ഇസ്‍ലാമാബാദ്: പാകിസ്താനിൽ വ്യാഴാഴ്ചനടക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തുടർച്ചയായ അക്രമപരമ്പരകൾ ഭീഷണിയുയർത്തുന്നുണ്ടെങ്കിലും വോട്ടെടുപ്പ് മാറ്റമില്ലാതെ നടക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷനും സർക്കാരും അറിയിച്ചിട്ടുണ്ട്.
പി.എം.എൽ.-എൻ. നേതാവും മുൻപ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ്, പി.പി.പി. നേതാവും മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനുമായ ബിലാവൽ ഭൂട്ടോ സർദാരി എന്നിവരാണ് മത്സരരംഗത്തെ പ്രമുഖർ. പ്രധാന പ്രതിപക്ഷമായ പി.ടി.ഐ. സ്ഥാപകനും ചെയർമാനുമായ മുൻപ്രധാനമന്ത്രി ഇമ്രാൻഖാൻ ജയിലിലാണ്. അദ്ദേഹത്തിനുവേണ്ടി വ്യത്യസ്തമായ പ്രചാരണരീതികളാണ് നടക്കുന്നത്.
മുഖംമൂടിയും ശിരോവസ്ത്രവും ധരിച്ച യുവതികൾ വീടുകൾ കയറിയിറങ്ങി ലഘുലേഖകളും മറ്റും വിതരണം ചെയ്യുന്നു. നിർമിതബുദ്ധിയും (എ.ഐ.) സാമൂഹികമാധ്യമങ്ങളും വ്യാപകമായി പ്രയോജനപ്പെടുത്തുന്നു.നേരത്തേ, ജയിലിൽക്കഴിയുന്ന ഇമ്രാൻഖാൻ പ്രസംഗിക്കുന്ന വീഡിയോ എ.ഐ. ഉപയോഗിച്ച് നിർമിച്ചിട്ടുണ്ട്. അത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. അഴിമതിയടക്കമുള്ള വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് നിലവിൽ ജയിൽശിക്ഷ അനുഭവിക്കുകയാണ് ഇമ്രാൻ. 2018-ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ച ഇമ്രാന് 2022-ലാണ് അധികാരം നഷ്ടമായത്.
മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരേ മത്സരിക്കുന്ന വനിതാ സ്ഥാനാർഥിക്കെതിരേ പുതിയ കേസ്. എതിർസ്ഥാനാർഥിയും ഇമ്രാൻഖാന്റെ പാർട്ടിയായ തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ.) പ്രവർത്തകയുമായ ഡോ. യാസ്‌മിൻ റഷീദിനെതിരേയാണ് തീവ്രവാദക്കുറ്റം ചുമത്തിയത്.
ഇമ്രാന്റെ പാർട്ടിക്കെതിരേ പാകിസ്താനിൽ വ്യാപകമായ അടിച്ചമർത്തൽ നടക്കുകയാണെന്ന ആരോപണങ്ങൾക്കിടെയാണിത്. പാർട്ടിയുടെ ചിഹ്നമായ ‘ബാറ്റ്’ തിരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കിയതോടെ സ്വതന്ത്രരായാണ് (പി.ടി.ഐ.) സ്ഥാനാർഥികൾ മത്സരിക്കുന്നത്.
ഇതിനിടെയാണ് പുതിയ കേസുകൾ ചുമത്തി സ്ഥാനാർഥികളെ ദുർബലരാക്കാൻ ശ്രമംനടക്കുന്നത്. കഴിഞ്ഞ മേയിൽ ഇമ്രാൻഖാനെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് രാജ്യത്ത് കലാപം നടന്നിരുന്നു. ഇൗ സംഭവത്തിലാണ് ഇപ്പോൾ യാസ്‌മിനെതിരേ കേസെടുത്തത്.
തിരഞ്ഞെടുപ്പ് തോൽക്കുമെന്ന ഭയത്താൽ നവാസ് ഷെരീഫ് സ്വാധീനം ഉപയോഗിച്ച് എതിർസ്ഥാനാർഥിക്കെതിരേ തിരിയുകയാണെന്ന് പി.ടിഐ പ്രവർത്തകർ ആരോപിച്ചു.തിരഞ്ഞെടുപ്പിൽ 100 വിദേശനിരീക്ഷകരെത്തുമെന്ന് പാക് തിരഞ്ഞെടുപ്പ് കമ്മിഷൻ മേധാവി സിക്കന്ദർ സുൽത്താൻ രാജ പറഞ്ഞു.തിരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള സാങ്കേതികസംവിധാനമായ ഇലക്ഷൻ മാനേജ്മെന്റ് സിസ്റ്റം (ഇ.എം.എസ്.) തയ്യാറായിട്ടുണ്ടെന്നും അറിയിച്ചു. അതേസമയം, തിരഞ്ഞെടുപ്പിന്റെ സുതാര്യതയിൽ യു.എസ്. ആശങ്കപ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിച്ചുവരുകയാണ്. എല്ലാ രാഷ്ട്രീയപ്പാർട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും യു.എസ്. വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.