തിരുവനന്തപുരം: ഹോസ്റ്റലുകളില്‍ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
പരിശോധനകളില്‍ 76 സ്ക്വാഡുകള്‍ പ്രവര്‍ത്തിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച നാല് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചു. ഡിസംബര്‍, ജനുവരി മാസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായി ആകെ 1597 പരിശോധനകളാണ് നടത്തിയത്. വീഴ്ചകള്‍ കണ്ടെത്തിയ ആകെ 11 സ്ഥാപനങ്ങളിലെ കാന്റീനുകളുടേയും മെസുകളുടേയും പ്രവര്‍ത്തനങ്ങളാണ് നിര്‍ത്തിവയ്പ്പിച്ചത്.
ഹോസ്റ്റലുകളിലെ ഭക്ഷണത്തെപ്പറ്റിയുള്ള പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. ഹോസ്റ്റലുകളില്‍ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി തുടര്‍ന്നും കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ സ്കൂള്‍, കോളജ്, വിവിധ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാന്റീന്, ഹോസ്റ്റല്‍, മെസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കൃത്യമായ ലൈസന്‍സ്/ രെജിസ്ട്രേഷന് ഇല്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തിയ 159 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫികേഷന്‍ നോടീസ് നല്കി. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 75 സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കുന്നതിനായി കോംപൗന്‍ഡിംഗ് നോടീസും ഏഴ് സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്മെന്റ് നോടീസും നല്കി.
പരിശോധനകള്‍ക്ക് ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂടി കമീഷണര്‍മാരായ എസ് അജി, ജി രഘുനാഥ കുറുപ്പ്, കെ വി പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.