കാസർകോട്: അടിപിടിക്കേസിലെ പ്രതിയെ അന്വേഷിച്ചിറങ്ങിയ പോലീസ് പരാതിക്കാരന്റെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ബേത്തൂർപാറ സ്കൂൾ പരിസരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുന്നുവെന്ന് സംശയിച്ച് ചിലരെ ചോദ്യംചെയ്തതിന് ബേത്തൂർപാറയിലെ കെ.സച്ചിനെ കുറ്റിക്കോൽ തമ്പുരാട്ടിക്ഷേത്രം കളിയാട്ടത്തിനിടെ ഒരുകൂട്ടം ആളുകൾ മർദിച്ചിരുന്നു. മർദനത്തിൽ സാരമായി പരിക്കേറ്റ സച്ചിൻ ബേഡകം പോലീസിൽ പരാതി നൽകിയിരുന്നു.ഫെബ്രുവരി 27-ന് നടന്ന സംഭവത്തിൽ എട്ടുപേരെ പ്രതി ചേർത്തിരുന്നെങ്കിലും രണ്ടുപേരെ മാത്രമാണ് പോലീസിന് പിടിക്കാനായത്. പോലീസിന്റെ അലംഭാവത്തിനെതിരേ പ്രദേശത്തെ സംഘടനകളും രാഷ്ട്രീയപാർട്ടിയും രംഗത്തുവന്നതോടെ പ്രതികളെ പിടിക്കാനുറച്ച് പോലീസിറങ്ങി.
കേസിനെക്കുറിച്ച് അന്വേഷിച്ചവരോട് പ്രധാന പ്രതി ബേത്തൂർപാറ, പരപ്പ ഭാഗങ്ങളിലുണ്ടെന്നും ഉടൻ പിടിക്കാനാകുമെന്നുമാണ് പോലീസ് പറഞ്ഞത്. പ്രതിയുടേതെന്ന് കരുതി പരാതിക്കാരന്റെ ഫോൺ നമ്പറിന്റെ ലൊക്കേഷനാണ് പോലീസ് തിരഞ്ഞത്.
ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ പോലീസ് പുലർച്ചെ സച്ചിന്റെ വീട്ടിലെത്തി വീട്ടുകാരെ വിളിച്ചുണർത്തി. സച്ചിന്റെ അച്ഛനോട് മകനെ പുറത്തിറക്കണമെന്ന് പറയുകയും ചെയ്തു. സച്ചിനെ കണ്ടപ്പോഴാണ് പോലീസിന് അബദ്ധം മനസ്സിലായത്.
വീടിന് ചുറ്റിലും അഞ്ച് പോലീസുകാരുണ്ടായിരുന്നതായി സച്ചിൻ പറഞ്ഞു. മൊബൈൽ നമ്പർ മാറിപ്പോയതാണ് വീട് വളയാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണത്തിന്റെ ഭാഗമായി കയറിയതാണെന്ന് പറഞ്ഞാണ് എസ്.ഐ.യും സംഘവും മടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.