തിരുവനന്തപുരം: വണ്ടിപ്പെരിയാറിലെ പെണ്‍കുട്ടിയുടെ അച്ഛനെ പ്രതിയുടെ ബന്ധുക്കള്‍ അക്രമിച്ച സംഭവം കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നതിന് ഉദാഹരണമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.സി പി എമ്മുമായി ബന്ധമുള്ളവര്‍ ഇവിടെ എന്തുമാവാം എന്ന സ്ഥിതിയാണുള്ളത്. ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിക്ക് നീതികിട്ടിയില്ല. പ്രതി സി പി എമ്മുകാരനായതിനാല്‍ പൊലീസും പ്രോസിക്യൂഷനും കണ്ണടക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.
ഇപ്പോള്‍ ഇതാ ഇരയുടെ അച്ഛനെ പട്ടാപകല്‍ കുത്തിക്കൊല്ലാൻ പ്രതിയുടെ ബന്ധുക്കള്‍ ശ്രമിച്ചിരിക്കുന്നു. കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഇരയെ പിന്നെയും പിന്നെയും വേട്ടയാടുന്ന നരകതുല്ല്യമായ സ്ഥലമായി നമ്മുടെ സംസ്ഥാനം മാറിക്കഴിഞ്ഞുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരെ തെരുവില്‍ ആക്രമണം അഴിച്ചുവിടാനാണ് സി പി എം നീക്കം. അതുകൊണ്ടാണ് തിരുവനന്തപുരത്ത് എസ് എഫ് ഐക്കാര്‍ ഗവര്‍ണറെ തടയാൻ ശ്രമിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ എം എം മണി നടത്തിയ അസഭ്യം സി പി എമ്മിന്റെ സംസ്കാരമാണ് വിളിച്ചോതുന്നത്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടേയും അറിവോടെയാണ് എം എം മണിയും എസ് എഫ് ഐയും അഴിഞ്ഞാടുന്നത്.
ഭരണത്തലവന് പോലും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയാത്ത നാടായി പിണറായി വിജയൻ കേരളത്തെ മാറ്റി. രാജ്ഭവൻ മാര്‍ച്ചും ഇടുക്കിയിലെ ഹര്‍ത്താലും രാജ്യത്തിന്റെ ഭരണഘടനയെ സംസ്ഥാന സര്‍ക്കാര്‍ തന്നെ ചോദ്യം ചെയ്യുന്നതിന്റെ നേര്‍ചിത്രങ്ങളാണ്. ജീവല്‍ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് സര്‍ക്കാര്‍ ക്രമസമാധാനനില തകര്‍ന്നുതെന്ന് വ്യക്തമാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വണ്ടിപ്പെരിയാര്‍ ടൗണില്‍ വെച്ചായിരുന്നു കേസില്‍ വെറുതെ വിട്ട പ്രതി അര്‍ജുന്റെ ബന്ധു പെണ്‍കുട്ടിയുടെ പിതാവിനെ കുത്തിയത്. പരിക്കേറ്റ പിതാവിനെ വണ്ടിപ്പെരിയാര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ പുറത്തും വയറിലും കുത്തേറ്റിട്ടുണ്ട്. ഇയാളുടെ കാലില്‍ വെട്ടേറ്റതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ മുത്തച്ഛനും മര്‍ദ്ദനമേറ്റു.
ഇന്നലെ രാവിലെ 11 മണിയോടെ വണ്ടിപ്പെരിയാര്‍ ടൗണില്‍ സത്രം ജംഗ്ഷനില്‍ വെച്ച് അര്‍ജുന്റെ ബന്ധുവായ പാല്‍രാജും കുട്ടിയുടെ പിതാവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് പിന്നീട് സംഘര്‍ഷത്തിലേക്കും കത്തിക്കുത്തിലേക്കുമെത്തിയത്. പ്രതി പാല്‍രാജിനെ വണ്ടിപ്പെരിയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.