ഡൽഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റിലൂടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കുന്ന സൂചന എന്തായിരിക്കും?ഈ ചിന്ത രാജ്യത്തെ പല സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാർക്കും മുന്‍ മുഖ്യമന്ത്രിമാർക്കും ഉണ്ടായിട്ടുണ്ടാകണം. കാരണം ഇ ഡിയുടെ റഡാറിലുള്ളവർ നിരവധിയാണ്.
അരവിന്ദ് കെജ്‌രിവാള്‍
ഡല്‍ഹി മദ്യനയക്കേസിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അന്വേഷണം നേരിടുന്നത്. 100 കോടി രൂപ കോഴ വാങ്ങി സ്വകാര്യ വ്യക്തികള്‍ക്ക് അനുകൂലമായി കെജ്‍രിവാള്‍ പ്രവർത്തിച്ചുവെന്നാണ് ആരോപണം. ചോദ്യം ചെയ്യലിനായി നാല് തവണ നോട്ടീസ് ലഭിച്ചെങ്കിലും ഇതുവരെ ഹാജാരാകാന്‍ കെജ്‌രിവാള്‍ തയാറായിട്ടില്ല.
രേവന്ത് റെഡ്ഡി
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് തെലങ്കാന മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡി അന്വേഷണം നേരിടുന്നത്. 2015ലെ എംഎല്‍സി തിരഞ്ഞെടുപ്പില്‍ അനുകൂലമായി വോട്ട് ചെയ്യുന്നതിന് എംഎല്‍എയ്ക്ക് 50 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം.
പിണറായി വിജയന്‍
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം 2021ലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചത്. 1995ലെ എസ്‌എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ടാണിത്. പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ ഇടുക്കിയിലെ ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പിനിയായ എസ്‌എന്‍സി ലാവലിന് നല്‍കിയ കരാറില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.
വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി നിരവധി അന്വേഷണങ്ങളാണ് നേരിടുന്നത്. 2015ലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ ഡി കേസെടുത്തത്. ജഗന്റെ ഉടമസ്ഥതയിലുള്ള ഭാരതി സിമെന്റ്സിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് കേസ്.
ഭൂപേഷ് ബാഗേല്‍
ഛത്തീസ്‌ഗഡ് മുന്‍ മുഖ്യമന്ത്രിയായ ഭൂപേഷ് ബാഗേല്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കുറഞ്ഞത് മൂന്ന് കേസിലെങ്കിലും അന്വേഷണം നേരിടുന്നുണ്ട്. കല്‍ക്കരി, ഗതാഗതം, മദ്യശാലകളുടെ പ്രവർത്തനം, മഹാദേവ് ഗെയിമിങ് ആപ്ലിക്കേഷന്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് കേസുകള്‍.
ലാലു പ്രസാദ് യാദവ്
ബിഹാർ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവര്‍ റെയില്‍വേ, തൊഴില്‍ അഴിമതികളിലെ പ്രധാന പ്രതികളാണ്. 2017ല്‍ ഐആർസിടിസിയുടെ രണ്ട് ഹോട്ടലുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് റെയിവേ മന്ത്രിയായിരിക്കെ ലാലു പ്രസാദ് യാദവ് കമ്പിനികള്‍ക്ക് അനുകൂലമായി പ്രവർത്തിച്ചതാണ് ഒരു കേസ്. റെയില്‍വെയില്‍ ജോലിക്ക് പകരം ഭൂമി സ്വന്തമാക്കിയെന്നതാണ് മറ്റൊരു കേസ്
ഭൂപീന്ദർ സിങ് ഹൂഡ
ഹരിയാന മുന്‍ മുഖ്യമന്ത്രിയായ ഭൂപീന്ദർ സിങ് ഹൂഡ മനേസർ ഭൂമിയിടപാട് കേസിലാണ് ഇ ഡി അന്വേഷണം നേരിടുന്നത്. ഇതിനുപുറമെ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് (എജെഎല്‍) പഞ്ച്‌ഗുളയില്‍ ഭൂമിയനുവദിച്ച സംഭവത്തിലും അന്വേഷണം നേരിടുന്നുണ്ട്.
