രണ്ടുവർഷത്തിലധികം ഓഫീസിൽ കയറിയിറങ്ങിയിട്ടും 80,000 രൂപയുടെ വിരമിക്കൽ ആനുകൂല്യം ലഭിക്കാത്തതിൽ മനംനൊന്ത് കലൂരിലെ പി.എഫ്. മേഖലാ ഓഫീസിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച ചാലക്കുടി പേരാമ്പ്ര പണിക്കവളപ്പിൽ വീട്ടിൽ പി.കെ. ശിവരാമൻ അന്തരിച്ചു.
അർബുദ ബാധിതൻ കൂടിയായിരുന്നു ഇദ്ദേഹം.ഈ വാർത്ത നമ്മെയെല്ലാം വളരെ ദുഃഖിപ്പിക്കുന്നു.നമുക്ക് സഹായിക്കാൻ കഴിയുമായിരുന്ന ഒരു ജീവിതം കൂടി പൊലിഞ്ഞു.പേരാമ്പ്ര അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളിയായിരുന്നു. അഞ്ചുവർഷം മുമ്പ് ജോലിയിൽനിന്ന് വിരമിച്ചു. തുടർന്ന് പി.എഫിനുള്ള നടപടികൾ തുടങ്ങി അർബുദം പിടിപെട്ട് മൂന്നുവർഷത്തോളം ചികിത്സയിലായിരുന്നു.
രോഗം അല്പം ശമിച്ചപ്പോഴാണ് പി.എഫ്. തുക ലഭിക്കാനായി ശ്രമം തുടങ്ങിയത്.അപേക്ഷ നൽകിയെങ്കിലും പേരിലെ ഇനീഷ്യലിലെ വ്യത്യാസവും പി.എഫ്. രേഖയിലെയും ആധാർകാർഡിലെയും വ്യത്യസ്ത ജനനത്തീയതി തിരുത്താനും പി.എഫ്. അധികൃതർ ആവശ്യപ്പെട്ടതായി ശിവരാമന്റെ മക്കൾ പറഞ്ഞു.തുടർന്ന് നോട്ടറിയിൽനിന്നുള്ള സത്യവാങ്മൂലവും ജോലിചെയ്ത സ്ഥാപനത്തിൽനിന്നുള്ള സത്യവാങ് മൂലവും സമർപ്പിച്ചു. പി.എഫ്. രേഖകളിൽ നൽകിയ ജനനത്തീയതിയും മാറ്റി സമർപ്പിച്ചതും തമ്മിൽ വ്യത്യാസമുണ്ടായിരുന്നതിനാൽ ഇവ തള്ളുകയായിരുന്നു.
മനുഷ്യൻ ഉണ്ടാക്കിയ ഓൺലൈനും ആധാറും മനുഷ്യനേക്കാൾ വലുതാണോ? ആധാർ നടപടികൾ മനുഷ്യർക്ക് കൂടുതൽ മികച്ച സേവനത്തിന് സർക്കാർ നൽകിയ വലിയ സഹായമാണ് .കമ്പ്യൂട്ടർ വരുത്തുന്ന തെറ്റുകൾ തിരുത്താൻ മനുഷ്യന് കഴിയണം.ഒരു കമ്പ്യൂട്ടറിൻ്റെ ഭാഗങ്ങൾ തകരാറിലായേക്കാം,ചില കാരണങ്ങളാൽ മെമ്മറി കേടായേക്കാം. കമ്പ്യൂട്ടറുകളുടെ ആദ്യകാലങ്ങളിൽ ഇത് പലപ്പോഴും സംഭവിച്ചു. പിശകുകൾ പരിശോധിക്കുന്നതിനും തിരുത്തുന്നതിനും വേണ്ടിയാണ് ജീവനക്കാരെ സർക്കാർ നിയമിക്കുന്നത്.
ഓൺലൈൻ സംവിധാനമായതിനാൽ എല്ലാ രേഖകളും ആവശ്യമാണ്.ആധാറിലെ ചെറിയ പിശകുപോലും നടപടികൾക്ക് തടസമാകും.ഇതുമൂലമാണ് തുക കൈമാറുന്നതിൽ കാലതാമസമുണ്ടായത്".കൊച്ചിയിലെ ഇ.പി .എഫ് അധികൃതർ പോലീസിന് നൽകിയ വിശദീകരണം. ഇതൊക്കെ ചെറിയ കാലതാമസമാണോ?
ആധാറിലെ ചെറിയ പിശകു തിരുത്താൻ രാജ്യത്ത് സംവിധാനങ്ങൾ ഇല്ലേ? സർക്കാർ ജീവനക്കാരുടെ അനാസ്ഥക്ക് പകരം കൊടുക്കേണ്ടി വരുന്നത് പാവപ്പെട്ട മനുഷ്യരുടെ ജീവനുകളാണ്.ആര് ഭരിച്ചാലും സർക്കാർ സംരക്ഷിക്കുമെന്ന തോന്നലാണ് ജീവനക്കാർക്ക്. ഈ സമീപനം മാറിയേ തീരൂ.സർക്കാർ ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കുന്നത് അവർക്ക് യൂണിയനുകളുടെയും രാഷ്ട്രീയക്കാരുടെയും സംരക്ഷണം ഉള്ളതുകൊണ്ടാണ്.സർക്കാരുകൾ മാറിമാറി വന്നാലും ഉദ്യോഗസ്ഥർ സുരക്ഷിതരാണ്.രാഷ്ട്രീയക്കാർ ഈ സംരക്ഷണ മനോഭാവം മാറ്റണം.ശമ്പളം വാങ്ങാനല്ല ഗവർന്മെന്റ് ജോലി എന്ന് ആദ്യം ഉദ്യോഗസ്ഥർ മനസിലാക്കണം.അത് സേവനമാണ്.
പൊതുജനങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്യാനാണ് ജീവനക്കാരെ വച്ചിരിക്കുന്നത്.സാധാരണക്കാരോട് ചില ജീവനക്കാരുടെ സമീപനം വളരെ മോശമാണ്.സ്വന്തം വീട്ടിലെ വാശിയോ വൈരാഗ്യമോ തീർക്കാനുള്ളതല്ല
പൊതുജനങ്ങൾ.പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉണർന്നതായി നടിക്കുകയും പിന്നീട് ഉറങ്ങുകയും ചെയ്യുന്ന സർക്കാർ വകുപ്പുകളുടെയും ജീവനക്കാരുടെയും അനാസ്ഥയാണ് ശിവരാമൻ എന്ന മുതിർന്ന പൗരൻ ജീവനൊടുക്കാൻ കാരണം എന്നത് പൊതുസമൂഹവും സർക്കാരും മനസിലാക്കണം.ആശ്രിതർക്ക് വേണ്ടി പരിഹാര നടപടികൾ ഉടൻ ഉണ്ടാകണം.
(സീറോ മലബാർ സഭയുടെ അൽമായ ഫോറം സെക്രട്ടറിയാണ് ലേഖകൻ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.