കാസർഗോഡ് ;കാഞ്ഞങ്ങാട് വാടക ക്വാർടേഴ്സിൽ നടന്ന കൂട്ടമരണത്തിൽ എഴുതിയെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് പുറത്ത്.
മാതാവിനെയും ഭാര്യയേയും കേബിൾ വയർ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയ ശേഷം സൂര്യപ്രകാശ് ജീവനൊടുക്കിയതാണന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്. ഇവിടെ നിന്നും കണ്ടെത്തിയ കുറിപ്പിൽ നിന്നും ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു.കാഞ്ഞങ്ങാട് നഗരത്തിൽ വർഷങ്ങളായി 'സയൻ്റിഫിക്' എന്ന വാച് റിപയറിങ് സ്ഥാപനം നടത്തുന്ന സൂര്യപ്രകാശ് (62), മാതാവ് ലീല (80), ഭാര്യ ഗീത (55) എന്നിവരെയാണ് ആവിക്കര മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടിൽ ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മയേയും ഭാര്യയേയും കൊലപെടുത്തിയതാണെന്ന് ആത്മഹത്യ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. കടുത്ത സാമ്പത്തിക ബാധ്യതയാണ് കാരണമെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും എന്താണ് ബാധ്യതകളെന്ന് വ്യക്തമാക്കിയിട്ടില്ല.കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് പിന്നിലുള്ള ഹബീബ് ക്വാർടേഴ്സിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വർഷങ്ങളായി ഇവർ ഇവിടെ താമസിച്ച് വരികയായിരുന്നു. സൂര്യപ്രകാശ് - ഗീത ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്.
അജയ് എന്ന മകൻ ജോലി ആവശ്യാർത്ഥം എറണാകുളത്താണ് ഉള്ളത്. പെൺമക്കളായ ഐശ്വര്യയും ആര്യയും വിവാഹിതരായി ഭർത്താക്കന്മാരുടെ വീട്ടിലാണുണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ സൂര്യപ്രകാശ് മകനെ ഫോണിൽ വിളിച്ച് അമ്മയും വല്യമ്മയും പോയി, താനും പോകുന്നു എന്ന് പറഞ്ഞിരുന്നു.
ഇതേ തുടർന്ന് ഉടൻ തന്നെ മകൻ സുഹൃത്തിനെ വിളിച്ച് വീട്ടിൽ പോകാൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ലീലയുടെയും ഗീതയുടെയും മൃതദേഹങ്ങൾ കിടപ്പ് മുറികളിലും സൂര്യപ്രകാശിനെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റും. സയൻ്റിഫിക്, ഫോറൻസിക് വിഭാഗങ്ങൾ സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുക.
വിവരം അറിഞ്ഞ് കാഞ്ഞങ്ങാട് ഡി വൈ എസ് പി എംപി വിനോദ്, ഹൊസ്ദുർഗ് ഇൻസ്പെക്ടർ എം പി ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
വീടും പ്രദേശവും പൊലീസ് ബന്തവസിലാണ്. മകളുടെ ഭർത്താവ് അതിയാമ്പൂരിലെ പി വി ഷാലുവിൻ്റെ മൊഴി പ്രകാരമാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.