ന്യൂഡൽഹി: 14 പേരുടെ മരണത്തിന് ഇടയാക്കിയ ആന്ധ്ര ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്ത്.
അപകടത്തിൽപ്പെട്ട ഒരു പാസഞ്ചർ ട്രെയിനിലെ ലോക്കോ പൈലറ്റും കോ പൈലറ്റും സംഭവ സമയത്ത് മൊബൈൽ ഫോണിൽ ക്രിക്കറ്റ് മത്സരം കാണുകയായിരുന്നുവെന്ന് മന്ത്രി വെളിപ്പെടുത്തി.ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന പുതിയ സുരക്ഷാ നടപടികളേക്കുറിച്ച് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പങ്കുവച്ചത്. ‘‘അടുത്തകാലത്ത് ആന്ധ്രപ്രദേശിലുണ്ടായ അപകടത്തിനു കാരണം ലോക്കോ പൈലറ്റും കോ പൈലറ്റും ക്രിക്കറ്റ് മത്സരം കണ്ടുകൊണ്ടിരുന്നതാണ്.
ലോക്കോ പൈലറ്റുമാരുടെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെയും ശ്രദ്ധ ട്രെയിൻ ഓടിക്കുന്നതിൽ തന്നെയാണെന്ന് ഉറപ്പുവരുത്തിനും, ഏതെങ്കിലും തരത്തിൽ ശ്രദ്ധ പാളുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനുമായി പ്രത്യേക സംവിധാനങ്ങൾ സ്ഥാപിക്കും.’’ മന്ത്രി പറഞ്ഞു.സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ അപകടം ഉണ്ടാകുമ്പോഴും കൃത്യമായി പരിശോധിച്ച് കാരണങ്ങൾ കണ്ടെത്തി അത് ആവർത്തിക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലെ ഹൗറ–ചെന്നൈ പാതയിലാണ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. കഴിഞ്ഞ വർഷം ജൂൺ 2ന് ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തം നടന്ന അതേപാതയിൽ തന്നെയായിരുന്നു ഈ അപകടവും.ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോൺ വാൾട്ടെയ്ർ ഡിവിഷനിൽ കണ്ടകാപ്പള്ളിക്കും അലമാന്ദായ്ക്കും ഇടയിൽ വിശാഖപട്ടണം–റായഗഡ പാസഞ്ചർ ട്രെയിനും വിശാഖപട്ടണം–പലാസ പാസഞ്ചർ ട്രെയിനുമാണ് കൂട്ടിയിടിച്ചത്.
കേബിൾ പൊട്ടിവീണതിനെ തുടർന്ന് സാവധാനത്തിലായിരുന്ന റായഗഡ പാസഞ്ചർ ട്രെയിനിനു പിന്നാലെ വന്ന വിശാഖപട്ടണം–പലാസ പാസഞ്ചർ റെഡ് സിഗ്നൽ അവഗണിച്ച് മുന്നിലെ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മൂന്നു ബോഗികൾ പാളംതെറ്റി.
ജൂൺ 2ന് ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ ഇടിച്ചു പാളം തെറ്റിയ ബെംഗളൂരു – ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ ബോഗികളിലേക്ക് കൊറമാണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറി 296 പേരാണു കൊല്ലപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.