തിരുവനന്തപുരം: ഇലക്ട്രിക് സിറ്റി ബസ് സര്‍വീസുമായി ബന്ധപ്പെട്ട പരാമർശം ഗതാഗത മന്ത്രി ഗണേഷ് കുമാറിന് ബൂമറാംഗാകുന്നു.ഇനി ഇലക്ട്രിക് ബസ് വാങ്ങില്ലെന്നും ഇലക്ട്രിക് സിറ്റി ബസ് സർവ്വീസ് നഷ്ടമാണെന്നുമുള്ള ഗണേഷിന്റെ പ്രസ്താവനക്കെതിരെ വലിയ വിമർശനമാണ് പൊതുവേ ഉയരുന്നത്. വട്ടിയൂർക്കാവ് എം എല്‍ എ വി കെ പ്രശാന്ത് തുടങ്ങിവച്ച വിമർശനം സി പി എം സംസ്ഥാന സെക്രട്ടറി വരെ ഏറ്റെടുത്തതോടെ മന്ത്രി പ്രതിസന്ധിയിലാണ്. സർക്കാരിനോടോ സി പി എമ്മിനോടോ പോലും ആലോചിക്കാതെയുള്ള മന്ത്രിയുടെ പ്രസ്താവന തുടക്കത്തിലെ കല്ലുകടിയായി മാറിയിട്ടുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി തന്നെ ഗതാഗത മന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തിയതോടെ വിവാദം മുറുകുകയാണ്.
മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയല്ലേ ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നായിരുന്നു ഇത് സംബന്ധിച്ച എം വി ഗോവിന്ദന്റെ പ്രതികരണം. ഗതാഗത മന്ത്രിക്കുള്ള താക്കീതാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം എന്ന വിലയിരുത്തലുകളും ഇതിനകം ഉയർന്നിട്ടുണ്ട്.
ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. ഇതോടെ ഇലക്ട്രിക്ക് ബസിന്റെ കാര്യത്തില്‍ ഗതാഗത മന്ത്രിക്ക് യൂടേണ്‍ എടുക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.
നഗര മേഖലയായ വട്ടിയൂർക്കാവിലെ പൊതുജനങ്ങളുടെ അഭിപ്രായം എന്ന നിലയില്‍ മന്ത്രിക്കെതിരെ ആദ്യ വെടിപൊട്ടിച്ചത് വി കെ പ്രശാന്ത് എം എല്‍ എ ആയിരുന്നു.
ഇലട്രിക് സിറ്റി ബസ് സര്‍വീസ് നയപരമായ തീരുമാനമാണെന്നും കെ എസ് ആര് ടി സിക്ക് ബാധ്യതയില്ലെന്നുമാണ് വി കെ പ്രശാന്ത് പറഞ്ഞത്. ബസിനെ ആശ്രയിക്കുന്ന നിരവധിപേരുണ്ടെന്നും നിലനിര്‍ത്താനാവശ്യമായ നടപടിയുണ്ടാകണമെന്നും നഗരമലിനീകരണം കുറക്കുന്ന ബസുകള്‍ നിലനിര്‍ത്തണമെന്നും ഇലക്ട്രിക് ബസ് ഒഴിവാക്കുന്നത് ഇടത് മുന്നണി നയമല്ലെന്നും വി കെ പ്രശാന്ത് ചൂണ്ടികാട്ടുകയും ചെയ്തു.
ജനങ്ങള്‍ ഏറ്റെടുത്ത ഇലക്ട്രിക് ബസ് സർവീസ് അവസാനിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും നിരക്ക് കൂട്ടുന്നത് പരിഗണിക്കേണ്ടതാണെങ്കില്‍ പരിഗണിക്കാമെന്നും വട്ടിയൂർക്കാവ് എം എല്‍ എ വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സി പി എം സംസ്ഥാന സെക്രട്ടറി, ഗതാഗതമന്ത്രിയുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.