' സുഭദ്രേ, നിനക്കുണരണ്ടേ, എന്നോടൊപ്പം കഴിയണ്ടേ, കുറച്ചുദിവസങ്ങള്‍ കൂടി കഴിഞ്ഞോട്ടെ ഭാമയുടെ ആത്മാവിലൂടെ നിന്നെ ഞാൻ പുനർജ്ജീവിപ്പിക്കും, അതുവരെ ക്ഷമിക്ക്, സുഖമായി ഉറങ്ങ്, സുഖമായിട്ട് ഉറങ്ങ്...
എണ്ണത്തോണിയില്‍ സൂക്ഷിച്ചിരിക്കുന്ന ചേതനയറ്റ സുഭദ്രയോട് ദിഗംബരന്റെ വാക്കുകള്‍) -തീരാപ്രണയം, ഒടുവില്‍ തകർന്നടിഞ്ഞ ആത്മവിശ്വാസംനിഗൂഢതകള് നിറഞ്ഞ, അതേസമയം തികച്ചും നിഷ്കളങ്കരും സാധാരണക്കാരുമായ ഒരുപറ്റം ആളുകള്‍ ജീവിക്കുന്ന ശിവപുരമെന്ന ഗ്രാമത്തെ അനന്തഭദ്രമെന്ന ഫാന്റസി മൂവി കണ്ടവർ ഒരിക്കലും മറക്കാനിടയില്ല.
ശിവപുരത്തിന്റെ ഐശ്വര്യവും രഹസ്യവും ഇഴചേർന്നുകിടക്കുന്ന ശിവമല്ലിക്കാവിന്റെ ഇരുളിമയും കാവില്‍ പൊഴിഞ്ഞുകിടക്കുന്ന ചുവന്ന വാകപ്പൂക്കളും വെള്ളച്ചാട്ടത്തിനപ്പുറമുള്ള നാഗമാണിക്യവും നാഗദേവതമാരുമുള്ള മാന്ത്രികപ്പുരയെന്ന് ഗുഹാക്ഷേത്രവും ഓർമകളില്‍ എത്രയോ തവണ മായാക്കാഴ്ചകളൊരുക്കിയിരിക്കുന്നു.
സന്തോഷ് ശിവനെന്ന സിനിമോട്ടോഗ്രാഫറുടെ വൈഭവം അനന്തഭദ്രത്തിന്റെ ഓരോ രംഗവും വർണവിചിത്രമാർന്ന ദൃശ്യാനുഭവങ്ങളായി. എങ്കിലും അനന്തഭദ്രത്തിന്റെ കഥയേക്കാളേറെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ദിഗംബരനും അയാളുടെ ആഭിചാരസിദ്ധികളും അയാളുടെ 'സൈക്കോ'പ്രണയവുമായിരിക്കുമെന്നത് തീർച്ച.എത്രയോ കാലം കാത്തുസൂക്ഷിച്ച ബ്രഹ്മചര്യമുള്‍പ്പെടെ എല്ലാ നേട്ടങ്ങളും ഒടുവില്‍ നഷ്ടപ്പെട്ട് അലയാൻ വിധിക്കപ്പെട്ട ദിഗംബരൻ അനന്തഭദ്രമെന്ന സിനിമയില്‍ ആടിത്തിമിർത്ത തിരനുരയും എന്ന ഗാനവും സംഗീതപ്രമികളുടെ ഇഷ്ടഗാനപ്പട്ടികയിലുണ്ട്.
മലയാളസിനിമയിലെ ദിഗംബരനെന്ന വില്ലൻ
സുനില്‍ പരമേശ്വരന്റെ നോവല്‍ ആധാരമാക്കിയാണ് സന്തോഷ് ശിവൻ തന്റെ ആദ്യ സംവിധാനസംരംഭത്തിനിറങ്ങിയത്. ദിഗംബരനെ സ്ക്രീനിലെത്തിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ എക്കാലവും തങ്ങിനില്‍ക്കുന്ന രൂപത്തിലും ഭാവത്തിലും തന്നെയാകണമെന്ന് സംവിധായകന് നിർബന്ധമുണ്ടായിരുന്നു.
കഥകളിയുടേയും തെയ്യത്തിന്റേയും കടുത്ത നിറങ്ങള്‍ ദിഗംബരന്റെ 'ആഢ്യത്വം' വർധിപ്പിക്കുമെന്നുറപ്പ് സന്തോഷ് ശിവനുണ്ടായിരുന്നു, ആ തോന്നല്‍ അസ്ഥാനത്തായില്ല, വീതിയില്‍ മഷിയെഴുതിയ കണ്ണുകളും നെറ്റിയിലെ വിവിധങ്ങളായ കുറിവരകളും കൈനഖങ്ങളും ആടയാഭരണങ്ങളും ദിഗംബരനെ ഭീതിജനിപ്പിക്കുന്ന വില്ലനാക്കിത്തീർത്തു. സിനിമ കണ്ട ഒരാള്‍ക്ക് ഒരിക്കലും വിസ്മരിക്കാനാകാത്ത കഥാപാത്രമായി തിളങ്ങാൻ ദിഗംബരനും ആ വേഷത്തിലേക്ക് സ്വയം പകർന്നഭിനയിച്ച് മനോജ് കെ. ജയനുമായി.
മനോജ് കെ. ജയന്റെ അഭിനയമാണ് ദിഗംബരനെ ഇത്രപ്രശസ്തിയിലേക്കെത്തിച്ചതെന്ന കാര്യത്തില്‍ തർക്കമില്ല. ചിത്രത്തില്‍ മനോജ് കെ. ജയൻ രംഗത്തെത്തിയ ഗാനവും ആ നടന്റെ റേഞ്ച് വ്യക്തമാക്കുന്നു. മനോജിന്റെ അഭിനയപാടവത്തിന് കഴിയുന്നത്ര സ്പേസ് കൊടുക്കണമെന്നതില്‍ തനിക്ക് നിർബന്ധമുണ്ടായിരുന്നുവെന്ന് സന്തോഷ് ശിവൻ ഒരഭിമുഖത്തില്‍ പറയുകയുണ്ടായി. സംവിധായകന്റെ വിശ്വാസവും പ്രതീക്ഷയും അസ്ഥാനത്തായില്ല,
ദിഗംബരൻ ഇപ്പോഴും മലയാളസിനിമയില്‍ പ്രകീർത്തിക്കപ്പെടുന്ന വില്ലൻ തന്നെ. തിരനുരയും ചുരുള്‍മുടിയില്‍ എന്ന ഗാനം സൃഷ്ടിക്കപ്പെട്ടതുതന്നെ ദിഗംബരൻ എന്ന കഥാപാത്രത്തിനുവേണ്ടിയായിരുന്നു, ഈണം ചിട്ടപ്പെടുത്തിയ എം.ജി. രാധാകൃഷ്ണനും വരികളെഴുതിയ ഗിരീഷ് പുത്തഞ്ചേരിയും ദിഗംബരനിലേക്ക് ആ ഗാനം ചേർത്തുവെക്കുകയായിരുന്നു.ദിഗംബരനെന്ന സാഡിസ്റ്റ്
ദയവും നൻമയും ഉള്ളിലുള്ള ഒരാള്‍ക്കും ഒരിക്കലും അംഗീകരിക്കാനാകാത്തതാണ് ദിഗംബരന്റെ ചെയ്തികള്‍. ദുർമന്ത്രവാദം മാത്രം തുടരുന്ന പൃതിവഴിയിലൂടെത്തന്നെ സഞ്ചരിക്കുന്ന ദിഗംബരൻ തന്റെ വ്രതനിഷ്ഠയിലൂടേയും ബ്രഹ്മചര്യത്തിലൂടേയും അനവധി സിദ്ധികള്‍ സ്വയത്തമാക്കുന്നു.
എല്ലാ സൗഭാഗ്യങ്ങളും നല്‍കാനാകുന്ന നാഗമാണിക്യം കൂടിയാണ് ദിഗംബരന്റെ ലക്ഷ്യം. അതിനായി ദിഗംബരൻ നടത്തുന്ന ദുഷ്കർമങ്ങളും അതിനെ എതിർക്കുന്നവരും കൂടിച്ചേർന്നതാണ് സിനിമ. അന്ധനായ ചെമ്ബന്റെ അനുജത്തി ഭാമയാണ് ദിഗംബരന്റെ ആയുധം. തന്നെ നിഷ്ക്രിയനാക്കാനുള്ള ചെമ്പന്റെ നീക്കങ്ങളെ ദിഗംബരൻ ദുർബലപ്പെടുത്തുന്നത് ഭാമയെ ഉപയോഗപ്പെടുത്തിയാണ്.
അയാളുടെ ആഭിചാരങ്ങള്‍ക്കും ഭാമയെ ഉപയോഗിക്കുന്നു. സ്വന്തം ജീവനും ജീവിതവും കയ്യടക്കിവെച്ചിരുന്ന ദിഗംബരനെ നിസ്സഹായതോടെ നോക്കുമ്ബോള്‍ പ്രേക്ഷകരും ആ കഥാപാത്രത്തെ അങ്ങേയറ്റം വെറുക്കുന്നു.
നായകനായ അനന്തനിലേക്ക് തന്റെ ഇച്ഛക്കനുസരിച്ച് പരകായപ്രവേശം നടത്തി അനന്തനെ തന്റെ നീചകർമങ്ങള്‍ക്കും അയാള്‍ ഉപയോഗിക്കുന്നു. ഒടുവില്‍ ദിഗംബരനില്‍ നിന്നുള്ള രക്ഷ തേടി ഭാമ നടത്തുന്ന നീക്കത്തില്‍ ബ്രഹ്മചര്യം നശിച്ച് എന്നന്നേക്കും ശാപഗ്രസ്തനായി തീരുകയാണ് ദിഗംബരനെന്ന അധമജന്മം.
ദിഗംബരന്റെ പ്രണയം അഥവാ ഉന്മാദം
സുഭദ്രയോടുള്ള ദിഗംബരന്റെ പ്രണയത്തെ വാഴ്ത്തുന്നവരുണ്ട്. ദിഗംബരന് സുഭദ്രയോട് അഗാധപ്രണയമാണ്, സുഭദ്രയ്ക്ക് ഭയവും വെറുപ്പും, മനഃപൂർവമല്ലാതെ ദിഗംബരൻ സുഭദ്രയുടെ ജീവനെടുക്കുന്നു. സുഭദ്രയുടെ ശരീരം സൂക്ഷിച്ച് വെക്കുന്നു ദിഗംബരൻ, ജീവൻ വെപ്പിക്കാൻ,
ഭാമയുടെ ജീവനെടുത്ത് സുഭദ്രയ്ക്ക് കൊടുക്കാനാണ് ദിഗംബരൻ ആഗ്രഹിക്കുന്നത്. നാഗമാണിക്യം കൈക്കലാക്കുക എന്നതായിരുന്നു ദിഗംബരന്റെ ഏറ്റവും പ്രധാനലക്ഷ്യമെങ്കില്‍ സുഭദ്രയുടെ മരണത്തോടെ തന്റെ പ്രിയപ്പെട്ടവളെ പുനർജ്ജീവിപ്പിക്കുകയും കൂടി ദിഗംബരന്റെ ലക്ഷ്യമാകുന്നു. ദിഗംബരൻ അല്‍പമെങ്കിലും തരളിതഹൃദയനാകുന്നത് സുഭദ്രയുടെ സാമീപ്യത്തിലാണ്. പക്ഷെ ദിഗംബരന്റെ പ്രണയത്തേയും ഹൃദയതാരള്യത്തേയും ഏതുവിധത്തിലാണ് ന്യായീകരിക്കാനാകുന്നത്. ബ്രഹ്മചര്യത്വം സൂക്ഷിക്കുന്നു, സുഭദ്രയോട് തീരാപ്രണയമാണ് എന്നൊക്കെ വാദങ്ങള്‍ മുന്നോട്ടുവെച്ചാലും ദിഗംബരന്റെ പ്രണയം പവിത്രപ്രണയമായി അംഗീകരിക്കുന്നതെങ്ങനെ! അതിനെ സൈക്കോ പ്രണയമെന്നുമാത്രമേ വ്യാഖ്യാനിക്കാനാകൂ.
ന്യായീകരിക്കാനാകാത്ത സൈക്കോ പ്രണയങ്ങള്‍
പ്രണയത്തിന്റെ പേരുംപേറിയാണ് ദിഗംബരൻ സുഭദ്രയുടെ ജീവനെടുക്കുന്നത്. അവളുടെ ചേതനയറ്റ ശരീരം അയാള്‍ സൂക്ഷിക്കുന്നുവെന്നൊക്കെ ന്യായീകരണങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതയാളുടെ ആത്മസംതൃപ്തിയ്ക്ക് വേണ്ടി മാത്രമാണ്. സ്വന്തം ആനന്ദത്തിന് മാത്രമായി പ്രണയം അടിച്ചേല്‍പിക്കാനും പ്രണയം നേടിയെടുക്കാനും 'വെമ്ബുന്ന' ഒരാളേയും പിന്തുണയ്ക്കുന്ന ന്യായീകരണങ്ങളെ ഒരു സാധാരണ മനുഷ്യഹൃദയത്തിന് ഉള്‍ക്കൊള്ളാവുന്ന സംഗതിയല്ല.
ഒന്നുകില്‍ എതിർക്കേണ്ട അല്ലെങ്കില്‍ ചികിത്സിക്കേണ്ട മാനസികാവസ്ഥയാണത്. ചികിത്സിച്ചാലും ചിലപ്പോള്‍ അവസ്ഥയില്‍ മാറ്റമുണ്ടാകണമെന്നില്ല. എത്രയോ ജീവനുകള്‍ ഈ വെമ്ബലുകളില്‍ ഒടുങ്ങുന്നുണ്ട്, എത്രയോ ജീവിതങ്ങള്‍ പൂർണമായോ ഭാഗികമായോ ബാധിക്കപ്പെടുന്നുണ്ട്.
ശാരീരികമോ മാനസികമായോ നേരിടേണ്ടി വരുന്ന ആക്രമണങ്ങളെ ഏതുവിധത്തിലാണ് പ്രതിരോധിക്കേണ്ടതെന്നറിയാതെ സ്വയമൊടുങ്ങേങ്ങി വരുന്നവരേയും വിസ്മരിക്കുന്നില്ല. ഓരോ പ്രണയദിനത്തിലും പ്രണയമെന്ന ഉത്കൃഷ്ടവികാരത്തെ വാഴ്ത്തുമ്ബോഴെങ്കിലും ഇത്തരം സൈക്കോ-പ്രണയത്തെ നേരിടാനുള്ള വഴികളെ കുറിച്ച് കൂടി ചിന്തിക്കുകയും പ്രതിരോധങ്ങളെ കുറിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കുകയും ബോധവത്കരണം നിർവഹിക്കുകയും ചെയ്യേണ്ടതുണ്ട്.
പ്രണയമെന്ന പേരില്‍ അവസാനിക്കേണ്ടിയോ അവസാനിപ്പിക്കേണ്ടിയോ വരുന്ന ജീവനുകളോട് അല്‍പമെങ്കിലും ഇത്തരത്തില്‍ അനുതാപമാവാം. അല്ലാത്തപക്ഷം പ്രണയമെന്ന പേരില്‍ ഒടുങ്ങുന്ന ജീവനുകളുടെ പേരില്‍ പശ്ചാത്താപത്തോടെ ജീവിച്ചുതീർക്കാം.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.