ചട്‌നി… സാമ്പാർ… മസാലദോശൈയ്… മലയാളിയുടെ ഇഷ്ടവിഭവമൊരുക്കി ഗ്ലോസ്റ്റെർ എൻഎച്ച്എസ് കാന്റീൻ! ന്യൂട്രീഷൻ വീക്കിന്റെ ഭാഗമായി ദോശയും ചമ്മന്തിയും സായിപ്പുമാരുടെ മനവും കവർന്നു.

ഡ്യൂട്ടിക്കിടെ ഭക്ഷണത്തിനായ് യുകെയിലെ എൻഎച്ച്എസ് കാന്റീനിൽ എത്തുമ്പോൾ നല്ല ചൂടൻ സാമ്പാറും ചട്‌നിയും മസാലദോശയും കഴിക്കാൻ കിട്ടിയാലോ?
ഗ്ലോസ്റ്റെർഷെയർ എൻഎച്ച്എസ് ആശുപത്രിയിലെ മലയാളി സ്റ്റാഫുകൾക്കാണ് കഴിഞ്ഞ ദിവസം ആ അപൂർവ്വ അവസരം കൈവന്നത്. ഏറ്റവും കൂടുതൽ മലയാളി നഴ്സുമാര്‍ ജോലിചെയ്യുന്ന യുകെയിലെ എൻഎച്ച്എസ് ആശുപത്രികളിലൊന്നാണിത്.
മാർച്ച് 11 മുതൽ 17 വരെ ഇവിടെ നടക്കുന്ന ന്യൂട്രീഷൻ ആൻഡ് ഹൈഡ്രേഷൻ വീക്കിന്റെ ഭാഗമായാണ് മലയാളികളുടേയും ദക്ഷിണേന്ത്യക്കാരുടേയും ഇഷ്‌ട ഭക്ഷ്യവിഭവമായ ദോശയും വിശിഷ്ടാതിഥിയായി തീന്മേശയിലെത്തിയത്.
കാന്റീൻ ചുമതലക്കാരായ മലയാളി ജീവനക്കാർ തന്നെയാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചതും. ഈമാസം 17 വരെ എല്ലാവർഷവും നടത്തുന്ന ന്യൂട്രീഷൻ ആൻഡ് ഹൈഡ്രേഷൻ വീക്കിലെ ഓരോദിവസവും പോഷകാഹാരപ്രദവും ശരീരത്തിലെ ജലാംശം നിലനിർത്തുന്നതുമായ ലോകത്തിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രത്യേക വിഭവങ്ങളാണ് അവതരിപ്പിക്കുക.
മാർച്ച് 12 ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര ജീവനക്കാരുടെ ഇഷ്ടവിഭവമൊരുക്കൽ ദിവസത്തിൽ മലയാളി നഴ്‌സുമാരുടെ രുചിവിഭവമായി ദോശയും സാമ്പാറും ഒരുക്കിയത്.
ഫൈബർ ഫ്രൈഡേ ഒന്നുപേരിട്ട മാർച്ച് 15 വെള്ളിയാഴ്ചസാധാരണ മെനുവിനൊപ്പം ലഘുഭക്ഷണത്തിനായി പച്ചക്കറികളുടേയും പഴങ്ങളുടേയും വലിയ നിരയുണ്ടാകും.
ഇന്ത്യൻ മസാല രുചിക്കൂട്ടുകൾ വീണ്ടുമെത്തുന്നത് പ്രോഗ്രാമിന്റെ അവസാന ദിവസമായ ഞായറാഴ്ചയാണ്.
കേരളത്തിന്റെ തനതായ രുചിക്കൂട്ടുമായി ദോശയും സാമ്പാറും നല്ല എരിവുള്ള തേങ്ങാച്ചമ്മന്തിയും കിട്ടിയപ്പോള്‍, മലയാളി നഴ്സുമാർ അടക്കമുള്ള ഇന്ത്യൻ ജീവനക്കാര്‍ നൊസ്റ്റാൾജിക് കൊതിയോടെ കഴിച്ചുതീർത്തു. ദോശയും സാമ്പാറും ചട്ട്ണിയുമൊക്കെ സായിപ്പുമാരായ സ്റ്റാഫുകളുടേയും മനം കവർന്നു.
ദോശദിവസം ചൂടപ്പം പോലെ വിറ്റുപോയത് 400 ലേറെ തട്ടിൽപുട്ടി ദോശകളാണ്. മസാല നിറച്ച ദോശകൾ വേറെ. ദോശയ്ക്ക് കൂട്ടായി സാമ്പാറും പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയുമൊക്കെ ചേർത്തരച്ച തേങ്ങാച്ചമ്മന്തിയും നാവിലെ രസമുകുളങ്ങളിൽ മലയാളി രുചിവിതറി!
ഗ്ലോസ്റ്റർ എൻഎച്ച്എസ് ആശുപത്രി ക്യാന്റീനിലെ പാചക ചുമതലയുള്ള മലയാളികളായ ബെന്നി ഉലഹന്നാനും അരുള്‍, നൂവീദ് എന്നീ സഹ ജീവനക്കാരുമാണ് ദോശ ചുട്ടത്. കേരളത്തിൽ നിന്നുനേടിയ പാചകകലയിലെ കൈപ്പുണ്യം അവർ നന്നായി പ്രകടിപ്പിക്കുകയും ചെയ്‌തു.
മൂന്ന് പൗണ്ടാണ് ദോശയ്ക്കും സാമ്പാറിനും ചമ്മന്തിക്കും ഈടാക്കിയത്. എൻഎച്ച്എസ് സ്റ്റാഫുകൾക്ക് 50% ഡിസ്‌കൗണ്ടും നൽകി. സംഭവം കേട്ടറിഞ്ഞും രുചിയറിഞ്ഞും എത്തിയ എല്ലാവർക്കും ദോശ നൽകാൻ കഴിഞ്ഞില്ല എന്നതാണ് ബെന്നിയുടേയും സഹപ്രവർത്തകരുടേയും ഇപ്പോഴത്തെ സങ്കടം.
സ്റ്റാഫുകളുടെ ദോശപ്രിയവും ഗുണമേന്മയും തിരിച്ചറിഞ്ഞതോടെ ആഴ്ചയില്‍ ഒരുദിവസം ദോശയും ചമ്മന്തിയും സാമ്പാറും പതിവാക്കാൻ മാനേജുമെന്റുമായുള്ള ആലോചനയിലാണ് ക്യാന്റീൻ നടത്തിപ്പുകാർ ഇപ്പോൾ.
സായിപ്പുമാർക്കും രുചിപിടിച്ചതോടെ നഴ്‌സുമാരും മറ്റുമായി നിരവധി മലയാളി സ്റ്റാഫുകളുള്ള യുകെയിലെ ഇതര എൻഎച്ച്എസ് ആശുപത്രി കാന്റീനുകളിലും, ദോശയ്ക്കും ഇഢലിക്കുമൊപ്പം നാലുമണി പലഹാരങ്ങളായ പരിപ്പുവടയും സുഖിയനും ബോണ്ടയുമൊക്കെ എത്തുന്നകാലവും വിദൂരമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.