പാലക്കാട് ∙ വിജയം എന്ന ഒറ്റ ലക്ഷ്യത്തിലൊതുക്കി സ്ഥാനാർഥികളെ നിശ്ചയിക്കാൻ സിപിഎം തയാറെടുക്കുന്നു. ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നു തന്നെയാണു പാർട്ടി കേന്ദ്രഘടകം കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നത്..
ദക്ഷിണേന്ത്യയില്‍ തമിഴ്നാട്ടില്‍ രണ്ടു സീറ്റില്‍ വിജയിക്കാമെന്നാണു കണക്കുകൂട്ടല്‍. തെലങ്കാനയില്‍ ഒരു സീറ്റില്‍ മത്സരിക്കാൻ കഴിയും. ഈ സാഹചര്യത്തില്‍ കേരളത്തില്‍നിന്നു പരമാവധി എംപിമാർ എന്ന ലക്ഷ്യത്തിലാണു തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്കു രൂപം നല്‍കുന്നത്. അതിനു ചില നീക്കുപോക്കുകള്‍ ആവശ്യമെന്നു നേതൃത്വം വിലയിരുത്തുന്നു.
തിരുവനന്തപുരത്തു നടന്ന കേന്ദ്രകമ്മിറ്റി യോഗം ദേശീയതലത്തില്‍ സ്വീകരിക്കേണ്ട തിരഞ്ഞെടുപ്പ് രാഷ്ട്രീയ സമീപനമാണ് ചർച്ച ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം നടക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും സ്ഥാനാർഥി നിർണയ ചർച്ചകളിലേക്കു കടക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് ഒരു സീറ്റില്‍ ഒതുങ്ങി.
അന്നത്തെ രാഷ്ട്രീയ സാഹചര്യം ഇപ്പോഴില്ലെന്നാണു പാർട്ടി നിരീക്ഷണമെങ്കിലും, സർക്കാരും പാർട്ടിയും നേരിടുന്ന പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പിനെ ഏങ്ങനെ ബാധിക്കുമെന്നതു ചർച്ചയിലുണ്ട്. പ്രധാനമായും ശബരിമലയും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചപ്പോഴുണ്ടായ രാഷ്ട്രീയ അന്തരീക്ഷവും ഉള്‍പ്പെടെ ചില സവിശേഷ ഘടകങ്ങള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൂട്ട തോല്‍വിക്കു വഴിയൊരുക്കി.
അപ്രതീക്ഷിതവും അസാധാരണവുമായ രാഷ്ട്രീയവികാസമാണു അന്നുണ്ടായതെന്നു നേതാക്കള്‍ പറയുന്നു. പിന്നീട്, രണ്ടാം പിണറായി സർക്കാരിനെതിരെ മൊത്തത്തിലും മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെയുള്ള ഗുരുതരമായ അഴിമതി ആരോപണങ്ങളുടെയും പരാതികളുടെ നിജസ്ഥിതിയും കേന്ദ്ര അന്വേഷണങ്ങളിലെ രാഷ്ട്രീയവും ജനമധ്യത്തില്‍ തുറന്നുകാണിക്കാൻ കഴിഞ്ഞതായി നേതൃത്വം വിശ്വസിക്കുന്നു.
ക്ഷേമപെൻഷൻ ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ തടസപ്പെട്ട സാമ്പത്തിക പ്രതിസന്ധിക്കു പിന്നില്‍ കേന്ദ്രസർക്കാർ ആണെന്നതു വലിയ തോതില്‍ ചർച്ചചെയ്യപ്പെട്ടതു തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണു വിലയിരുത്തല്‍. ഈ വിഷയങ്ങളില്‍ വരുംദിവസങ്ങളിലും സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപക ക്യാമ്പയ്ൻ തുടരും.
നവ കേരളസദസില്‍ ജില്ലകള്‍തോറും പതിനായിരങ്ങള്‍ പങ്കെടുത്തത് സർക്കാരില്‍ ജനങ്ങള്‍ക്കുളള വിശ്വാസമാണ് കാണിക്കുന്നതെങ്കിലും സദസില്‍ എത്താത്തവരുടെ മനസ് ഗൃഹസമ്പർക്കത്തില്‍ വ്യക്തമാക്കുമെന്നു പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.