തിരുവനന്തപുരം: കൊച്ചിയിലെ കരിമണല്‍ കമ്പിനി സിആര്‍എംഎല്ലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് എന്ന സ്ഥാപനം മാസപ്പടി വാങ്ങിയ കേസില്‍ കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.
കര്‍ണാടക ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കമ്പിനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍.ഒ.സിയായ എ. ഗോകുല്‍നാഥ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. നാല് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
അതേസമയം, സ്വകാര്യ കരിമണല്‍ കമ്പിനിക്ക് കോടികളുടെ ലാഭം ഉണ്ടാക്കാനായി പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി ക്രമക്കേട് നടത്തിയെന്ന വിവരം പുറത്തുവന്നതോടെ വ്യവസായ മന്ത്രി പി. രാജീവും അന്വേഷണക്കുരുക്കിലായി.
മുഖ്യമന്ത്രിയുടെ മകള്‍ വാങ്ങിയ പണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടൻ നേരത്തെ വിജിലൻസിന് നല്‍കിയ പരാതിയില്‍, തെളിവില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ സംസ്ഥാന അന്വേഷണ ഏജൻസിക്കും കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണം തിരിച്ചടിയായി.
ഇതിനിടെ, സ്വര്‍ണ കള്ളക്കടത്ത് നടന്നത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണെന്ന് അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമായി പ്രഖ്യാപിച്ചിട്ടും അതിൻമേല്‍ ഒരന്വേഷണവും നടത്താത്ത കേന്ദ്ര സര്‍ക്കാരും പിണറായി വിജയനും തമ്മിലുള്ള അന്തര്‍ധാരയില്‍ ഈ അന്വേഷണവും അഡ്ജസ്റ്റ്മെന്റായി മാറുമെന്ന ആരോപണമുയര്‍ത്തി പ്രതിപക്ഷം രംഗത്തുവന്നു.
മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക പരാതികളില്‍ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് ഉത്തരവ്.
സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പിനിയില്‍നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ക്ക് മൂന്നു വര്‍ഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനു പിന്നാലെയാണ് അന്വേഷണം. വീണയുടെ കമ്പിനി നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയെന്നാണ് ഉത്തരവില്‍ പറയുന്നത്. സിഎംആര്‍എല്‍, കെഎസ്‌ഐഡിസി എന്നീ സ്ഥാപനങ്ങളുടെയും മുഴുവൻ ഇടപാടുകളും വിശദമായി അന്വേഷിക്കും.
രജിസ്ട്രാര്‍ ഓഫ് കമ്പിനീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വീണ വിജയന്‍റെ കമ്പിനി നിരവധി നിയമലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു. ഇത് വ്യകതമായതോടെയാണ് കേന്ദ്ര ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം ആരോപണങ്ങള്‍ക്ക് അവ്യക്തമായ മറുപടി നല്‍കി സിഎംആര്‍എല്ലും, മറുപടി പോലും നല്‍കാന്‍ തയ്യാറാകാതെ കെഎസ്‌ഐഡിസിയും ഒഴിഞ്ഞുമാറുകയായിരുന്നു.
വീണാ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷ്യൻസും കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പിനിയില്‍ നിന്ന് അനധികൃതമായി പണം സ്വീകരിച്ചെന്നായിരുന്നു
ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്‍റെ കണ്ടെത്തല്‍. കണ്‍സല്‍ട്ടൻസി, ഐടി, സേവനങ്ങള്‍ നല്‍കുന്നതിനായി സിഎംആര്‍എലുമായി എക്സാലോജിക്ക് കരാറുണ്ടാക്കിയിരുന്നു. ഈ കരാര്‍ പ്രകാരമുള്ള സേവനങ്ങളൊന്നും നല്‍കാതെ തന്നെ മാസം തോറും സിഎംആര്‍എല്ലില്‍ നിന്ന് വീണയും എക്സാലോജിക്കും പണം കൈപറ്റിയെന്ന് കണ്ടെത്തിയത്.
2016-ല്‍ ഐടി, മാര്‍ക്കറ്റിങ് കണ്‍സല്‍റ്റൻസി സേവനങ്ങള്‍ക്കായും, 2017-ല്‍ സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ക്കായും രണ്ട് കരാറുകളാണ് ഇരുകമ്പിനികളും തമ്മിലുള്ളത്. ഇതനുസരിച്ച് വീണയ്ക്ക് പ്രതിമാസം അഞ്ചു ലക്ഷം രൂപയും എക്സാലോജിക്കിന് പ്രതിമാസം മൂന്നു ലക്ഷവുമാണ് സിഎംആര്‍എല്‍ നല്‍കേണ്ടിയിരുന്നത്.
ഇത്തരത്തില്‍ 2017 മുതല്‍ 2020 വരെയുള്ള കാലയളവിലായി ആകെ 1.72 കോടി രൂപ സിഎംആര്‍എല്‍ കൈമാറിയിട്ടുണ്ട്. വീണയ്ക്ക് 55 ലക്ഷവും, എക്സാലോജിക്കിന് ഒരു കോടി 17 ലക്ഷവുമാണ് ലഭിച്ചത്. എന്നാല്‍ നല്‍കിയ സേവനത്തിനാണ് തുക കൈപ്പറ്റിയതെന്നായിരുന്നു മുഖ്യമന്ത്രിയും സിപിഎമ്മും വാദിച്ചത്.
എക്സാലോജിക്കും സിഎംആര്‍എല്ലുമായുള്ള ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രജിസ്ട്രാര്‍ ഓഫ് കമ്പിനീസിന് പരാതി ലഭിച്ചിരുന്നു. കമ്പിനീസ് ആക്‌ട് 2013 ലെ 210.1.സി സെക്ഷൻ പ്രകാരമാണ് അന്വേഷണം നടത്തുന്നത്.
മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ പേരില്‍ എക്സാലോജിക്കിന് സിഎംആര്‍എല്‍ 1.72 കോടി രൂപ അനധികൃതമായി നല്‍കിയെന്ന് നേരത്തെ ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. ചെയ്യാത്ത സേവനത്തിനാണ് എക്സാലോജിക്ക് ഈ പണം കൈപ്പറ്റിയതെന്നായിരുന്നു കണ്ടെത്തല്‍.
എന്നാല്‍, നല്‍കിയ സേവനത്തിനാണ് തുക കൈപ്പറ്റിയതെന്നായിരുന്നു മുഖ്യമന്ത്രിയും സിപിഎമ്മും വാദിച്ചത്. ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തലിന് പിന്നാലെയാണ് കോര്‍പ്പറേറ്റ് അഫേയഴ്സ് മന്ത്രാലയത്തിന്റെ നേരിട്ടുള്ള അന്വേഷണം.
ഈ അന്വേഷത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍, സിരീസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം ഏറ്റെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.