എറണാകുളം: തിരക്കുള്ള ബസ് സ്റ്റോപ്പിൽ യാത്രക്കാർ നോക്കി നിൽക്കെ സിവിൽ പൊലീസ് ഓഫിസർക്കു മദ്യപന്റെ ക്രൂര മർദനം.
കസ്റ്റഡിയിൽ എടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോൾ നഴ്സിന്റെ മുഖത്തു ചവിട്ടി. സമീപത്തുണ്ടായിരുന്ന എസ്ഐയെയും അടിച്ചു. സംഭവത്തിൽ കുരീക്കാട് പാത്രയിൽ പി.എസ്. മാധവനെ (64) ഹിൽപാലസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഹിൽപാലസ് സ്റ്റേഷനിലെ സിപിഒ കടുത്തുരുത്തി ഞാറക്കാലയിൽ എൻ.കെ. റെജിമോൾ (42), താലൂക്ക് ആശുപത്രി നഴ്സിങ് ഓഫിസർ എരൂർ യശോറാം നഗർ അർജുൻ നിവാസിൽ ജി. ദിവ്യ (35) എന്നിവർക്കാണു മർദനമേറ്റത്.
ഇന്നലെ വൈകിട്ട് 5.30നു കിഴക്കേക്കോട്ട ബസ് സ്റ്റോപ്പിനു സമീപമുള്ള ഷോപ്പിങ് കോംപ്ലക്സിലായിരുന്നു ആദ്യ സംഭവം. മദ്യപിച്ച് വെളിവില്ലാതെ അസഭ്യം പറഞ്ഞു നടന്ന മാധവൻ ബസ് സ്റ്റോപ്പിന് സമീപം നിന്ന പെൺകുട്ടികളോട് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്നു റെജിമോൾ പറഞ്ഞു.
ഷോപ്പിങ് കോംപ്ലക്സിലേക്കു ഓടിക്കയറിയ ഒരു പെൺകുട്ടിയെ പ്രതി കടന്നുപിടിക്കുകയും ചെയ്തു. ഈ കുട്ടിയുടെ കരച്ചിൽ കേട്ടാണു ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകാൻ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന റെജിമോൾ ഓടിച്ചെന്നത്. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തള്ളിയിട്ട ശേഷം മർദിക്കുകയായിരുന്നു.മർദനത്തിൽ റെജിമോളുടെ ഫോൺ നഷ്ടപ്പെട്ടു. വസ്ത്രവും കീറി. അര മണിക്കൂറിലേറെ താൻ അക്രമിയോടു പൊരുതുന്നതു കണ്ടിട്ടും കാഴ്ചക്കാർ ഇടപെട്ടില്ലെന്നും ആരും അക്രമിയെ പിടിച്ചു മാറ്റാൻ പോലും തയാറായില്ലെന്നും റെജിമോൾ പറഞ്ഞു.
ഒടുവിൽ 2 യുവാക്കൾ എത്തിയാണ് പ്രതിയെ പിടിച്ചു മാറ്റിയത്. ഇതിനുശേഷം മാധവനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ചികിത്സ നൽകുന്നതിനിടെ ഇയാൾ നഴ്സ് ജി. ദിവ്യയുടെ മുഖത്ത് ചവിട്ടി. സമീപം നിന്ന എസ്ഐ രാജൻ പിള്ളയുടെ മുഖത്ത് അടിക്കുകയും ചെയ്തു.
തുടർന്നു ആശുപത്രി ജീവനക്കാരും പൊലീസും ചേർന്നു പ്രതിയെ കെട്ടിയിടുകയായിരുന്നു. മർദനമേറ്റ സ്ത്രീയുടെ മൊഴി പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് ഹിൽപാലസ് പൊലീസ് പറഞ്ഞു.
താലൂക്ക് ആശുപത്രിയിൽ അടുത്തിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ടെങ്കിലും നടപടി ഇല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.