തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് പിണറായി വിജയൻ സ്ഥാപിച്ചിരിക്കുന്നത് ഡമ്മിയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ എംവി ഗോവിന്ദൻ നടത്തിയ പ്രസ്താവനകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ജാമ്യം കിട്ടാൻ രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചുവെന്നായിരുന്നു എംവി ഗോവിന്ദൻ്റെ പരാമര്‍ശം. ഇതിനെതിരെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.ശരീരത്തിന്റെ ഇടതുഭാഗത്ത് ബലക്കുറവുണ്ടെന്നാണ് രാഹുലിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നു പോലും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അസുഖത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാനല്ല ശ്രമിച്ചത്.
ക്രൂരമായ വിഡ്ഢിത്തം സിപിഎം സെക്രട്ടറി വിളമ്പുമ്പോള്‍ അതിനെ തുറന്നുകാട്ടുക മാത്രമാണ് ചെയ്യുന്നതെന്നും ഷാഫി പറന്മില് പറഞ്ഞു. ന്യൂറോ പ്രശ്നം ഉള്ള രോഗിയുടെ ബ്ലഡ് പ്രെഷര്‍ മാത്രമാണ് നോക്കിയത്. ആശുപത്രിയില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നതായി സംശയിക്കുന്നുവെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ അടൂരിലെ വീട്ടിലെത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അപ്രതീക്ഷിതവും നാടകീയവുമായിരുന്നു പൊലീസിന്റെ നടപടികള്‍.
പ്രതിപക്ഷ സമരങ്ങളോടും നേതാക്കളോടും പിന്തുടരുന്ന പതിവ് രീതിയില്‍ നിന്ന് മാറി അതിരാവിലെ പൊലീസ് സംഘം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ അടൂരിലെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ് ചെയ്തത്.
പ്രാദേശിക പ്രവര്‍ത്തകര്‍ പൊലീസിനെ ചെറുക്കാൻ ശ്രമിച്ചുവെങ്കിലും തടസങ്ങള്‍ മാറ്റി അതിവേഗം പൊലീസ് തലസ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും രാഹുലിനെ വിലക്കി.
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. നവകേരള സദസ്സിനെതിരായ സമരങ്ങളെ പൊലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേര്‍ന്ന് അടിച്ചൊതുക്കുന്നതില്‍ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടന്നത്.
ഡിസംബര്‍ 20 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. എംഎല്‍എമാരായ ഷാഫി പറമ്പിലിലും എം വിൻസന്റും രണ്ടും മൂന്നും പ്രതികളുമാണ്. ഇതിനിടെയാണ് നാലാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെതിരായ പൊലീസ് നടപടി. അനുമതിയില്ലാത്ത സമരം, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വ്വഹണത്തില്‍ തടസം വരുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.
ഇത്രനാള്‍ തിരുവനന്തപുരത്തും കൊല്ലത്തും എല്ലാം കണ്മുന്നില് ഉണ്ടായിരുന്നിട്ടും നടപടി എടുക്കാതിരുന്ന പൊലീസ് പുലര്‍ച്ചെ വീട് കയറിയത് എന്തിനെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ചോദ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.