കൊട്ടാരക്കര: ഓയൂര്‍ മരുതമണ്‍ പള്ളി കാറ്റാടിയില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.
പ്രതികള്‍ പിടിയിലായതിന്റെ 70-ാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. എം.എം.ജോസ് കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ടില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.2023 നവംബര്‍ 27-ന് വൈകിട്ട് 4.20-നാണ് കാറിലെത്തിയ മൂന്നംഗ സംഘം ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്.
സഹോദരനോടൊപ്പം ട്യൂഷനായി പോവുകയായിരുന്ന കുട്ടിയെ റോഡില്‍ കാറില്‍ പിന്തുടര്‍ന്ന സംഘം കാറിനുള്ളിലേക്കു വലിച്ചുകയറ്റുകയായിരുന്നു. സഹോദരന് ജോനാഥന് ഇതിനെ ചെറുത്തെങ്കിലും അവനെ പുറത്തേക്കുതള്ളി പെണ്‍കുട്ടിയുമായി സംഘം കടന്നു.
പോലീസും നാട്ടുകാരും നാടാകെ കുട്ടിക്കായി തിരയുമ്പോള്‍ രാത്രി ഏഴരയോടെ പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു ഫോണ്‍ വിളിയെത്തി. നാടകീയമായ മണിക്കൂറുകള്‍ക്കൊടുവില്‍ അടുത്ത ദിവസം ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഡിസംബര്‍ ഒന്നിന് തമിഴ്നാട്ടിലെ പുളിയറയില്‍ നിന്നാണ് പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാലയത്തില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരെ പോലീസ് പിടികൂടിയത്. കടബാധ്യത തീര്‍ക്കാന്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നാണ് കേസ്.
ആയിരത്തോളം പേജുള്ള കുറ്റപത്രത്തില്‍ 160-ഓളം സാക്ഷികളും 150-ഓളം തൊണ്ടി മുതലുകളും ഉണ്ട്. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍വിളിയാണ് പ്രതികളിലേക്കെത്താന്‍ പോലീസിനു സഹായകമായത്.പ്രതികളുടെ ശബ്ദ സാമ്പിള്‍, കൈയക്ഷരം പരിശോധന ഉള്‍പ്പടെയുള്ള ഫോറന്‍സിക് തെളിവുകളാണ് കേസില്‍ നിര്‍ണായകമായിട്ടുള്ളത്. അറസ്റ്റ് ചെയ്തവര്‍ അല്ലാതെ പുതിയ പ്രതികളൊന്നും കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെയും നിഗമനം.
കേരളത്തെ രണ്ടു ദിവസം മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ റെക്കോഡ് വേഗത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.