തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോടു കാണിക്കുന്ന അനീതിക്കെതിരെ ജനുവരി 20ന് നടക്കുന്ന മനുഷ്യച്ചങ്ങലയില്‍ എഴുത്തുകാരും, കലാകാരന്മാരും, സാംസ്കാരികപ്രവര്‍ത്തകരും പങ്കാളികളാകണമെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.'
കേരളത്തിന്റെ പുരോഗതിയെയും, മാനവികതയെയും തകര്‍ക്കാനുള്ള സംഘപരിവാര്‍ ഗൂഡാലോചനയിലാണ് ബി.ജെ.പി.സര്‍ക്കാര്‍ ഏര്‍പ്പെട്ടിട്ടുള്ളത്. മതനിരപേക്ഷത കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന കേരളം ഹിന്ദു മതരാഷ്ട്രവാദ രാഷ്ട്രീയത്തിന് ഇവിടേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. അതിൻ്റെ പ്രതികാരമാണ് സംസ്ഥാനത്തെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിൻ്റെ ശ്രമം.കേന്ദ്രസര്‍ക്കാരിൻ്റെ നികുതി / നികുതിയേതര വരുമാനത്തിലെ വലിയ പങ്കു നല്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ന്യായമായ വിഹിതം ഇവിടേക്ക് തിരിച്ചു ലഭിക്കുന്നില്ല. റോഡ്, റെയില്‍വേ തുടങ്ങി എല്ലാ മേഖലകളിലും കേരളം കടുത്ത അവഗണന അനുഭവിക്കുന്നു. ചരിത്രത്തിലെ വാഗണ്‍ ട്രാജഡിയെ ഓര്‍മ്മിപ്പിക്കുന്ന വിധമാണ് മലയാളികള്‍ തീവണ്ടിയാത്ര ചെയ്യുന്നത്.
മറ്റൊരു റെയില്‍ മാര്‍ഗ്ഗത്തിനു (കെ.റെയില്‍) വേണ്ടിയുള്ള സംസ്ഥാനത്തിൻ്റെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്നു. ഭീമമായതുകയാണ് ദേശീയ പാത നിര്‍മ്മാണത്തിന് വേണ്ടി സംസ്ഥാനത്തിന് ചെലവഴിക്കേണ്ടി വന്നത്. അതു കൂടാതെ ഗവര്‍ണ്ണറെ ഉപയോഗിച്ച് നിയമസഭ പാസ്സാക്കുന്ന നിയമനിര്‍മ്മാണങ്ങളെ നിരന്തരം തടസ്സപ്പെടുത്തുന്നു.
“ഇനിയും നമ്മള് സഹിക്കണോ?” എന്നാണ് യുവാക്കള്‍ ചോദിക്കുന്നത്. അവരുടെ ഭാവിജീവിതമാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ വിരോധം വെച്ച് ദുരിതമയമാക്കുന്നത്. അവരുടെ പ്രക്ഷോഭത്തില്‍ പങ്കുചേരാൻ എല്ലാ കേരളീയര്‍ക്കും ഉത്തരവാദിത്വമുണ്ട്.
കേരളം എന്നത് ഒരു സംസ്ഥാനത്തിൻ്റെ പേരു മാത്രമല്ല. ഒരു ബദല്‍ ജനാധിപത്യ സംസ്കാരമാണ്. കീഴടങ്ങാനാവാത്ത ഇച്ഛാശക്തിയുടെ കരുത്താണത്. ഇന്ത്യക്കും ലോകത്തിനു തന്നെയും മാതൃകയായ നിരവധി പരിവര്‍ത്തനങ്ങളുടേയും പരിഷ്ക്കാരങ്ങളുടേയും മണ്ണ്. കേരളത്തിൻ്റെ ആത്മഗൗരവം ശക്തമായി തന്നെ നമ്മള് പ്രകടിപ്പിക്കണം.
കേരളത്തിന്റെ നന്മ നിറഞ്ഞ ഭാവിക്കുവേണ്ടിയുള്ള മുന്നേറ്റമായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല മാറും. സകല മനുഷ്യസ്നേഹികളും ചങ്ങലയില്‍ കൈകോര്‍ക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.