തിരുവനന്തപുരം: ഇ ബസ് വിവാദത്തിനിടെ ബസുകളുടെ വരവ് ചെലവിനെ കുറിച്ചുള്ള റിപ്പോർട്ട് കെഎസ്‌ആർടിസി ഇന്ന് ഗതാഗത മന്ത്രിക്ക് സമർപ്പിക്കും.
ഇ ബസില്‍ പൊള്ളുകയാണ് സർക്കാർ. നഷ്ടമായ ഇ ബസുകള്‍ ഇനി വാങ്ങില്ലെന്നാണ് കെ ബി ഗണേഷ് കുമാറിന്‍റെ പ്രഖ്യാപനം. കിഫ്ബി വഴിയും സ്മാർട്ട് സിറ്റി പദ്ധതി വഴിയും പുതുതായി 45 വാങ്ങാനുള്ള തീരുമാനവും മരവിപ്പിച്ച നിലയിലാണ്. കെഎസ്‌ആർടിസിയുട വാർഷിക റിപ്പോർട്ടില്‍ തലസ്ഥാനത്ത് ഓടുന്ന ഇ ബസുകള്‍ ലാഭത്തിലാണ്. അത് പക്ഷേ ഓപ്പറേറ്റിംഗ് കണക്ക് അനുസരിച്ചുള്ള റിപ്പോർട്ടാണ്. ഓരോ ബസിന്‍റെയും റൂട്ട് അനുസരിച്ച് പ്രത്യേകം പ്രത്യേകം റിപ്പോർട്ടാണ് മന്ത്രി ആവശ്യപ്പെട്ടത്.
സിഎംഡി വിദേശത്തായതിനാല്‍ കെഎസ്‌ആർടിസി ജോയിന്‍റ് എംഡിയായിരിക്കും റിപ്പോർട്ട് കൈമാറുക. റിപ്പോർട്ടിന്മേല്‍ മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും. ലാഭമായാലും നഷ്ടമായാലും ഇ ബസില്‍ നിന്ന് സർക്കാരിന് എളുപ്പം പിന്നോട്ട് പോകാനാകില്ല. ഇ ബസ് എല്‍ഡിഎഫ് നയത്തിൻറെ ഭാഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയും ജനപ്രതിനിധികളും മന്ത്രിയുടെ നിലപാടിനെ തള്ളിക്കഴിഞ്ഞു.
ഇ ബസ് നിലനിർത്തി പത്ത് രൂപ നിരക്ക് കൂട്ടണമെന്ന ആവശ്യവും പരിഗണനയിലുണ്ട്. നിലവില്‍ പത്ത് രൂപക്ക് ഒരു റൂട്ടില്‍ 15 കിലോമീറ്റർ വരെ സഞ്ചരിക്കാം. മിനിമം പത്താക്കി നിലനിർത്തി ഫെയർ സ്റ്റേജിന് ശേഷം നിരക്ക് കൂട്ടുക എന്നതാണ് ബദല്‍ നിർദ്ദേശം. കെഎസ്‌ആർടിസി റിപ്പോർട്ടിന്മേല്‍ മുഖ്യമന്ത്രിയുമായും ചർച്ച നടത്തിയാകും ഗതാഗതമന്ത്രി ഇ ബസില്‍ അന്തിമ തീരുമാനമെടുക്കുക.
ഇലക്‌ട്രിക് ബസിന്‍റെ ഡിസംബർ മാസം വരെയുള്ള സർവീസുകളുടെ എണ്ണവും അതിലൂടെ ഉണ്ടായിട്ടുള്ള ലാഭവും പൂർണമായും വ്യക്തമാക്കുന്നതാണ് കെ എസ് ആര്‍ ടി സിയുടെ വാർഷിക റിപ്പോർട്ട്. ഏപ്രില്‍ മാസത്തില്‍ തലസ്ഥാനത്തെ നിരത്തിലെത്തിയ ഇലക്‌ട്രിക് ബസുകള്‍ ഡിസംബർ മാസം വരെ 288. 91 ലക്ഷം രൂപ ലാഭമൂണ്ടാക്കിയെന്നാണ് കെ എസ് ആര്‍ ടി സിയുടെ കണക്ക്. ഏപ്രില്‍ മുതല്‍ ഡിസംബർ വരെ ഇലക്‌ട്രിക് ബസുകള്‍ 18901 സര്‍വീസ് തലസ്ഥാന നഗരത്തിലാകെ നടത്തിയത്.,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.