തലശേരി മാഹി ബൈപ്പാസ് ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. തലശ്ശേരി - മാഹി ബൈപാസ് നിർമാണം പൂർത്തിയാകുന്നതോടെ വടകരയിൽ നിന്നും തലശ്ശേരിയിലേക്കുള്ള യാത്രാ സമയം കുത്തനെ കുറയ്ക്കും. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപ്പാസ് നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ ബൈപ്പാസിലെ ടോൾ നിരക്കുകൾ പുറത്തുവന്നിരിക്കുന്നു.
മാഹി ബൈപ്പാസിലൂടെ സഞ്ചരിക്കുന്ന കാർ, ജീപ്പ്, വാൻ തുടങ്ങി ചെറു സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപ ടോൾ നൽകണം. ബസുകൾക്ക് 225 രൂപയാകും. ഇരുവശത്തേക്കും യാത്രയുണ്ടെങ്കിൽ നിരക്ക് നൂറാകും. പ്രതിമാസം 50 യാത്രകൾക്ക് 2195 രൂപ നല്‍കേണ്ടി വരും. ആകെ 18.6 കിലോമീറ്റർ ദൂരമുളള ബൈപ്പാസിൽ കണ്ണൂർ ജില്ലിയിലെ കൊളശ്ശേരിക്കടുത്താണ് ടോൾ പ്ലാസ. ടോൾ പ്ലാസ കണ്ണൂർ ജില്ലയിലായത് കൊണ്ട് ഇവിടെ രജിസ്റ്റർ ചെയ്ത ടാക്സി വാഹനങ്ങൾക്ക് 35 രൂപയാണ് നിരക്ക്. മിനി ബസുകൾക്കും ചെറു വാണിജ്യ വാഹനങ്ങൾക്കും 105 രൂപ നിരക്കുണ്ട്. ബസിനും ലോറിക്കും ഒരു വശത്തേക്ക് 225 രൂപയാണ്. ഇരുവശത്തേക്കും യാത്ര ചെയ്യാൻ 335 രൂപയാകും. പ്രതിമാസം 7430 രൂപക്ക് പാസും കിട്ടും. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുളളവരുടെ സ്വകാര്യ വാഹനങ്ങൾക്ക് പ്രതിമാസം 330 രൂപ നിരക്കിലാണ് പാസ്. വടക്കേ ഇന്ത്യയിൽ നിന്നുള്ള സ്ഥാപനത്തിനാണ് ടോൾ പിരിക്കാൻ കരാർ.
അതേസമയം ദേശീയപാതയിൽ നിലവിൽ കല്യാശ്ശേരിയിൽ ടോൾ പ്ലാസ പണിയുന്നുണ്ട്. 60 കിലോമീറ്ററിൽ ഒരു ടോൾ പിരിവ് എന്നതാണ് നയം. അങ്ങനെയെങ്കിൽ ദേശീയപാതാ നവീകരണം പൂർത്തിയായാൽ മാഹി ബൈപ്പാസിലെ ടോൾ പിരിവ് ഒഴിവാക്കും.
മാഹി, തലശേരി പട്ടണങ്ങളിൽ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് ഭാഗത്തുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ 20 മിനിറ്റ് കൊണ്ട് വാഹനങ്ങൾക്ക് എത്തിച്ചേരാം എന്നുള്ളതാണ് ബൈപ്പാസിന്‍റെ ഗുണം. തലശേരി, മാഹി പട്ടണങ്ങളിലെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽപ്പെടാതെ ഈ ആറുവരി പാതയിലൂടെ സഞ്ചരിക്കാം. ഭൂമി ഏറ്റെടുക്കലടക്കം 1181 കോടി രൂപയാണ് ചെലവ്. എറണാകുളം പെരുമ്പാവൂരിലെ ഇകെകെ കമ്പനിക്കാണ് നിർമ്മാണ ചുമതല.
2021 ലായിരുന്നു പാത ഗതാഗതത്തിന് തുറന്നുകൊടുക്കേണ്ടിയിരുന്നത്. എന്നാൽ പ്രളയം, കോവിഡ് എന്നീ കാരണങ്ങളാൽ പ്രവൃത്തി പൂർത്തീകരിക്കാൻ രണ്ട് വർഷം നീണ്ടുപോയി. ബാലത്തിൽ പാലം പ്രവൃത്തി നടക്കവെ 2020 ൽ ഇതിന്റെ ബീമുകൾ പുഴയിൽ പതിച്ചതോടെയാണ് പ്രവൃത്തി പൂർത്തീകരിക്കൽ പിന്നെയും വൈകി. 900 മീറ്റർ നീളമായിരുന്നു പാലത്തിന്റേത്. വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിനാൽ പ്രദേശ വാസികളുടെ പ്രതിഷേധം കാരണം ദേശീയപാത വിഭാഗം പാലത്തിന്റെ നീളം വീണ്ടും 66 മീറ്റർ കൂടി നീട്ടിയിരുന്നു.
പാലയാട് നിന്നു തുടങ്ങി തലശ്ശേരി ബാലം വഴി 1170 മീറ്റർ നീളുന്ന പാലം ഉൾപ്പെടെ നാലു വലിയ പാലങ്ങളും അഴിയൂർ മുക്കാളിയിലെ റെയിൽവേ മേൽപാലം, നാല് വെഹിക്കുലാർ അണ്ടർപാസുകൾ, 12 ലൈറ്റ് വെഹിക്കുലാർ അണ്ടർപാസുകൾ, ഒരു വെഹിക്കുലാർ ഓവർപാസ്, അഞ്ച് സ്മോൾ വെഹിക്കുലാർ അണ്ടർപാസുകൾ, എന്നിവയാണ് മാഹി - മുഴപ്പിലങ്ങാട് ബൈപാസിൽ ഉൾപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.