തിരുവനന്തപുരം: തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിൽ കലാമണ്ഡലം ഗോപിയാശാനെ വാനോളം പുകഴ്ത്തി മന്ത്രിമാരായ വി ശിവൻകുട്ടിയും വീണ ജോർജ്ജും. ഗോപിയാശാന്റെ കീചകവധമെന്നായിരുന്നു ശിവൻകുട്ടിയുടെ പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിൽ കലാമണ്ഡലം ഗോപിയുടെ ചിത്രമുൾപ്പെടെ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രതികരണം. അതേസമയം, പ്രലോഭനങ്ങളിൽ നട്ടെല്ല് വളക്കാത്ത കലാമണ്ഡലം ഗോപിയാശാന് സ്നേഹാദരമെന്നായിരുന്നു മന്ത്രി വീണാ ജോർജ്ജിന്റെ കുറിപ്പ്.
പ്രലോഭനങ്ങളിൽ നട്ടെല്ല് വളക്കാത്ത കലാമണ്ഡലം ഗോപിയാശാന് സ്നേഹാദരം. ഗോപി ആശാൻ എന്ന മഹാപ്രതിഭയ്ക്കുള്ളത് ലോകത്തിലെ ഏതു വജ്രത്തേക്കാളും തിളക്കമാണെന്നും' കുറിപ്പിൽ പറയുന്നു. അതിനിടെ, കലാണ്ഡലം ഗോപിയുടെ മകന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റില്‍ കൂടുതല്‍ പ്രതികരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതെന്നും ഒരാളെയും ഗോപിയാശാനെ കാണുന്നതിനായി ചുമതല ഏല്‍പ്പിച്ചിട്ടില്ലെന്നും ഏല്‍പ്പിക്കാനും ഉദ്ദേശിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
താൻ എല്ലാ കാര്യങ്ങളും ഏല്‍പ്പിക്കുന്നത് ബിജെപി ജില്ലാ അധ്യക്ഷൻ അനീഷിനെയാണ്. ഗോപിയാശാനെ ബന്ധപ്പെട്ടില്ല. ഗോപിയാശാന്‍റെ മകന്‍റെ പോസ്റ്റ് വായിച്ചിട്ടില്ല. മുമ്പ് പലതവണ ഗോപിയാശാനെ കണ്ടിട്ടുണ്ട്. മുമ്പ് അദ്ദേഹത്തിന് മുണ്ടും നേര്യതും നല്‍കി വണങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. ഗോപിയാശാന്‍റെ ഡോക്യൂമെന്‍ററി ഞാനാണ് പ്രകാശനം ചെയ്തത്.
മകന്‍റെ പ്രതികരണം ഗോപിയാശാന്‍റെ മനസ്സാണോ എന്നത് അറിയില്ല. പ്രമുഖരായ കലാകാരന്മാര്‍ മാത്രമല്ല, പ്രമുഖരായ വ്യക്തികളുണ്ട്. ഇവരെയെല്ലാം എല്ലാ സ്ഥാനാര്‍ത്ഥികളും കാണുന്നതാണ്. താനൊരു ഗുരുത്വത്തിന്‍റെ പേരിലാണ് ഇത്തരത്തില്‍ വ്യക്തികളെ കണ്ട് അനുഗ്രഹം തേടുന്നത്. ഗുരുനാഥ തുല്യരായവരെയാണ് കാണുന്നത്. അത്തരത്തില്‍ ഗോപിയാശാൻ ഗുരുതുല്യനാണ്. ഗുരുവെന്ന നിലയില്‍ അദ്ദേഹത്തെ വണങ്ങാൻ ഇനിയും ആഗ്രഹമുണ്ട്. പാര്‍ട്ടി ജില്ലാ അധ്യക്ഷനോട് ഈ ആവശ്യം പറയും.
ഗോപിയാശാനെ നേരിട്ട് കണ്ട് അനുഗ്രഹം തേടാനായില്ലെങ്കില്‍ ഗുരുവായൂരപ്പന്‍റെ നടയിൽ വെറ്റിലയും അടക്കയും മുണ്ടും നേര്യതും സമര്‍പ്പിച്ച് ഗോപിയാശാന് മനസുകൊണ്ട് പൂജ അര്‍പ്പിച്ച് അനുഗ്രഹം തേടും. ഗോപിയാശാന് പ്രയാസമുണ്ടെങ്കില്‍ മാനസപൂജ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരത്തില്‍ കാണാൻ കഴിയാത്തവര്‍ക്കായി മനസുകൊണ്ട് പൂജ അര്‍പ്പിക്കാറുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ മണലൂര്‍ വെസ്റ്റ് സെന്‍റ് ജോസഫ് ചര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.