ഇടുക്കി;തൊടുപുഴയിൽ കുട്ടികർഷകൻ മാത്യു ബെന്നിയുടെ 13 പശുക്കൾ കൂട്ടത്തോടെ ചത്തതിനു കാരണം കപ്പത്തൊണ്ടിലെ സയനൈഡ് തന്നെയെന്ന് മൃഗസംരക്ഷണ വകുപ്പ്.
സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അനിമൽ ഡിസീസ് ലബോറട്ടറിയുടെ പരിശോധനാ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പശുക്കളുടെ കോശ സാമ്പിളുകളിൽ സയനൈഡ് അംശം കണ്ടെത്തിയിട്ടുണ്ടെന്നും മറ്റ് അണുബാധകൾ ഒന്നില്ലെന്നും മൃഗസംരക്ഷണ വകുപ്പ് പിആർഒ ഡോ. നിഷാന്ത് എം പ്രഭ പറഞ്ഞു.
പശുക്കളുടെ വയറ്റിൽ മറ്റ് ഭക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. കാലിയായ വയറിലേക്ക് അമിത അളവിൽ കപ്പത്തൊലി എത്തി. കട്ടുള്ള കപ്പയുടെ തൊലിയായിരുന്നു ഇത്. രക്ഷപെട്ട ഒമ്പത് പശുക്കൾക്ക് നൽകിയത് സൈനേഡിന്റെ ആന്റിഡോട്ടാണെന്നും ഡോ. നിശാന്ത് പറഞ്ഞു.
അതേസമയം, പശുക്കൾ ചത്തത് കപ്പതൊണ്ട് കഴിച്ചിട്ടല്ല എന്ന് തങ്ങളുടെ പേരിൽ വന്ന വാർത്ത നിഷേധിച്ച് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം രംഗത്തെത്തി. ഇത്തരത്തിലൊരു വാർത്ത തങ്ങൾ നൽകിയിട്ടില്ലെന്ന് കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ജി ബൈജു ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.പശുക്കൾക്ക് തീറ്റയായി നല്‍കിയ കപ്പത്തൊണ്ടിലെ സയനൈഡ് ആണ് കന്നുകാലികളുടെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
പുതുവർഷ തലേന്ന് പശുക്കൾക്ക് തീറ്റ നൽകിയതിനു പിന്നാലെയായിരുന്നു ദുരന്തം. രാത്രി എട്ട് മണിയോടെയാണ് കന്നുകാലികൾക്ക് തീറ്റ നൽകിയത്. ഇതിൽ കപ്പത്തൊണ്ടും ഉൾപ്പെട്ടിരുന്നു. തീറ്റ കഴിച്ചതിനു പിന്നാലെ പശുക്കൾ ഒന്നൊന്നായി തളർന്നു വീണ് ചാകുകയായിരുന്നു.
മാത്യു ബെന്നിയുടെ കുടുംബത്തിന് സഹായവുമായി മന്ത്രിമാരും സിനിമാ പ്രവർത്തകരും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും മാത്യുവിന്റെ വീട് സന്ദർശിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും ഉണ്ടാകുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. നടന്മാരായ ജയറാം, മമ്മൂട്ടി പൃഥ്വിരാജ് എന്നിവരും കുടുംബത്തിന് ധനസഹായം നൽകി.
ജയറാം അഞ്ച് ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും മമ്മൂട്ടി ഒരു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. ലുലു ഗ്രൂപ്പും കുട്ടികര്‍ഷകന് സഹായം പ്രഖ്യാപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.