ഇടുക്കി;ഭൂപതിവ് നിയമ ഭേദഗതിയ്ക്ക് അനുമതി നൽകാത്ത സംസ്ഥാന ഗവർണറുടെ നിലപാടിനെതിരെ ജനുവരി 9 ന് എൽഡിഎഫ് നടത്താൻ തീരുമാനിച്ച രാജ്‌ഭവൻ മാർച്ചിന്റെ അന്ന് തന്നെ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയ്ക്ക് തീയതി നൽകിയ ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ ഹർത്താൽ ആചരിക്കുവാൻ എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
നേതാക്കൾ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ജില്ലാ ഹർത്താലും രാജ്ഭവൻ മാർച്ചും വിജയിപ്പിക്കുവാൻ ജില്ലയിലെ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നു നേതാക്കൾ അഭ്യർത്ഥിച്ചു. ജനുവരി 9 ന് രാജ്ഭവൻ മാർച്ച് തീരുമാനിച്ച ദിവസം തന്നെ തൊടുപുഴയിൽ ഗവർണറെ ക്ഷണിച്ചു ആദരിക്കുവാനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനവും അത്യന്തം പ്രതിഷേധാർഹമാണ്.
ജില്ലയിലെ വ്യാപാരി സമൂഹത്തിന്റെ പ്രശ്‌നങ്ങൾ കൂടി പരിഹരിക്കുന്നതിന് ഉപയുക്തമായ ഭേദഗതിയാണ് സംഥാന സർക്കാർ നിയമസഭയിൽ പാസാക്കിയത്. ആ ഭേദഗതിക്ക് അംഗീകാരം നൽകാത്ത ഗവർണറുടെ നടപടിക്കെതിരെ പ്രതിഷേധിക്കാനുള്ള ധാർമികമായ ഉത്തരവാദിത്വം വ്യാപാരി സമൂഹത്തിനുമുള്ളതാണ്.
അത് മറന്ന് ജനങ്ങൾ രാജ്ഭവൻ മാർച്ച് തീരുമാനിച്ച അന്ന് തന്നെ ഗവർണറെ ഇവിടെ സ്വീകരിച്ചാനയിക്കുവാൻ തീരുമാനിച്ചത് അത്യന്തം പ്രതിഷേധാർഹമാണ്, അതുകൊണ്ട് തന്നെ 9 ന് ജില്ലയിൽ ഹർത്താൽ ആചരിച്ച്, വ്യാപാരി സമൂഹത്തിന്റെ നടപടിക്കെതിരെ ശക്തമായ പ്രധിഷേധം രേഖപ്പെടുത്തുവാനാണ് എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.
ആറ് പതിറ്റാണ്ട് കാലത്തെ പഴക്കമുള്ള നിർമ്മാണ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുന്നതിനാണ് എൽഡിഎഫ് സർക്കാർ നിയമ ഭേദഗതി കൊണ്ടുവന്നത്. ഈ നിയമ ഭേദഗതിയെ സഭയിൽ സ്വാഗതം ചെയ്യുകയും ഏകകണ്ഠമായി പാസാക്കുവാൻ സഹകരിക്കുകയും ചെയ്‌ത പ്രതിപക്ഷം ഇപ്പോൾ നിയമ ഭേദഗതി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പറയുന്നു.
ഇത് ഇരട്ടത്താപ്പാണ് നിയമ ഭേദഗതിക്കെതിരെ വർത്തമാനം പറയുന്ന ഡീൻ കുര്യാക്കോസ് എംപി ജില്ലയിലെ ജനങ്ങളുടെ ഒറ്റുകാരനായി മാറിയിരിക്കുകയാണ്. മാധവ് ഗാഡ്‌ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്നും 13 കിലോമീറ്റർ വരെ ബഫർ സോൺ വേണമെന്നും വാദിച്ച ഡീൻ കുര്യാക്കോസ് ആട്ടിൻ തോലിട്ട ചെന്നായ ആണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ് കഴിഞ്ഞിട്ടുണ്ട്.
ഇടുക്കിയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ നിയമ ഭേദഗതി അവർ ജീവിതത്തിൽ നേരിടുന്ന വിവിധ വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സഹായിക്കുന്നതാണ്. നേതാക്കൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.