍ണ്ണ പിന്തുണ ഇല്ലാതിരുന്നിട്ടും മകന്‍ മുരളീധരൻ്റെ തീരുമാനത്തിന് ലീഡർ വഴങ്ങി. പീന്നീട് കരുണാകരന്‍ വീണ്ടും തൻ്റെ രാഷ്ട്രീയ തറവാടായ കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചു. 

ആദ്യം സംസ്ഥാന നേതൃത്വം കരുണാകരന്‍റെ തിരിച്ചുവരവിനെ അംഗീകരിക്കാന്‍ തയ്യാറായില്ല. പിന്നീട് മുതിര്‍ന്ന നേതാവായ കരുണാകരനെ തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് തീരുമാനിക്കുകയായിരുന്നു. ഒടുവില്‍ തൻ്റെ പഴയ തട്ടകമായ കോണ്‍ഗ്രസിലേക്ക് നിരുപാധികമായി ലീഡർ മടങ്ങിയെത്തി. 

ഒരു കാലത്ത് കേരള രാഷ്ട്രീയത്തേയും ദേശീയ രാഷ്ട്രീയത്തേയും നിയന്ത്രിച്ചിരുന്ന കരുണാകരൻ കോണ്‍ഗ്രസിലെ വളരെ ചെറിയ വിഭാഗത്തിന്റെ നേതാവായി മാറി. ഒടുവില്‍ 2010 ഡിസംബർ 23ന് തൻ്റെ തൊണ്ണൂറ്റിരണ്ടാം വയസില്‍ ലീഡർ ഈ ലോകത്തോട് വിട പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !