സമീപകാലത്ത് കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക മേഖലകളിൽ ഒളിഞ്ഞും തെളിഞ്ഞും കേരളത്തിലെ ക്രൈസ്തവർ അവഗണിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നുണ്ട്.കേരളത്തിന്റെ നവോത്ഥാനത്തിനും സാമുഹിക പുരോഗതിക്കും അടിത്തറയിട്ട് കഴിഞ്ഞ രണ്ടായിരത്തോളം വർഷമായി ഈ നാട്ടിൽ അധിവസിച്ച് പോരുന്ന ക്രൈസ്തവ സമൂഹം ഇപ്പോൾ മാറ്റിനിറുത്തപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു.
കക്കുകളി നാടക വിവാദവും,ക്രൈസ്തവ വിശ്വാസങ്ങളെ വികലമാക്കികൊണ്ടുള്ള സിനിമാ വ്യവസായവും, ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരെ മുഴുവന്‍ മോശമായി ചിത്രീകരിക്കുന്ന പ്രസ്‌താവനകളും,ക്രിസ്മസ് ആഘോഷിക്കുന്നതിനെ പോലും ഭയക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന പ്രവണതയും കേരളത്തിൽ വർധിച്ചു വരുന്നു.
ഇപ്പോഴിതാ ആരാധന നടന്നുകൊണ്ടിരുന്ന പൂഞ്ഞാർ ദേവാലയ പരിസരത്ത് വൈദികനെ വാഹനം കൊണ്ട് ഇടിച്ചിടുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ വരെ ക്രൈസ്തവ വിരുദ്ധത എത്തി നിൽക്കുന്നു.കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഈ വാർത്ത തമസ്കരിച്ചെങ്കിലും ക്രൈസ്തവരുടെ അഭിമാനമായ കേരളത്തിലെ ആദ്യ ദിനപത്രം ദീപിക കൊണ്ട് മാത്രം ലോകം മുഴുവനും ക്രൈസ്തവർക്കെതിരെ നടന്ന ഈ ആക്രമണം പുറത്തു വന്നു.ലഹരി മാഫിയ അഴിഞ്ഞാടുന്ന കേരളത്തിലെ ഇത്തരം പ്രദേശങ്ങളിൽ കേന്ദ്ര ഏജൻസികളുടെ നിരന്തരമായ സാന്നിധ്യവും ഇടപെടലുകളും ഉടൻ തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു.
കേരളത്തിലെ ചാനൽ ചർച്ചകളിലേയും സമൂഹമധ്യമങ്ങളിലേയും നിറസാന്നിധ്യങ്ങളായ ലിബറൽ രാഷ്ട്രീയക്കാരും, പുരോഗമനവാദികളും ബുദ്ധിജീവികളും എന്ന് സ്വയം വിശേഷിപ്പിക്കുന്ന സാമൂഹിക പ്രവർത്തകരും നിരീശ്വരവാദികളായ സാമുഹിക നിരീക്ഷകരും ക്രൈസ്തവ വിരുദ്ധത സമൂഹത്തിൽ പടച്ചുവിടുന്നു. കേരളത്തിൽ അടുത്ത കാലത്തൊന്നും ഇല്ലാതിരുന്ന സ്വത്വചിന്തയും അരക്ഷിതബോധവും ക്രൈസ്തവർക്കുണ്ടായിട്ടുണ്ട്.ഇന്ന് നേരിട്ടും പരോക്ഷമായും സാമൂഹിക വിഷയങ്ങളിൽ ക്രൈസ്തവർ പ്രതികരിച്ച് തുടങ്ങിയിരിക്കുന്നു. മുൻപൊക്കെ സഭകളുടെയും റീത്തിന്റെയും പേരിൽ വിഭജിക്കപ്പെട്ടവർ ഇന്ന് അത്തരം കാര്യങ്ങളെല്ലാം മാറ്റി വെച്ച് ഒരേ ആവശ്യങ്ങൾ മുൻ നിർത്തി ഐക്യത്തോടെ പ്രതികരിക്കുന്നു.ആദ്യമൊക്കെ അവഗണിക്കാൻ ശ്രമിച്ച പലർക്കും ഇന്ന് അവഗണിക്കാൻ പറ്റാത്ത വിധത്തിലേയ്ക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു.
ക്രൈസ്തവ സമുദായത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത കഴിഞ്ഞ കുറച്ച് കാലമായി കേരളീയ സമൂഹത്തിൽ പ്രകടമായിരുന്നു. മാധ്യമങ്ങളും രാഷ്ട്രീയക്കാരും എന്നു വേണ്ട വഴിയെ നടന്നു പോകുന്നവന് പോലും വിമർശിക്കാവുന്ന സാഹചര്യം സംജാതമായിരുന്നു.പത്രമാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും ക്രൈസ്തവ സമൂഹത്തെയും അതിന്റെ വിശ്വാസത്തെയും പറ്റി നിറം പിടിപ്പിച്ച കഥകൾ മെനയുന്നു.എന്നാൽ ശക്തമായി പ്രതികരിക്കാനും ഏതു കൊലകൊമ്പന്റെയും നേർക്ക് നിന്ന് പ്രതിഷേധിക്കാനും ആക്രമണങ്ങളെ പ്രതിരോധിക്കാനും കഴിക്കുന്ന വിധത്തിലേക്ക് ഈ സമൂഹം മാറിക്കൊണ്ടിരിക്കുന്നു എന്ന യാഥാർഥ്യം എല്ലാവരും മനസിലാക്കുന്നത് നല്ലതാണ്.
പലപ്പോഴും ക്രൈസ്തവ സമുദായവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാകുമ്പോൾ ക്രൈസ്തവ സമൂഹത്തെ വിമർശിക്കാനും ക്രൈസ്തവ വിരുദ്ധ ചേരിക്ക് പിന്തുണ കൊടുക്കാനുമായി ക്രൈസ്തവ നാമധാരികളായ വ്യക്തികൾ ഒരു വശത്ത് നിലയുറപ്പിച്ചിട്ടുണ്ടാവും. മിക്കവാറും ലിബറൽ ചിന്താഗതിക്കാരോ യുക്തിവാദികളോ ആയിരിക്കും ഇക്കൂട്ടർ. ക്രൈസ്തവ വിശ്വാസികളല്ലാത്ത ഇവർ ക്രൈസ്തവർ സംഘടിതമായി എടുക്കുന്ന തീരുമാനങ്ങളെയും നിലപാടുകളേയും ക്രൈസ്തവർ നടത്തുന്ന പ്രതിഷേധങ്ങളെയും വിമർശിച്ച് ക്രൈസ്തവ വിശ്വാസം ഇതല്ലന്നും, പ്രതിഷേധിക്കുന്നവരും പ്രതികരിക്കുന്നവരും ക്രൈസ്തവരല്ലന്നും വ്യാജ പ്രചരണം നടത്തുന്നു.
ഇന്ന് കേരളത്തിൽ വിവിധ ക്രൈസ്തവ ഗ്രൂപ്പുകൾ എല്ലാ എതിർപ്പുകളെയും നിശേഷം തള്ളിക്കളഞ്ഞു കൊണ്ട് കൂടുതൽ സംഘടിക്കുകയാണ്.ഇതിൽ ഭയചകിതരായവർ ക്രൈസ്തവരെ വർഗ്ഗീയ വാദികളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ഒരു വശത്തുകൂടി നടത്തുന്നുമുണ്ട്. പക്ഷെ എത്രയൊക്കെ വിമർശിച്ചാലും, എത്രയൊക്കെ എതിർത്താലും ക്രൈസ്തവർക്കിടയിൽ ഇന്നുണ്ടായിരിക്കുന്ന ഈ മുന്നേറ്റത്തെ തടയാൻ സാധിക്കില്ല. ക്രൈസ്തവരെ സംബന്ധിച്ച് ഈ ഉണർവ്വ് നവോത്ഥാനമാണ്.
തങ്ങൾക്കെതിരെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതി മെനഞ്ഞ ഗൂഡാലോചനകളും അവഗണനകളും തകർത്തു കൊണ്ട് സ്വന്തം വിശ്വാസത്തെയും സംസ്കാരത്തെയും ചേർത്ത് പിടിച്ച് മുന്നേറാൻ ഓരോ ക്രൈസ്തവ വിശ്വാസിക്കും സാധിക്കും. കേരളത്തിൽ ക്രൈസ്തവരും,ക്രൈസ്തവ വിശ്വാസങ്ങളും പൊതുമധ്യത്തിൽ അനാവശ്യ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു.ക്രൈസ്തവർ വലിയ രീതിയിലുള്ള സാമൂഹിക അസമത്വവും ഇക്കാലയളവിൽ നേരിട്ടു എന്നതും വിസ്മരിക്കാനാവില്ല. എങ്കിലും സഹനത്തിന്റെയും സഹകരണത്തിന്റെയും പാതയിലൂടെയാണ് ക്രൈസ്തവർ സഞ്ചരിക്കുന്നത്.
ന്യൂനപക്ഷ സമുദായം എന്ന രീതിയിൽ ക്രിസ്ത്യൻ സമുദായത്തിന് കിട്ടേണ്ട അനുകൂല്യങ്ങൾ സർക്കാർ നിഷേധിച്ചു.ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് ആർക്കോ വേണ്ടി പൂഴ്ത്തിവച്ചു.ചിലർക്ക് മാത്രം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പ്രതിഷേധവും ധർണ്ണയും, സാംസ്കാരിക പ്രവർത്തകരുടെ ഐക്യദാർഢ്യ പ്രകടനങ്ങളും മാധ്യമ സ്വീകാര്യതയും ഉണ്ടാകുമ്പോൾ, മറ്റൊരു വശത്ത് ക്രൂര പീഡനങ്ങൾക്ക് ഇരയായി കൊല്ലപ്പെടുന്ന നൂറുകണക്കിന് ക്രൈസ്തവരെ ആരും ഓർക്കാറുണ്ടായിരുന്നില്ല.
അവർക്ക് വേണ്ടി പ്രതിഷേധിക്കാൻ ആളുണ്ടായിട്ടില്ല, ആരവങ്ങളുണ്ടായിട്ടില്ല, സാംസ്കാരിക നായകരുടെ പിന്തുണയുമുണ്ടായിട്ടില്ല.മാധ്യമങ്ങൾ അത്തരം വിഷയങ്ങൾ കണ്ടതായി പോലും ഭാവിക്കാറില്ല.രാഷ്ട്രീയക്കാർ ക്രൈസ്തവ സമൂഹത്തെ ആവശ്യങ്ങള്‍ക്കുശേഷം പലപ്പോഴും അവഗണിക്കുന്നു. ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കും. പരമ്പരാഗത വോട്ട് ബാങ്കായി ക്രൈസ്തവ സമൂഹത്തെ ഇനിയും കാണേണ്ടതില്ല.
ഒരു കാര്യം എല്ലാവരും മനസിലാക്കണം.മാധ്യമങ്ങളുടെയോ രാഷ്ട്രീയക്കാരുടയോ, മറ്റ് തത്പരകക്ഷികളുടെയോ വിമർശനങ്ങളുടെ മുന്നിൽ ക്രൈസ്തവർ ഭയന്നു പിന്മാറുമെന്ന് വിചാരിക്കേണ്ട. ഉറച്ച നിലപാടുകളുമായി മൂന്നോട്ട് നീങ്ങും, പ്രതികരിക്കേണ്ട വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കും. ക്രൈസ്തവർ എങ്ങനെ ജീവിക്കണമെന്നോ എന്ത് നിലപാട് സ്വീകരിക്കണമെന്നോ തീരുമാനിക്കേണ്ടത് ക്രൈസ്തവ വിരുദ്ധത വിറ്റു ജീവിക്കുന്ന മാധ്യമങ്ങളോ രാഷ്ട്രീയക്കാരോ അല്ല.
ക്രൈസ്തവരെ സ്വാധീനിക്കുന്നത് ഏക സത്യദൈവവും ലോകരക്ഷകനുമായ യേശുക്രിസ്തുവാണ്.കാൽവരിയിലെ കുരിശിൽ മരിച്ച യേശുക്രിസ്തു ക്ഷമയും സഹനവും സ്നേഹവും മാത്രമല്ല പഠിപ്പിച്ചത്,മറിച്ച് ജറുസലേം ദൈവാലയത്തിലെ കച്ചവടക്കാരെ അടിച്ചു പുറത്താക്കിക്കൊണ്ട് തെറ്റു കണ്ടാൽ ചോദ്യം ചെയ്യാനുമാണ്.
കേരളത്തിൽ വോട്ട് ബാങ്ക് രാഷ്ട്രിയത്തിൽ ക്രൈസ്തവർക്ക് പ്രാധാന്യം നഷ്ടപ്പെടുകയും, സർക്കാർ പദ്ധതികളിൽ വലിയ അവഗണന നേരിടുകയും ചെയ്തു.ചിലർ ക്രൈസ്തവർ വർഗ്ഗീയവത്കരിക്കപ്പെടുന്നു എന്നു പറഞ്ഞ് മുതലക്കണ്ണീർ വാർക്കുന്നു.ക്രൈസ്തവർ വർഗ്ഗീയവത്കരിക്കപ്പെടുകയല്ല, മറിച്ച് കേരളത്തിലെ സാമൂഹികാവസ്ഥക്കനുസരിച്ച് മാറുക മാത്രമാണ് ചെയ്യുന്നത്.ക്രൈസ്തവ സമൂഹത്തെ വഞ്ചിക്കുന്ന ഭരണാധികാരികള്‍ കണക്ക് പറയേണ്ടി വരും.ക്രൈസ്തവ വിഭാഗത്തെ എന്നും വോട്ട് ബാങ്കുകളായി മാത്രം കണക്കാക്കുന്നവർ ദുഃഖിക്കേണ്ടി വരും.
കേരളത്തിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന അതിരുവിട്ട ക്രൈസ്തവ വിമർശനങ്ങളും,സർക്കാരിന്റെയും മാധ്യമങ്ങളുടെയും കടുത്ത ക്രൈസ്തവ വിരുദ്ധ നീക്കങ്ങളും കാണാതിരിക്കാനാവില്ല.ക്രൈസ്തവർ നേരിടുന്ന ഭീഷണികൾ,കൂടുതൽ ക്രൈസ്തവ വിരുദ്ധമായിക്കൊണ്ടിരിക്കുന്ന ഇവിടുത്തെ സാമൂഹികാവസ്ഥ മൂലമാണന്നും അതിന് പരിഹാരം കാണാതെ മുന്നോട്ടു പോകാനാവില്ല എന്ന തിരിച്ചറിവ് ക്രൈസ്തവർക്കുണ്ട്.ലഹരി മാഫിയയും ക്രൈസ്തവ വിരുദ്ധമായ അക്രമണങ്ങളും ഉണ്ടാകുന്ന കേരളത്തിലെ പ്രശ്ന ബാധിതമായ പ്രദേശങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ സാന്നിധ്യവും ഇടപെടലുകളും ആവശ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.