വരാണസി: ഗ്യാന്‍വാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായുള്ള ആക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സര്‍വേ റിപ്പോര്‍ട്ടിനെതിരെ ഹൈദരാബാദ് എം.പിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീന്‍ ഉവൈസി.
ഊഹാപോഹത്തെ അടിസ്ഥാനമാക്കിയുള്ളതും ശാസ്ത്രീയ പഠനത്തെ പരിഹസിക്കുന്നതുമാണ് റിപ്പോര്‍ട്ട്. ഏതെങ്കിലും വിദഗ്ധ പുരാവസ്തു ഗവേഷകരുടെയോ ചരിത്രകാരന്മാരുടെയോ മുൻപില് റിപ്പോര്‍ട്ട് സൂക്ഷ്മപരിശോധനക്കായി പഠന വിധേയമാക്കിയിട്ടില്ല. ഒരു മഹാ പണ്ഡിതന് ഒരിക്കല്‍ പറഞ്ഞതു പോലെ, എ.എസ്.ഐ ഹിന്ദുത്വത്തിന് വേണ്ടി ജോലി ചെയ്യുകയാണ്' ഒരു മഹാപണ്ഡിതന് ഒരിക്കല്‍ പറഞ്ഞതെന്നും ഉവൈസി 'എക്സി'ല്‍ കുറിച്ചു.
റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ഹരജിക്കാരായ അഞ്ചു ഹിന്ദുസ്ത്രീകളുടെ അഭിഭാഷകന് സൗരഭ് തിവാരിയാണ് വ്യാഴാഴ്ച പുറത്തുവിട്ടത്. പുരാവസ്തു വകുപ്പ് വാരാണസി ജില്ല കോടതിയില്‍ സമര്‍പ്പിച്ച 839 പേജ് ഉള്ള റിപ്പോര്‍ട്ടിലാണ് നിലവിലെ പള്ളിക്ക് താഴെ ക്ഷേത്രം ഉണ്ടായിരുന്നതായി പറയുന്നത്. ഭൂമിക്ക് താഴെ നിന്ന് ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങള്‍ കണ്ടെത്തി.
ക്ഷേത്രത്തിന്റെ തൂണുകള്‍ ഇല്ലാതാക്കാന്‍ ശ്രമം നടന്നു. മഹാമുക്തി മണ്ഡപത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു. പള്ളിയുടെ പടിഞ്ഞാറെ ചുമര് ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ക്ഷേത്രം തകര്‍ത്തത് പതിനേഴാം നൂറ്റാണ്ടിലാണെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
തൂണുകള്‍ ഉള്‍പ്പെടെ പല ഭാഗങ്ങളും പഴയ ക്ഷേത്രത്തിന്റെ ഭാഗമാണ്. സര്‍വേയില്‍ 34 ശിലാലിഖിതങ്ങള്‍ കണ്ടെത്തി. ദേവനാഗിരി, തെലുങ്ക്, കന്നട ലിപികളിലാണ് ശിലാലിഖിതങ്ങള്‍. ജനാര്ദ്ദനന്, രുദ്രന്, ഉമേശ്വരന്‍ തുടങ്ങിയ ആരാധനാ മൂര്‍ത്തികളുടെ പേര് ലിഖിതങ്ങളില്‍ വ്യക്തമാണെന്നും റിപ്പോട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് സര്‍വേ റിപ്പോര്‍ട്ട് ഇരുകക്ഷികള്‍ക്കും നല്കാന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്.
ഹിന്ദുക്ഷേത്രം തകര്‍ത്താണോ 17ാം നൂറ്റാണ്ടില്‍ മസ്ജിദ് നിര്‍മിച്ചതെന്ന് കണ്ടെത്താന്‍ 2023 ജൂലൈ 21നാണ് എഎസ്ഐ സര്‍വേക്ക് ജില്ല കോടതി അനുമതി നല്‍കിയത്. ഡിസംബര്‍ 18ന് സീല്‍ ചെയ്ത കവറില്‍ കോടതിക്ക് എ.എസ്.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, നാലാഴ്ചത്തേക്ക് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് എ.എസ്.ഐ കോടതിയോട് അപേക്ഷിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.