അശോക് ഗെലോട്ട്
മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, കോണ്‍ഗ്രസ് എംപി കാർത്തി ചിദംബരം എന്നിവരുടെ പേരുകള്‍ ആംബുലന്‍സ് അഴിമതിക്കേസിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 2010ല്‍ വഴിവിട്ട രീതിയില്‍ സിക്കിറ്റ്സ ഹെല്‍ത്ത്കെയറിന് ആംബുലന്‍സ് സർവീസ് നടത്താന്‍ കരാർ നല്‍കിയെന്നതാണ് കേസ്. 2015ലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
അഖിലേഷ് യാദവ്
ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി തലവനുമായ അഖിലേഷ് യാദവ് ഗോമതി നദീതീര പദ്ധതികളിലെ അഴിമതി ആരോപണത്തിലാണ് സിബിഐ, ഇ ഡി അന്വേഷണങ്ങള്‍ നേരിടുന്നത്.
മായാവതി
ബിഎസ്‌പി അധ്യക്ഷയും ഉത്തർ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതിയുടെ പേര് കേന്ദ്ര ഏജന്‍സികളുടെ എഫ്‌ഐആറിലില്ല. പക്ഷേ, മുഖ്യമന്ത്രിയായിരിക്കെ നടത്തിയ പദ്ധതികള്‍ പലതും അന്വേഷണ പരിധിയിലാണ്.
ഫറൂഖ് അബ്ദുള്ള
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കെതിരായ കേസ് ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ നല്‍കിയ ഗ്രാന്‍ഡില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചുള്ളതാണ്.
ഫറൂഖിന്റെ മകനും ജമ്മു കശ്മീർ മുന്‍ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയെ ഇ ഡി 2022ല്‍ ചോദ്യം ചെയ്തിരുന്നു. ജെ ആന്‍ഡ് കെ ബാങ്കിലെ സാമ്ബത്തിക ഇടപാടുകളും ഡയറക്ടമാരുടെ നിയമനവും സംബന്ധിച്ചതാണ് കേസ്.
മെഹബൂബ മുഫ്തി
ജെ ആന്‍ഡ് കെ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് മെഹബൂബ മുഫ്തിയും അന്വേഷണം നേരിടുന്നത്. ഒരു റെയ്ഡിനിടെ പിടിച്ചെടുത്തതായി ഇ ഡി പറയുന്ന ഡയറികളില്‍ മെഹബൂബയ്ക്കും കുടുംബത്തിനും നല്‍കിയ പണമിടപാടുകളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്നാണ് ആരോപണം
നബാം തുകി
അഴിമതി ആരോപണത്തില്‍ 2019ലാണ് അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിക്കെതിരെ സിബിഐ കേസെടുത്തത്. സിബിഐയുടെ എഫ്‌ഐആറിനെ അടിസ്ഥാനമാക്കി കള്ളപ്പണമിടപാടിലാണ് ഇ ഡി അന്വേഷണം നടത്തുന്നത്.
ഒക്രം ഇബോബി
മണിപ്പൂർ മുന്‍ മുഖ്യമന്ത്രി ഒക്രം ഇബോബിയുടെ വസതിയില്‍ 2019 നവംബറിലാണ് സിബിഐ തിരച്ചില്‍ നടത്തിയത്. അഴിമതി ആരോപണം തന്നെയായിരുന്നു കേസ്. ഇബോബി ചെയർമാനായിരിക്കെ മണിപ്പൂർ ഡെവലപ്മെന്റ് സൊസൈറ്റിയില്‍ 332 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം.
ശങ്കർസിങ് വഗേല
കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രിയായിരിക്കെ മുംബൈയിലെ പ്രധാനഭൂമി വിറ്റ് ഖജനാവിന് 709 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. സിബിഐയും ഇ ഡിയും അന്വേഷണം നടത്തുന്നുണ്ട്.
ശരദ് പവാർ
എന്‍സിപി തലവന്‍ ശരദ് പവാർ, അനന്തരവന്‍ അജിത് പവാർ മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ ക്രമക്കേടിന്റെ പേരിലാണ് അന്വേഷണം നേരിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.