കോട്ടയം: പ്രായപൂർത്തിയാകാത്ത രണ്ടുകുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഇവരുടെ അമ്മയുമായി ബന്ധംസ്ഥാപിക്കാൻ ശ്രമിച്ച മന്ത്രവാദി അറസ്റ്റിൽ. എരുമേലി കനകപ്പലം ഐഷാ മൻസിലിൽ അംജത് ഷായെ (43)-ആണ് പോലീസ് അറസ്റ്റു ചെയ്തത്.
കോട്ടയം കുമരകത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഒൻപതു വയസ്സുള്ള ആൺകുട്ടിയെയും, അനുജനെയും മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ അച്ഛൻ അടുത്തിടെ മരിച്ചു.ഈ മരണത്തിലും ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.മന്ത്രവാദവും ചികിത്സയും നടത്തിയിരുന്ന പ്രതി, കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദത്തിലായി. വീട്ടിൽ മിക്ക ദിവസങ്ങളിലും എത്തിയിരുന്നു.
ഇതിനിടയിലാണ് കുട്ടികളെ കൊല്ലാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടികൾ ഇതുസംബന്ധിച്ച് മൊഴിനൽകിയിട്ടുണ്ട്. കേസെടുത്ത കുമരകം പോലീസ്, കാഞ്ഞിരപ്പള്ളി, പിച്ചകപ്പള്ളിമേട് ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതി കാഞ്ഞിരപ്പള്ളിയിലും, പരിസരപ്രദേശങ്ങളിലും മന്ത്രവാദവും ചികിത്സയും നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് ഉപയോഗിക്കുന്ന തകിടുകളും മറ്റും ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തു.
കുമരകം പോലീസ് ഇൻസ്പെക്ടർ എ.എസ്. അൻസൽ, എസ്.ഐ. സാബു, സി.പി.ഒ.മാരായ രാജു, ഷൈജു, അരുൺപ്രകാശ്, സാനു, മിനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡുചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.