തിരുവനന്തപുരം:ആൾമാറാട്ടം നടത്തി പിഎസ്‌സി പരീക്ഷ എഴുതാനെത്തി പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഹാളിൽനിന്ന് ഓടി രക്ഷപ്പെട്ട സംഭവത്തിൽ സഹോദരന്മാർ കോടതിയിൽ കീഴടങ്ങി.
നേമം ശാന്തിവിള സ്വദേശികളായ സഹോദരൻമാർ അമൽജിത്തും അഖിൽജിത്തുമാണ് അഡി.സിജെഎം കോടതിയിൽ കീഴടങ്ങിയത്.ഇരുവരെയും റിമാൻഡ് ചെയ്തു. ചേട്ടനായ അമൽജിത്തിനുവേണ്ടി അനിയൻ അഖിൽജിത്താണ് പരീക്ഷ എഴുതാൻ ഹാളിലെത്തിയത്. ബുധനാഴ്ച പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂളിൽ നടന്ന യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് പരീക്ഷയിലാണ് തട്ടിപ്പിനു ശ്രമം നടന്നത്.
അമൽജിത്തിനു വേണ്ടി അഖിൽജിത്ത് പരീക്ഷയെഴുതാനെത്തുകയായിരുന്നു. അഖിൽജിത്ത് ഒന്നാം പ്രതിയും അമൽജിത്ത് രണ്ടാം പ്രതിയുമാണ്.ഉദ്യോഗാർഥികളുടെ ബയോ മെട്രിക് പരിശോധനയ്ക്ക് യന്ത്രവുമായി ഉദ്യോഗസ്ഥൻ എത്തിയപ്പോഴാണ് ആറാം നമ്പർ മുറിയിൽ ഇരുന്ന ‘പകരക്കാരൻ’ ഹാൾ ടിക്കറ്റുമായി പുറത്തേക്ക് ഓടിയതും പുറത്ത് റോഡരികിൽ കാത്തു നിന്ന ആളിന്റെ ബൈക്കിൽ രക്ഷപ്പെട്ടതും.
രാവിലെ 7.15 മുതൽ 9.15വരെയായിരുന്നു പരീക്ഷാ സമയം. അഖിൽജിത്ത് പരീക്ഷാ ഹാളിൽ കടന്നപ്പോൾ ജേഷ്ഠൻ അമൽജിത്ത് പരീക്ഷാ സെന്ററിനു പുറത്ത് ബൈക്കിൽ കാത്തുനിന്നു.
ഹാൾടിക്കറ്റിലെ ഫോട്ടോയും പരീക്ഷ എഴുതാനെത്തിയ ആളെയും പരീക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ പരിശോധിക്കാറുണ്ട്.ഈ പരീക്ഷ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ബയോമെട്രിക് പരിശോധനയും പിഎസ്‌സി ആരംഭിച്ചിരുന്നു. ആധാർ ലിങ്ക് ചെയ്തവരുടെ ഡേറ്റയാണ് ബയോമെട്രിക് പരിശോധനയിലൂടെ വിലയിരുത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.