ലഖ്നൗ: പൊലീസ് കോടതിയിലേക്ക് കൊണ്ടുപോയി തിരികെ കൊണ്ടുവരികയായിരുന്ന പ്രതിയായ ഭർത്താവിനെ പിന്നാലെയെത്തി സിനിമാ സ്റ്റൈലില്‍ സ്കൂട്ടറില്‍ കയറ്റി രക്ഷപെടുത്തി ഒരു ഭാര്യ. അതും മൂന്ന് പൊലീസുകാരുടെ മൂക്കിൻതുമ്പില്‍ നിന്ന്.ഉത്തർപ്രദേശിലെ മഥുര പൊലീസിനെയാണ് യുവതി കബളിപ്പിച്ചത്. വിചാരണ തടവുകാരനായ പ്രതിയെ മഥുരയില്‍ നിന്ന് ഹരിയാനയിലെ കോടതിയിലേക്ക് കേസില്‍ വാദം കേള്‍ക്കാനായി എത്തിച്ച് തിരികെ പോവുകയായിരുന്നു പൊലീസ് സംഘം.
ഇതറിഞ്ഞ പ്രതിയുടെ ഭാര്യ സ്കൂട്ടിയില്‍ പൊലീസ് വാഹനത്തെ പിന്തുടർന്നു. അവസരം ഒത്തുവന്നപ്പോള്‍ ഭർത്താവിനെയും രക്ഷപെടുത്തി പായുകയായിരുന്നു.
ഹരിയാന പല്‍വാല്‍ സ്വദേശിയായ അനിലാണ് രക്ഷപെട്ടത്. യു.പിയിലും ഹരിയാനയിലുമായി എട്ടിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഉത്തർപ്രദേശിലെ ഒരു കേസുമായി ബന്ധപ്പെട്ട് മഥുര ജയിലില്‍ കഴിയുകയായിരുന്ന അനിലിനെ കൊലപാതകശ്രമ കേസില്‍ കോടതിയില്‍ വാദം കേള്‍ക്കാനായി ഹോഡലിലെ കോടതിയിലേക്ക് കൊണ്ടുപോയതായിരുന്നു.
ഒരു അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറും രണ്ട് കോണ്‍സ്റ്റബിള്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. കോടതി നടപടിക്രമങ്ങള്‍ അനിഷ്ടസംഭവങ്ങളില്ലാതെ പൂർത്തിയായി. തുടർന്ന് നാലുപേരും മഥുരയിലേക്ക് യാത്രയാരംഭിച്ചു.
എന്നാല്‍ പൊലീസ് ഒരിക്കലും പ്രതീക്ഷിക്കാത്തൊരു തിരിച്ചടിയാണ് വഴിയിലുണ്ടായത്.വണ്ടി ഡാബ്‌ചിക്കിലെ ദേശീയപാത 19ന് സമീപമെത്തിയപ്പോള്‍ അനിലിന്റെ ഭാര്യ സ്‌കൂട്ടറില്‍ വന്ന് അയാളെ രക്ഷപെടുത്തി കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ അമ്പരന്നുപോയ പൊലീസ് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിവന്നപ്പോഴേക്കും പ്രതിയും ഭാര്യയും കാണാമറയത്തായി.
സംഭവത്തില്‍ കൃത്യനിർവഹണത്തില്‍ വീഴ്ച വരുത്തിയതിന് പൊലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പുതല നടപടിയുണ്ടാവും. പ്രതിയെ പിടികൂടാൻ വിവിധ സംഘങ്ങളായി തെരച്ചില്‍ നടത്തുകയാണ് പൊലീസ്. അതേസമയം, സംഭവത്തില്‍ യുവതിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.