കരുനാഗപ്പള്ളി: കുടുംബപ്രശ്നം ചര്ച്ചചെയ്യുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ് തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേല്‍ മരിച്ച സംഭവത്തിലെ പ്രധാനപ്രതിയെ കാസര്‍കോട്ടുനിന്ന് അറസ്റ്റ് ചെയ്തു.
കരുനാഗപ്പള്ളി വടക്കുംതല ചാമ്പക്കടവ് കിലക്കിലേത്തുവീട്ടില്‍ നൗഷാദ് അബ്ദുള്‍ റഹിം (42) ആണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം നൗഷാദ് കാസര്‍കോട്ടെ സുഹൃത്തിനടുത്ത് എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.സുഹൃത്തിനോട് പണം വാങ്ങി ഉള്ളാളെ ആരാധനാകേന്ദ്രത്തില്‍ പോയി മടങ്ങുംവഴിയാണ് തിങ്കളാഴ്ച രാവിലെ കാസര്‍കോട് പോലീസിന്റെ സഹായത്തോടെ കൊല്ലത്തുനിന്നുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
പ്രതി കാസര്‍കോട്ട് എത്തിയെന്നറിഞ്ഞ് പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. നൗഷാദിന്റെ കുടുംബാംഗങ്ങളില്‍ ചിലര്‍ കാസര്‍കോട്ട് നേരത്തേ താമസിച്ചിരുന്നതായും അതുവഴി ഇയാള്‍ക്ക് പ്രാദേശികമായ ചില ബന്ധങ്ങളുണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തൊടിയൂര്‍ സ്വദേശിയായ യുവാവും കോയിവിള സ്വദേശിയായ യുവതിയും തമ്മിലുള്ള കുടുംബപ്രശ്നം പാലോലിക്കുളങ്ങര ജമാഅത്തില്‍വച്ച് ചര്‍ച്ചചെയ്യുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ജമാഅത്ത് പ്രസിഡന്റുകൂടിയാണ് സലിം മണ്ണേല്‍. സംഘര്‍ഷത്തില്‍ മര്‍ദനമേറ്റാണ് സലിം മണ്ണേല്‍ മരിച്ചത്. നൗഷാദ്കൂടി അറസ്റ്റിലായതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
തേവലക്കര പാലയ്ക്കല്‍ മുഹമ്മദ് ഷാ (27), വൈ.കെ.ഫാത്തിമ ഹൗസില്‍ യൂസഫ് (58) എന്നിവരെ സംഭവദിവസംതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശാസ്താംകോട്ട എത്തിരത്തില്‍ തെക്കതില്‍ ഫൈസല്‍ (35), സഹോദരൻ മുസ്സമ്മല്‍ (25) എന്നിവരെ പിന്നീട് പാലക്കാട്ടുനിന്ന് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്നവര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.