കോഴിക്കോട് ; കൂടത്തായി റോയ് തോമസ് വധക്കേസിൽ വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. മൈക്കാവ് ആലമലയിൽ സുരേന്ദ്രന്റെ ഭാര്യ ജിപ്സിയാണ് പ്രതികൾക്ക് അനുകൂലമായി കോടതിയിൽ മൊഴിമാറ്റിയത്. ഇതോടെ, ഈ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം മൂന്നായി.
കുടത്തായി ബസാറിൽ കച്ചവടം നടത്തുന്ന, ജിപ്സിയുടെ ഭർത്താവ് സുരേന്ദ്രൻ താമരശ്ശേരിയിൽ മൂന്നാം പ്രതി പ്രജികുമാർ നടത്തുന്ന ജ്വല്ലറി വർക്സിൽ ജോലിക്കാരനായിരുന്നു. ജ്വല്ലറിയിലേക്കു സുരേന്ദ്രൻ സയനൈഡ് എത്തിച്ചിരുന്നെന്ന് ജിപ്സി നേരത്തേ പൊലീസിൽ മൊഴി നൽകിയിരുന്നു.
തങ്ങൾ ഒരുമിച്ച് വീട്ടിൽ നിന്നു ജോലിക്ക് പോകവേ, കടയിൽ സയനൈഡ് തീർന്നുവെന്നും സേട്ടുവിന്റെ അടുത്തുനിന്നു സയനൈഡ് വാങ്ങണമെന്നും ഭർത്താവ് തന്നോട് പറഞ്ഞിരുന്നതായി ജിപ്സി നേരത്തേ മൊഴി നൽകിയിരുന്നു. രണ്ടാംപ്രതി എം.എസ്.മാത്യു പ്രജികുമാറിന്റെ കടയിൽ ഇരിക്കുന്നത് താൻ കണ്ടതായും പറഞ്ഞിരുന്നു. ഈ മൊഴികളാണ് ജിപ്സി കോടതിയിൽ മാറ്റിയത്.
ജിപ്സി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ.സുഭാഷ് സാക്ഷിയെ എതിർവിസ്താരം നടത്തി. തന്റെ വിവാഹാലോചന കൊണ്ടുവന്നത് മൂന്നാം പ്രതി പ്രജികുമാർ ആണെന്നും മൂന്നാം പ്രതിയും ത ന്റെ ഭർത്താവും സുഹൃത്തുക്കൾ ആയിരുന്നുവെന്നും ജിപ്സി സമ്മതിച്ചു.
അന്വേഷണ സംഘത്തിലെ അംഗങ്ങളായിരുന്ന സ്പെഷൽ ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽകുമാർ, തൊട്ടിൽപാലം സർക്കിൾ ഇൻസ്പെക്ടർ കെ.ഉണ്ണിക്കൃഷ്ണൻ എന്നിവരെയും വിസ്തരിച്ചു.
മഞ്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്തിയ കേസിൽ താൻ അന്വേഷണം നടത്തി പ്രതികൾക്കെതിരെ കുറ്റപത്രം നൽകിയതായി ഉണ്ണിക്കൃഷ്ണനും ടോം തോമസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം നൽകിയതായി സിഐ സുനിൽകുമാറും മാറാട് പ്രത്യേക കോടതി ജഡ്ജി എസ് ആർ ശ്യാംലാൽ മുൻപാകെ മൊഴി നൽകി.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ.ഉണ്ണിക്കൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ.സുഭാഷ് എന്നിവർ ഹാജരായി. പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് ഒന്നാം പ്രതിക്കു വേണ്ടിയുള്ള എതിർ വിസ്താരം കോടതി മാറ്റിവച്ചു. സാക്ഷിവിസ്താരം ചൊവ്വാഴ്ച തുടരും. കൂടത്തായി കൊലപാതക പരമ്പരയിലെ മറ്റു കേസുകൾ 29നു മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.