കോട്ടയം: അപൂർവ രോഗം ബാധിച്ച മകനെ വളർത്താൻ മാർഗ്ഗമില്ലാത്തതിന്റെ പേരില്‍ ദയാവധം ആവശ്യപ്പെട്ട കുടുംബത്തിന്റെ പ്രശ്ന പരിഹാരത്തിന് കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ ഇടപെടല്‍.ദയാവധം ആവശ്യപ്പെട്ട് രംഗത്തെത്തിയ കൊഴുവനാലിലെ സ്മിത ആൻ്റണിയുടെ മക്കളെ അധ്യക്ഷന്റെ നേതൃത്വത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി അംഗങ്ങള്‍ സന്ദർശിച്ചു. കുട്ടികളുടെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അടിയന്തര നടപടി എടുക്കുമെന്ന് ശിശുക്ഷേമ സമിതി കുടുംബത്തിന് ഉറപ്പുനല്‍കി.
ഓട്ടിസത്തിനൊപ്പം അപൂര്‍വ രോഗവും ബാധിച്ച മകനെ വളര്‍ത്താന്‍ മാര്‍ഗമില്ലാത്തതിനാല്‍ ദയാവധത്തിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കുമെന്ന മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസമാണ് കൊഴുവനാല്‍ സ്വദേശിനി സ്മിത ആൻ്റണി കോട്ടയത്ത് വാർത്താ സമ്മേളനം നടത്തിയത്.
കുടുംബം ഉന്നയിക്കുന്ന പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ജില്ലാ ശിശുക്ഷേമ സമിതിയുടെ ഇടപെടല്‍. ചെയർമാൻ ഡോക്ടർ അരുണ്‍ കുര്യന്റെ നേതൃത്വത്തിലാണ് ശിശുക്ഷേമ സമിതി അംഗങ്ങള്‍ സ്മിതയുടെ വീട്ടിലെത്തിയത്.
രോഗബാധിതരായ രണ്ട് കുട്ടികളുടെയും അവസ്ഥ സമിതി നേരിട്ട് മനസ്സിലാക്കി. കുട്ടികള്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാൻ പഞ്ചായത്തിൻ്റെ ഇടപെടല്‍ ഉറപ്പാക്കുമെന്ന് ശിശുക്ഷേമ സമിതി അധ്യക്ഷൻ വ്യക്തമാക്കി. ഏറ്റവും അടുത്തുള്ള ബ്ലോക്ക് റിസോഴ്സ് സെൻ്ററില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ ഒരുക്കും.
മാതാപിതാക്കളില്‍ ഒരാള്‍ക്ക് പഞ്ചായത്തില്‍ തന്നെ ജോലി നല്‍കണമെന്ന ആവശ്യത്തില്‍ ശിശുക്ഷേമ സമിതി ഉറപ്പൊന്നും നല്‍കിയില്ല. വിഷയം കളക്ടറടക്കം ഉന്നത ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തും.ശിശുക്ഷേമ സമിതിയുടെ ഇടപെടലില്‍ കുടുംബവും സന്തോഷം അറിയിച്ചു.
മൂന്ന് മക്കളില്‍ രണ്ട് പേർക്ക് ഓട്ടിസം ബാധിക്കുകയും ഓട്ടിസം ബാധിതനായ ഒരു കുട്ടിക്ക് അപൂര്‍വ രോഗമായ സോള്‍ട്ട് വേസ്റ്റിംഗ് കണ്ടിജന്‍റല്‍ അഡ്രിനാല്‍ ഹൈപ്പര്‍പ്ലാസിയ കൂടി ഉണ്ടാവുകയും ചെയ്തതോടെയാണ് സ്മിതയും കുടുംബവും പ്രതിസന്ധിയിലായതും ദയാവധം ആവശ്യപ്പെട്ട് രംഗത്ത് വന്നതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.