കുറുപ്പന്തറ; മാഞ്ഞൂർ പഞ്ചായത്ത് 13 ലക്ഷം രൂപ ചെലവഴിച്ച് ടൗണിനു സമീപം വില്ലേജ് ഓഫിസിനോട് ചേർന്നു നിർമിച്ച വഴിയോര വിശ്രമകേന്ദ്രവും പൊതു ശുചിമുറിയും തുറന്നു നൽകാൻ നടപടിയില്ല. ഒരു വർഷം മുൻപ് നിർമാണം പൂർത്തീകരിച്ച വഴിയിടം ശുചിമുറിയിലെ പൈപ്പുകൾ മോഷ്ടാക്കൾ കൊണ്ടുപോയി.
ക്ലോസറ്റും മറ്റും ചെളിയും കാടും കയറുകയാണ്. പുറത്ത് സ്ഥാപിച്ചിരുന്ന വാഷ്ബേസിനുകളും കാടുകയറി. ഗേറ്റ് തുറന്നു കിടക്കുന്നതിനാൽ സമൂഹ വിരുദ്ധരടക്കം ഇവിടം താവളമാക്കുകയാണ്. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ ഉൾപ്പെടുത്തി 2020–21 പദ്ധതിയിലാണു കോട്ടയം– എറണാകുളം റോഡരികിൽ വഴിയോര വിശ്രമ കേന്ദ്രവും പൊതു ശുചിമുറിയും നിർമിച്ചത്.മുൻപ് മാലിന്യം തള്ളാൻ ഉപയോഗിച്ചിരുന്ന സ്ഥലത്ത് 13 ലക്ഷം രൂപ ചെലവഴിച്ച് വഴിയോര വിശ്രമ കേന്ദ്രവും പൊതു ശുചിമുറിയും നിർമിച്ച ശേഷം ബാക്കി ജോലികൾ നടത്തിയില്ല. വെള്ളത്തിന് സൗകര്യമില്ല. വൈദ്യുതി കണക്ഷനും ലഭിച്ചില്ല. ജല അതോറിറ്റിയുടെ പൈപ്പിൽ നിന്നു വെളളം എടുക്കാനായിരുന്നു തീരുമാനം. എന്നാൽ വല്ലപ്പോഴും പൈപ്പിലൂടെ എത്തുന്ന വെള്ളം ഉപയോഗിച്ച് ശുചിമുറി പ്രവർത്തിപ്പിക്കാൻ കഴിയില്ല എന്ന നിർദേശം ഉണ്ടായി.
പിന്നീട് ഫണ്ട് അനുവദിച്ച് കുഴൽ കിണർ നിർമിക്കാൻ തീരുമാനിച്ചു. എന്നാൽ ഇതുവരെ നടപടിയായില്ല. കോട്ടയം എറണാകുളം റോഡരികിൽ ടൗണിനോട് ചേർന്നുള്ള ഈ വഴിയിടം യാത്രക്കാർക്ക് ഏറെ സൗകര്യമുള്ളതാണ്. ഇത് തുറന്നു നൽകണം എന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.