കാസർഗോഡ്: അന്നം നല്കിയ നാടിന് ജീവന് കൊണ്ടൊരു പ്രത്യുപകാരംചെയ്ത് രതീഷ്. യു.എ.ഇയില്‍ വാഹനാപകടത്തില്‍പ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച ചാമുണ്ഡിക്കുന്നിലെ പി.ആര്. രതീഷ് (34) ഇനി വിദേശത്തുള്ള അഞ്ചുപേരിലൂടെ ജീവിക്കും.
ഹൃദയം, വൃക്കകള്‍, കരള്‍, ശ്വാസകോശം എന്നിവ പകുത്തുനല്കി പ്രവാസലോകത്ത് പുതുചരിത്രം തീര്ത്തിരിക്കുകയാണിയാള്.ഫെബ്രുവരി 28-ന് ദുബായിലാണ് രതീഷിന് അപകടം സംഭവിച്ചത്.രാവിലെ ജോലിക്കു പോകാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ചരക്കുലോറിയിടിച്ച് ദുബായി എന്‍.എം.സി. ആശുപത്രിയിലായി. തലയ്ക്ക് ഗുരുതരപരിക്ക് പറ്റിയതിനാല്‍ രണ്ട് ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. മാര്‍ച്ച് അഞ്ചിന് ഡോക്ടര്‍മാരുടെ സംഘം മസ്തിഷ്കമരണം സ്ഥിരീകരിച്ചു.
തുടര്‍ന്ന് യു.എ.ഇ. ആരോഗ്യമന്ത്രാലയം രതീഷിന്റെ ആരോഗ്യസ്ഥിതിയും അവയവദാനത്തിന്റെ പ്രാധാന്യവും കുടുംബത്തെ ധരിപ്പിച്ചു. നഴ്സ് കൂടിയായ സഹോദരി രമ്യ അവയവദാനത്തിന് സമ്മതമറിയിച്ചു.
അബുദാബിയിലെ ക്ലിവലന്റ് ക്ലിനിക്കില്‍ 13-ന് യു.എ.ഇ. സമയം രാവിലെ ഏഴിന് നടന്ന ശസ്ത്രക്രിയയില്‍ ശരീരത്തില്‍നിന്ന് അവയവങ്ങള്‍ വേര്‍പെടുത്തി. പ്രത്യേകം തയ്യാറാക്കിയ ഹെലികോപ്റ്ററില്‍ ഹൃദയവും മറ്റ് അവയവങ്ങളും യു.എ.ഇയിലെ വിവിധ ആശുപത്രികളിലെത്തിച്ചു.
ജോസഫ് അഡ്വര്‍ടൈസിങ് കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായി 10 വര്‍ഷം മുന്‍പാണ് രതീഷ് ദുബായിലെത്തിയത്. അതിനിടയില്‍ നാട്ടിലെ 10 പേര്‍ക്ക് രതീഷ് ദുബായിയില്‍ ജോലി ശരിയാക്കി. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന് ഉപേക്ഷിച്ചുപോയി.
പിന്നീട് അമ്മ പുഷ്പമണിക്കും സഹോദരിക്കും വേണ്ടി പഠനം ഉപേക്ഷിച്ച് നാട്ടില്‍ ചെറിയ ജോലികള്‍ചെയ്തു. അതിനിടെ സഹോദരിയുടെ വിവാഹം, വീട് എന്നിവയ്ക്കായി വലിയ കടബാധ്യത വന്നു. അങ്ങനെ വലിയ സ്വപ്നങ്ങളുമായി കടല്‍ കടന്നു.
വീടും പറമ്പും ജപ്തിചെയ്യാന്‍ ബാങ്കില്‍നിന്ന് നടപടി തുടങ്ങിയ സമയത്ത് രതീഷിന് സംഭവിച്ച അപകടം കുടുംബത്തിന് ഇരട്ടപ്രഹരമായി. രതീഷിന്റെ കുഞ്ഞമ്മയുടെ മക്കളായ അര്ജുന്, അഭിജിത് എന്നിവരാണ് യു.എ.ഇയില്‍ രതീഷിനോടൊപ്പം ഉണ്ടായിരുന്നത്.
അഭിജിത് മൃതദേഹത്തെ അനുഗമിച്ച് നാട്ടിലെത്തി.അന്യരാജ്യത്ത് അവയവങ്ങള്‍ ദാനംചെയ്തതിലൂടെ രതീഷ് ഇന്ത്യയുടെ അഭിമാനമായതായി യു.എ.ഇ. ആരോഗ്യമന്ത്രാലയത്തിലെ സീനിയര്‍ സര്‍ജനും ഹൈദരാബാദ് സ്വദേശിയുമായ ഡോ. നാഗേശ്വര്‍ ബണ്ട്ല കുടുംബത്തിന് നല്കിയ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.