വയനാട്; പടമല ചാലിഗദ്ദയിലെ കർഷകൻ പനച്ചിയിൽ അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു.
ദൗത്യസംഘം ആനയുടെ 100 മീറ്റർ അരികിലെത്തിയതായാണ് വിവരം. ഉടൻ തന്നെ മയക്കുവെടി വയ്ക്കുമെന്നാണ് സൂചന. വെറ്ററിനറി ടീം ഇതിനുള്ള അന്തിമഘട്ട തയാറെടുപ്പിലാണ്. ആന മണ്ണുണ്ടി വനമേഖലയിൽ തുടരുകയാണ്.ദൗത്യസംഘം വനത്തിനുള്ളിൽ ആനയെ കണ്ടെങ്കിലും മറ്റ് ആനകള്‍ കൂടെ ഉള്ളതിനാല്‍ വെടിവയ്ക്കുക ദുഷ്‌കരമാണെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ട്. സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് മയക്കുവെടി വയ്ക്കും. ഏറുമാടത്തിനു മുകളിൽ കയറി വെടിവയ്ക്കാനാണ് ശ്രമമെന്ന് ഡിഎഫ്ഒ മാർട്ടിൻ ലോവൽ പറഞ്ഞിരുന്നു.
വനം വകുപ്പിലെ 15 ടീമുകളും പൊലീസിലെ മൂന്നു ടീമും ദൗത്യത്തിൽ പങ്കെടുക്കും. കുങ്കിയാകളുടെ സാന്നിധ്യത്തിലാകും കാട്ടാനയെ വെടിവയ്ക്കുക.ആന അക്രമാസക്തനാകാന്‍ സാധ്യതയുണ്ടെന്നും ഡിഎഫ്ഒ പറഞ്ഞു. വെടിവയ്ക്കുന്ന ആളിനു നേരെ ആന പാഞ്ഞടുക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാലാണ് ഏറുമാടത്തിനു മുകളിൽനിന്ന് വെടിവയ്ക്കാൻ തീരുമാനിച്ചതെന്നും ഡിഎഫ്ഒ വ്യക്തമാക്കി.
മണ്ണുണ്ടിയിലെ ആദിവാസി കോളനിക്കു പിന്നിലായാണ് നിലവിൽ ആനയുള്ളത്. റേഡിയോ കോളറിൽനിന്ന് ദൗത്യസംഘത്തിന് സിഗ്‌നൽ ലഭിക്കുന്നുണ്ട്.
ദൗത്യത്തിന്‍റെ ഭാഗമായി ബാവലി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് മാനന്തവാടിയില്‍ ബിജെപി നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
അതേസമയം കാട്ടാനയുമായി ബന്ധപ്പെട്ട വിഷയത്തിൽ കർണാടകയുമായി കേരളം ചർച്ച നടത്തും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറിയെ ഇതിനായി ചുമതലപ്പെടുത്തി. കർണാടക ചീഫ് സെക്രട്ടറിയുമായി ഉടൻ ആശയവിനിമയം നടത്തുമെന്നാണ് വിവരം.
വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗം മുഖ്യമന്ത്രി പ്രത്യേകം വിളിക്കും. വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ, ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.കാട്ടാനയെ പിടിക്കാനുള്ള ദൗത്യം ഞായറാഴ്ചയും തുടർന്നെങ്കിലും വെടിവയ്ക്കാൻ പറ്റിയ സാഹചര്യത്തിൽ കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം ദൗത്യം നിർത്തിവച്ചതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചതു സംഘർഷാവസ്ഥയുണ്ടാക്കി. വയനാട്ടിലെ രൂക്ഷമായ വന്യമൃഗശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ഫാർമേഴ്സ് റിലീഫ് ഫോറം നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രദേശത്തെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.